'25 കോടി ലോട്ടറി അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാമായിരുന്നു'; ഗതാഗതമന്ത്രി ആന്റണി രാജു
25 കോടിയുടെ ഓണം ബമ്പര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ആയിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം
16 July 2022 3:47 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: ഓണം ബമ്പര്‍ അടിച്ചിരുന്നെങ്കില്‍ കെഎസ്ആര്‍ടിസിയിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാമായിരുന്നുവെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. 25 കോടിയുടെ ഓണം ബമ്പര്‍ പുറത്തിറക്കുന്ന ചടങ്ങില്‍ ആയിരുന്നു ആന്റണി രാജുവിന്റെ പരാമര്‍ശം.
'ഇവിടെ സ്വാഗതം ആശംസിച്ചപ്പോള്‍ ഞങ്ങള്‍ക്കെല്ലാം ഒരു പുസ്തകം കൂടി തരികയുണ്ടായി. ഞാന്‍ മന്ത്രിയോട് പറഞ്ഞു, ഒരു ലോട്ടറി ടിക്കറ്റ് ആയിരുന്നെങ്കില്‍ എന്ന്. അപ്പോള്‍ മന്ത്രി പറഞ്ഞു എങ്ങാനും നിങ്ങള്‍ക്ക് അടിച്ചുപോയാല്‍ പിന്നെ നിങ്ങളെ കിട്ടൂലല്ലോ, അതുകൊണ്ടാണ് പുസ്തകം തന്നതെന്ന്. അത് കിട്ടിയിരുന്നെങ്കില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ശമ്പളമെങ്കിലും കൊടുക്കാമായിരുന്നു.' എന്നായിരുന്നു ആന്റണി രാജു ഹാസ്യരൂപേണ പറഞ്ഞത്.
വെള്ളിയാഴ്ച്ചയാണ് സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തത്. ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപയാണ് ബമ്പറിന്റെ പ്രത്യേകത. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകര്‍ഷണീയതയെന്നും ലോട്ടറി പ്രകാശനം നിര്‍വഹിച്ചു മന്ത്രി ബാലഗോപാല്‍ പറഞ്ഞു. 18-ാം തീയതി മുതല്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങും. സെപ്തംബര്‍ 18 നാണ് നറുക്കെടുപ്പ്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്കും നല്‍കും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.