മെട്രോ സ്റ്റേഷനുകളിലേക്ക് 15 മിനിട്ട് ഇടവിട്ട് സര്വ്വീസ്; കെഎസ്ആർടിസി ഫീഡർ സർവ്വീസിന് തുടക്കമിട്ടു
രാവിലെ 6.30 മുതൽ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്.
26 Jan 2023 1:59 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾക്ക് പുറമേ ഇനി കെഎസ്ആർടിസി മെട്രോ ഫീഡർ സർവ്വീസ്. പ്രധാന സ്ഥലങ്ങളിൽ നിന്ന് മെട്രോ സ്റ്റേഷനുകളിലേക്കുളള യാത്ര എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കെഎസ്ആർടിസി മെട്രോ ഫീഡർ സർവ്വീസിന് തുടക്കമിട്ടത്. മഹാരാജാസ് മെട്രോ സ്റ്റേഷൻ, എംജി മെട്രോ സ്റ്റേഷൻ, ടാൺ ഹാൾ സ്റ്റേഷൻ, കലൂർ മെട്രോ സ്റ്റേഷൻ എന്നിവിടങ്ങളിലേക്കാണ് ഫീഡർ ബസ് സൗകര്യം ലഭിക്കുക.
മേനക, ഹൈക്കോർട്ട്, നേവൽ ബേസ്, ഷിപ്പ് യാർഡ്, ബോട്ട് ജെട്ടി, കലൂർ എന്നീ പ്രധാന സ്ഥലങ്ങളിലേക്കാണ് സർവ്വീസ്. രാവിലെ 6.30 മുതൽ വൈകിട്ട് 7 മണിവരെ 15 മിനിറ്റ് ഇടവിട്ടാണ് തോപ്പുംപടി ഭാഗത്തേക്കും ബാനർജി റോഡ് ഭാഗത്തേക്കും സർവ്വീസ് നിശ്ചയിച്ചിരിക്കുന്നത്.
നിലവിൽ കൊച്ചി മെട്രോയുടെ ആറ് എസി ഫീഡർ ബസ്സുകളാണ് മെട്രോ സ്റ്റേഷനുകളിൽ സർവ്വീസ് നടത്തുന്നത്. അര മണിക്കൂർ ഇടവിട്ട് ആലുവ സ്റ്റേഷനിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും തിരിച്ചും കെഎംആർഎൽ ഫീഡർ ബസ് സർവ്വീസുകൾ നടത്തുന്നുണ്ട്. പറവൂരിൽ നിന്ന് ഇടപ്പള്ളി മെട്രോ സ്റ്റേഷൻ വഴിയും, പെരുമ്പാവൂരിൽ നിന്ന് ആലുവ സ്റ്റേഷൻ വഴിയും അങ്കമാലിയിൽ നിന്ന് ആലുവ മെട്രോ സ്റ്റേഷൻ വഴിയും ഇൻഫോപാർക്കിലേക്ക് ഫീഡർ ബസ് സൗകര്യമുണ്ട്.
STORY HIGHLIGHTS: ksrtc starts feeder bus in kochi