സാമൂഹ്യ വിരുദ്ധരെ 'രാജ്യസ്നേഹികളെന്നാണോ' അബ്ദുറഹിമാന് വിളിക്കേണ്ടത്?; 'അച്ചനെ' തുറുങ്കിലടക്കണമെന്ന് കെടി ജലീല്‍
''വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ അച്ചാരം വാങ്ങിയവരുടെ തനിനിറം ആരും കാണാതെ പോകരുത്.''
29 Nov 2022 10:26 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനര്‍ തിയോഡോഷ്യസ് ഡിക്രൂസിനെതിരെ കെടി ജലീല്‍. 35 പോലീസുകാരെ അക്രമിച്ച് പരുക്കേല്‍പ്പിച്ച സാമൂഹ്യ വിരുദ്ധരെ രാജ്യസ്നേഹികളെന്നാണോ മന്ത്രി വിളിക്കേണ്ടതെന്ന് ജലീല്‍ ചോദിച്ചു. പരാമര്‍ശം തികഞ്ഞ ധിക്കാരമാണെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു. പൊലീസ് സ്റ്റേഷന് കത്തിക്കാന്‍ ആഹ്വാനം ചെയ്ത അച്ചനെ എത്രയും വേഗം തുറുങ്കിലടക്കണമെന്നും കെടി ജലീല്‍ ആവശ്യപ്പെട്ടു.
മന്ത്രി സംസാരിച്ചത് നാടിന് വേണ്ടിയാണ്. വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ അച്ചാരം വാങ്ങിയവരുടെ തനിനിറം ആരും കാണാതെ പോകരുത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍ ഫിഷറീസ് മന്ത്രി ബാബുവിന്റെയും സാന്നിധ്യത്തില്‍ ഒപ്പിട്ട കരാര്‍ നടപ്പിലാക്കുക മാത്രമാണ് മന്ത്രി അബ്ദുറഹ്മാന് ചെയ്യുന്നതെന്നും ജലീല്‍ പറഞ്ഞു. ദേശീയപാതയും ഗെയില്‍ പദ്ധതിയും യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിഴിഞ്ഞം തുറമുഖവും വൈകാതെ നാടിന് സമര്‍പ്പിക്കുമെന്ന് ജലീല്‍ വ്യക്തമാക്കി.
കെടി ജലീല്‍ പറഞ്ഞത്: വിഴിഞ്ഞം പോലീസ് സ്റ്റേഷന് അടിച്ചു തകര്‍ക്കുകയും 35 പോലീസുകാരെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്ത സാമൂഹ്യ വിരുദ്ധരെ 'രാജ്യസ്നേഹികളെന്നാണോ' മന്ത്രി അബ്ദുറഹിമാന് വിളിക്കേണ്ടത്? പോലീസ് സ്റ്റേഷന് കത്തിക്കാന്‍ ആഹ്വാനം ചെയ്ത 'അച്ഛനെ' എത്രയും വേഗം തുറുങ്കിലടക്കണം. മന്ത്രി റഹ്മാനെതിരായ വിഴിഞ്ഞം സമരസമിതി നേതാവായ 'ഫാദറി'ന്റെ പ്രതികരണം തികഞ്ഞ ധിക്കാരമാണ്.
ഫിഷറീസ് മന്ത്രി സംസാരിച്ചത് നാടിനു വേണ്ടിയാണ്. വികസന പദ്ധതികള്‍ അട്ടിമറിക്കാന്‍ അച്ചാരം വാങ്ങിയവരുടെ 'തനിനിറം' ആരും കാണാതെ പോകരുത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും മുന്‍ ഫിഷറീസ് മന്ത്രി ബാബുവിന്റെയും സാന്നിദ്ധ്യത്തില്‍ ഒപ്പിട്ട കരാര്‍ നടപ്പിലാക്കുക മാത്രമാണ് മന്ത്രി അബ്ദുറഹിമാന് ചെയ്യുന്നത്.
വിഴിഞ്ഞം തുറമുഖം യു.ഡി.എഫ് നടപ്പിലാക്കുമ്പോള്‍ അത് 'മഹത്തര'വും, എല്‍.ഡി.എഫ് പ്രാവര്‍ത്തികമാക്കുമ്പോള്‍ 'വങ്കത്തര'വുമാകുന്നത് എങ്ങിനെയെന്ന് മനസ്സിലാകുന്നില്ല. അണിഞ്ഞ വസ്ത്രത്തിന്റെ നിറത്തോടെങ്കിലും നീതി പുലര്‍ത്താന്‍ വിഴിഞ്ഞം കലാപ 'നേതാക്കള്‍' തയ്യാറാവണം. പുരോഹിതന്മാര് രാഷ്ട്രീയ ചട്ടുകങ്ങളാകുന്നത് അംഗീകരിക്കാനാവില്ല. വലതുപക്ഷ മാധ്യമങ്ങളുടെ 'തിരുനോട്ട'മുണ്ടെന്ന് കരുതി സര്‍ക്കാരിനെ മൂക്കില്‍ വലിക്കാമെന്ന വിചാരമൊന്നും ആര്‍ക്കും വേണ്ട.
നേഷണല്‍ ഹൈവേയും ഗെയ്ല് വാതക പൈപ്പ് ലൈനും ഇടമണ്‍കൊച്ചി പവര്‍ ഹൈവേയും യാഥാര്‍ത്ഥ്യമാക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ടെങ്കില്‍ വിഴിഞ്ഞം തുറമുഖവും വൈകാതെ അര്‍ത്ഥപൂര്‍ണ്ണമാക്കി നാടിന് സമര്‍പ്പിക്കും.