Top

'പണം കെഎസ്ആര്‍ടിസി സ്വന്തം കണ്ടെത്തണം'; ഗതാഗത മന്ത്രിക്ക് ധനമന്ത്രിയുടെ പിന്തുണ; ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്ന് സിഐടിയു

23 April 2022 6:32 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പണം കെഎസ്ആര്‍ടിസി സ്വന്തം കണ്ടെത്തണം; ഗതാഗത മന്ത്രിക്ക് ധനമന്ത്രിയുടെ പിന്തുണ; ലാഭം നോക്കി പ്രവര്‍ത്തിക്കുന്ന സ്ഥാപനമല്ലെന്ന് സിഐടിയു
X

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ശമ്പളം ഉള്‍പ്പെടെ മുടങ്ങിയ കെഎസ്ആര്‍ടിയെ സംരക്ഷിക്കാന്‍ പരിധിയില്‍ അപ്പുറം ഇടപെടാന്‍ സര്‍ക്കാറിനാവില്ലെന്ന് സൂചന നല്‍കി മന്ത്രിമാര്‍. എല്ലാക്കാലവും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങള്‍ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നായിരുന്നു ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ പരാമര്‍ശം. ഇതിന് പിന്തുണ പ്രഖ്യാപിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാലും രംഗത്ത് എത്തി.

തൊഴിലാളി യൂണിയനുകളുമായി തലസ്ഥാനത്ത് നടത്തിയ ചര്‍ച്ചക്ക് തൊട്ടുമുമ്പായിരുന്നു ഗതാഗത മന്ത്രിയുടെ ആദ്യ പരാമര്‍ശം. ഇന്നും മന്ത്രി നിലപാട് ആവര്‍ത്തിച്ചു. ഇതിന് പിന്നാലെ വിഷയത്തില്‍ പ്രതികരിച്ച ധനമന്ത്രി വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണെന്ന് വ്യക്തമാക്കുകയായിരുന്നു. ടോള്‍ പ്ലാസയില്‍ പോലും കെഎസ്ആര്‍ടിസിക്ക് മുപ്പത് കോടി ബാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ശമ്പളം ഉള്‍പ്പെടെയുള്ള വിഷയത്തില്‍ യൂണിയനുകളും മാനേജുമെന്റുകളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകള്‍ക്ക് പുറമെ തിങ്കളാഴ്ച തുടര്‍ ചര്‍ച്ചയും നിശ്ചയിച്ചിരുന്നു. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയുണ്ടെങ്കിലും തൊഴിലാളി യൂണിയനുകളുമായുണ്ടാക്കിയ കരാറില്‍ പറഞ്ഞിരുന്ന തരത്തില്‍ എല്ലാ മാസവും അഞ്ചാം തീയ്യതിക്ക് മുമ്പ് ശമ്പളം ലഭിക്കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. ഈ സാഹചര്യം നിലനില്‍ക്കെയാണ് പുതിയ പ്രതികരണങ്ങള്‍.

സ്വന്തം നിലയില്‍ പണം കണ്ടെത്തണമെന്ന മന്ത്രിമാരുടെ നിലപാട് അംഗീകരിക്കാന്‍ ആവില്ലെന്നാണ് ഭരണ പക്ഷ തൊഴിലാളി സംഘടനയായ സിഐടിയു ഉള്‍പ്പെടെ നിലപാട് അറിയിച്ചു. കെഎസ്ആര്‍ടിസി സേവന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. മറ്റ് പൊതുമേഖല സ്ഥാപനം പോലെ ലാഭം നോക്കിയല്ല പ്രവര്‍ത്തിക്കുന്നത്. കഴിഞ്ഞ കാലങ്ങളിലായി നടത്തിപ്പ് ചെലവ് വര്‍ധിച്ചത് ഉള്‍പ്പെടെ പ്രതിസന്ധിയുടെ ആക്കം കൂട്ടിയിട്ടുണ്ട്. എന്നിരുന്നാലും ഇപ്പോഴത്തെ നിലപാടിനോട് സിഐടിയുവിന് യോജിക്കാനാവില്ല. സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു തീരുമാനം എടുക്കുമെന്ന് കരുതുന്നില്ല. സ്ഥാപനം മെച്ചപ്പെടണം എന്നാണ് സര്‍ക്കാറിന്റെ താല്‍പര്യം. അതിനപ്പുറത്തേക്ക് ഒരു ചര്‍ച്ച വേണ്ടതില്ല. അഞ്ചാം തീയതിക്ക് മുന്‍പ് ശമ്പളം നല്‍കണം എന്ന് തന്നെയാണ് സിഐടിയു ഉള്‍പ്പെടെയുള്ള തൊഴിലാളി സംഘടനയുടെ ആവശ്യം. കൂടുതല്‍ പണിയെടുത്ത് സമരം ചെയ്യുക എന്ന രീതി സ്വീകരിച്ചാല്‍ പോലും അതിന് വേണ്ട ഉപകരണങ്ങള്‍ കെഎസ്ആര്‍ടിസിയുടെ പക്കലില്ല എന്നും സിഐടിയു നേതാവ് വിനോദ് റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചു.

Content Highlight: KSRTC Finance Minister support for Transport Minister

Next Story