Top

'ഈ വിഴുപ്പു ഭാണ്ഡം ഇനിയും എന്തിനു ചുമക്കണം'; അഭയ കേസിലെ സിറിയക് ജോസഫിന്റെ ഇടപെടൽ ചൂണ്ടി കെടി ജലീൽ

നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക.

21 Feb 2022 3:36 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഈ വിഴുപ്പു ഭാണ്ഡം ഇനിയും എന്തിനു ചുമക്കണം; അഭയ കേസിലെ സിറിയക് ജോസഫിന്റെ ഇടപെടൽ ചൂണ്ടി കെടി ജലീൽ
X

മലപ്പുറം: ലോകായുക്ത തലവൻ സിറിയക് ജോസഫിന് വീണ്ടും കടന്നാക്രമിച്ച് മുൻ മന്ത്രി കെ.ടി ജലീൽ. നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കണമെന്നും കെടി ജലീൽ പറഞ്ഞു. അഭയ കേസിൽ സിറിയക് ജോസഫ് പ്രതിയെ സഹായിച്ചുവെന്ന ജോമോൻ പുത്തൻപുരക്കലിൻ്റെ ആത്മകഥയിലെ ആരോപണങ്ങളെ ഉദ്ധരിച്ചാണ് ജലീലിന്റെ ചോദ്യം.

കെടി ജലീലിന്റെ കുറിപ്പിന്റെ പൂർണരൂപം

ഈ വിഴുപ്പു ഭാണ്ഡം ഇനിയും എന്തിനു ചുമക്കണം?

സുപ്രീം കോടതി റിട്ടയേഡ് ജഡ്ജിയും ഇപ്പോഴത്തെ ലോകായുക്തയുമായ ജസ്റ്റിസ് സിറിയക് ജോസഫ് കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരിക്കെ അഭയ കേസിലെ പ്രതികളുടെ നാർകോ അനാലിസിസ് ടെസ്റ്റ് നടത്തിയതിൻ്റെ വീഡിയോ ബാഗ്ലൂരിലെ ഫോറൻസിക് ലാബിലെ അഡീഷണൽ ഡയറക്ടർ ഡോ: മാലിനിയുടെ മുറിയിൽ വെച്ച് 2008 മെയ് 24 ന് കണ്ടതിൻ്റെ തെളിവുകൾ പുറത്തു വന്നു. പ്രസ്തുത വീഡിയോ ഡോ: മാലിനി അഭയ കേസ് അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി നന്ദകുമാർ നായർക്ക് കൈമാറിയിട്ടുണ്ട്. ഇത് സിബിഐയുടെ പക്കലും കോടതിയിലുമുണ്ട്.

മാത്രമല്ല അഭയാ കേസിലെ കുറ്റപത്രത്തിലെ തൊണ്ണൂറ്റി ഒന്നാം സാക്ഷിയായ ഡോ: എസ് മാലിനി ഈ വിവരം 2009 ഫെബ്രുവരി 6 ന് സിബിഐ ക്ക് മൊഴിയും നൽകിയിട്ടുണ്ട്. അഭയാ കേസിലെ പ്രതികളെ സിബിഐ അറസ്റ്റു ചെയ്തതിൻ്റെ 6 മാസം മുമ്പാണ് നാർകോ പരിശോധന നടത്തിയതിൻ്റെ വീഡിയോ കാണാൻ സിറിയക് ജോസഫ് ബാഗ്ലൂരിലെ ലാബിൽ എത്തിയത്.

ജസ്റ്റിസ് സിറിയക് ജോസഫ് അഭയാ കേസിലെ ഒന്നാം പ്രതി ഫാദർ തോമസ് കോട്ടൂരിൻ്റെ അടുത്ത ബന്ധുവാണ്. ജസ്റ്റിസ് സിറിയകിൻ്റെ ഭാര്യയുടെ അനുജത്തിയെയാണ് കോട്ടുരിൻ്റെ സ്വന്തം അനുജൻ വിവാഹം കഴിച്ചിരിക്കുന്നത്.

1992 മാർച്ച് 27 ന് അഭയ എന്ന പാവം കന്യാസ്ത്രീ കൊല്ലപ്പെടുന്ന സമയത്ത് കേരള ഹൈക്കോടതിയിൽ യുഡിഎഫ് സർക്കാർ നിയമിച്ച ഒന്നാം അഡീഷണൽ അഡ്വക്കേറ്റ് ജനറലായിരുന്നു സിറിയക് ജോസഫ് (നിയമന ഉത്തരവിൻ്റെ കോപ്പിയാണ് ഇമേജായി കൊടുത്തിരിക്കുന്നത്).

അന്നത്തെ കോട്ടയം ക്രൈംബ്രാഞ്ച് എസ്പി കെ.ടി മൈക്കിൾ, ഇൻക്വസ്റ്റ് റിപ്പോർട്ട് തയ്യാറാക്കിയ കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ അഡീഷണൽ എസ്ഐ വി.വി അഗസ്റ്റിൻ എന്നിവരെക്കൊണ്ട് തെളിവ് നശിപ്പിച്ച് അഭയയുടെ മരണം ആത്മഹത്യയാക്കി കേസ് അട്ടിമറിക്കാൻ ജസ്റ്റിസ് സിറിയക് ജോസഫിൻ്റെ സമ്മർദ്ദം തുടക്കം മുതൽ ഒടുക്കം വരെ ഉണ്ടായിരുന്നുവെന്ന ഗുരുതരമായ ആക്ഷേപങ്ങൾ പ്രതികളെ കോടതി ശിക്ഷിച്ചതിന് ശേഷം ഒന്നിനു പിറകെ ഒന്നായി പുറത്തു വന്നുകൊണ്ടിരിക്കുകയാണ്.

(അവലംബം: ജോമോൻ പുത്തൻപുരക്കലിൻ്റെ ആത്മ കഥ)

തൻ്റെ അടുത്ത ബന്ധുവായ കൊലക്കേസ് പ്രതിയെ ന്യായാധിപൻ എന്ന അധികാരം ദുരുപയോഗം ചെയ്ത് രക്ഷിക്കാൻ ശ്രമിച്ച ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും സുപ്രീം കോടതി ചീഫ് ജസ്റ്റിസിനും കേന്ദ്ര നിയമ മന്ത്രിക്കും ജോമോൻ പുത്തൻപുരക്കൽ പരാതി നൽകി. നീതിയേയും സത്യത്തേയും ഇത്ര നഗ്നമായി മാനഭംഗപ്പെടുത്തിയ ഒരാൾ താനിരിക്കുന്ന സ്ഥാനത്ത് തുടരണോ എന്ന് സ്വന്തം മനസ്സാക്ഷിയോട് ചോദിക്കുക.

STORY HIGHLIGHTS: KT Jaleel against Cyriac Joseph

Next Story