കെഎസ്ആർടിസി ശമ്പള വിതരണം; തൊഴിലാളി സംഘടനകളുമായി നടത്താനിരുന്ന മന്ത്രിതല ചർച്ച മാറ്റി
18 March 2023 7:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി പരിഹരിക്കുന്നതിന് തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ശനിയാഴ്ച നടത്താനിരുന്ന ചർച്ച തിങ്കളാഴ്ചത്തേക്ക് മാറ്റി. ശമ്പളം ഘട്ടം ഘട്ടമായി വിതരണം ചെയ്യുവാനുളള തീരുമാനത്തെ തൊഴിലാളി സംഘടനകൾ എതിർക്കുന്ന പശ്ചാത്തലത്തിലാണ് അംഗീകൃത ട്രേഡ് യൂനിയനുകളെ മന്ത്രി ചർച്ചക്ക് വിളിച്ചത്. കഴിഞ്ഞയാഴ്ച ചർച്ച നടന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
ശമ്പളവിതരണം ഗഡുക്കളായി നൽകുന്നത് തുടരാനാണ് തീരുമാനമെങ്കിൽ സമരം ശക്തമാക്കാനും പണിമുടക്കാനുമാണ് പ്രതിപക്ഷ തൊഴിലാളി സംഘടനകളുടെ തീരുമാനം. ഘട്ടം ഘട്ടമായി ശമ്പളം വിതരണം ചെയ്യുന്നതിനെതിരെ പ്രതിഷേധിക്കാൻ ടിഡിഎഫും ബിഎംഎസും പൊതുസമരമുന്നണി പരിഗണിക്കുന്നുണ്ട്.
തൊഴിലാളി യൂണിയനുകളുടെ എതിർപ്പ് മറികടന്ന് കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി വിതരണം ചെയ്തിരുന്നു. ഫെബ്രുവരി മാസത്തിലെ പകുതി ശമ്പളമാണ് നൽകിയത്. സർക്കാർ സഹായമായി നൽകിയ 30 കോടിയിൽ നിന്നാണ് ശമ്പളം വിതരണം ചെയ്തത്.
എന്നാൽ ജീവനക്കാരുടെ ശമ്പളം എല്ലാ മാസവും അഞ്ചാം തീയതിക്ക് മുൻപ് നൽകണമെന്ന് ഹൈക്കോടതി അന്ത്യശാസനം നൽകിയിരുന്നു. മാസം തോറുമുള്ള കളക്ഷനിൽ നിന്ന് ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയില്ലെന്ന് ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ കെഎസ്ആർടിസി അറിയിക്കുകയും ചെയ്തിരുന്നു. ഒരു വർഷമായി സർക്കാർ നൽകുന്ന 50 കോടി രൂപയിൽ നിന്നാണ് ശമ്പളം നൽകുന്നത്. എല്ലാ മാസവും 12 മുതൽ 15 വരെ തീയതികൾക്കിടയിലാണ് ഈ തുക ലഭിക്കുന്നത്.
STORY HIGHLIGHTS: KSRTC Salary Disbursement issue ministerial discussion postponed
- TAGS:
- KSRTC
- Antony Raju
- Trade Unions