ടി സിദ്ദിഖ് അഭിമുഖം: 'കേരളത്തിന്റെ ചരിത്രത്തില്‍ ഇതുപോലെ കോണ്‍ഗ്രസ് മെഷിനറി ചലിച്ച തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല'
'മുരളിക്ക് മറുപടി കൊടുക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല'
20 May 2022 1:00 PM GMT
അരുണ്‍ മധുസൂദനന്

തൃക്കാക്കര തങ്ങളുടെ പൊന്നാപുരം കോട്ടയാണെന്ന ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസും യുഡിഎഫും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ആദ്യം തന്നെ വേഗത്തില്‍ പൂര്‍ണ്ണമാക്കി തെരഞ്ഞെടുപ്പ് പ്രചാരണത്തിലേക്ക് കടന്നത്. വിജയത്തില്‍ കുറഞ്ഞതൊന്നും മുന്നണി പ്രതീക്ഷിക്കുന്നില്ലെന്ന് മാത്രമല്ല, പി ടി തോമസ് ജയിച്ചതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ ഉമ തോമസിനെ ജയിപ്പിക്കാമെന്ന പ്രത്യാശയാണ് പ്രചാരണ രംഗത്തുള്ള നേതാക്കള്‍ പങ്കുവെക്കുന്നത്. മുന്നണികള്‍ പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക് കടന്ന സാഹചര്യത്തില്‍ റിപ്പോര്‍ട്ടര്‍ ലൈവുമായി സംസാരിക്കുകയാണ് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ്.
തൃക്കാക്കരയില്‍ വിജയപ്രതീക്ഷയിലാണോ യുഡിഎഫ്?
തൃക്കാക്കരയുടെ ഹൃദയം നേടാന്‍ എല്‍ഡിഎഫിന് സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ചതിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷത്തില്‍ ഉമാ തോമസ് ഇത്തവണ ജയിക്കാന്‍ പോവുകയാണ്.
കെ വി തോമസിന് പിന്നാലെ എം ബി മുരളീധരനും പാര്‍ട്ടി വിട്ടിരിക്കുകയാണ്. അത് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോ?
അനാഥ പ്രേതങ്ങളെപ്പോലെ യാത്ര ചെയ്യുന്ന ചില ആളുകള്‍ സ്റ്റേഷന് കിട്ടാതെ നടക്കുന്ന ചില ആളുകള്‍, അത് കിട്ടാന്‍ വേണ്ടി ശ്രമങ്ങള്‍ നടത്തുന്നു. ആ ശ്രമമായിട്ടേ ഞങ്ങള്‍ അതിനെ കരുതിയിട്ടുള്ളൂ. പൊതുവായിട്ടാണ് ഞാന്‍ അനാഥ പ്രേതങ്ങള്‍ എന്ന് പറഞ്ഞത്. അത് ആരാണെങ്കിലും.
തോമസ് മാഷ് എല്‍ഡിഎഫിന്റെ കണ്‍വെന്‍ഷനില്‍ പോയത് യുഡിഎഫ് പ്രവര്‍ത്തകരുടെ ആത്മവിശ്വാസവും ആത്മവീര്യവും യഥേഷ്ടം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഞങ്ങള്‍ ഇടതുപക്ഷത്തോട് നന്ദി പറയുകയാണ്. മുരളിയെ ഏറ്റെടുത്തതിലും ഞങ്ങള്‍ക്ക് സന്തോഷമാണ്. പാര്‍ട്ടിയെന്ന് പറഞ്ഞാല്‍ ഇവരാരുമല്ല. തോമസ് മാഷിന് പദവികള്‍ യഥേഷ്ടം ലഭിച്ചിട്ടുണ്ട്, മുരളിക്ക് ലഭിച്ചിട്ടുണ്ട്. ഇവരാരുമല്ല പാര്‍ട്ടി, ഇവരെ ജയിപ്പിച്ച പ്രവര്‍ത്തകരാണ് പാര്‍ട്ടി. അവരുടെ വികാരമാണ് പ്രധാനപ്പെട്ട കാര്യം.
കഴിഞ്ഞ ദിവസം പോലും ഉമ്മന്‍ചാണ്ടിക്കൊപ്പം ഫ്ലാറ്റുകള്‍ കയറി പ്രചാരണത്തിന്റെ കൂടെ നിന്ന നേതാവാണ് എം ബി മുരളീധരന്. അത്തരത്തിലൊരാളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്താന്‍ കഴിയാത്തത് നേതൃത്വത്തിന്റെ പരാജയമല്ലേ?
എംബി മുരളീധരനെ കൂടെ നിര്‍ത്താന്‍ കഴിയാത്തതല്ല പ്രയാസം. ഉമാ തോമസിന്റെ പ്രചരണത്തിന്റെ ഉദ്ഘാടനത്തിന് ഞാന്‍ വന്നപ്പോള്‍,ഞങ്ങള്‍ ഒരുമിച്ച് ചായ കുടിച്ച ആളാണ്. അത് കഴിഞ്ഞ് പിന്നെ കേള്‍ക്കുന്ന വാര്‍ത്ത മുരളി പോയി എന്നതാണ്. അദ്ദേഹത്തെ കൂടെ നിര്‍ത്താന്‍ കഴിയാത്തതല്ല, ഇത്രയും വ്യക്തിത്വമില്ലാത്തയാളെ ഈ സമയത്തെങ്കിലും തിരിച്ചറിയാന്‍ പറ്റി എന്നുള്ളതാണ് ഞങ്ങളുടെ സൗകര്യം.
അത്തരത്തില്‍ കൂടെ നിന്ന ഒരാള്‍ പെട്ടെന്ന് പാര്‍ട്ടി വിട്ടത്, സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവും തമ്മില്‍ കമ്മ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായി എന്നല്ലേ സൂചിപ്പിക്കുന്നത്?
സംസ്ഥാന നേതൃത്വവും ജില്ലാ നേതൃത്വവുമായി ഒരു കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പുമില്ല. ഗ്യാപ്പുണ്ടായിരുന്ന ആളുകള്‍ പോയി, അത്രയേയുള്ളൂ.
കടമ്പ്രയാറിലെ മാലിന്യ വിഷയുമായി ബന്ധപ്പെട്ട് കിറ്റക്സുമായി പരസ്യപോരിലേക്ക് എത്തിയ രാഷ്ട്രീയ നേതാവായിരുന്നു പി ടി തോമസ്. അതേസമയം, ട്വന്റി 20യുടെ പിന്തുണ പരസ്യമായി ചോദിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ എത്തിയിട്ടുണ്ട്. പി ടി മുന്നോട്ട് വെച്ച രാഷ്ട്രീയവുമായി ഇതിനൊരു വൈരുദ്ധ്യമില്ലേ?
പരിസ്ഥിതിയുടെ രാഷ്ട്രീയത്തിന്റെ കൃത്യമായ അളവുകോല്‍ പി ടി തോമസിന് ഉണ്ടായിരുന്നു. അദ്ദേഹം ആ സമീപനം ആജീവനാന്തം ഉയര്‍ത്തിപ്പിടിച്ചിരുന്നു. കിറ്റക്സുമായി ബന്ധപ്പെട്ട വിഷയമല്ല, ഇപ്പോള്‍ ഇവിടെയുള്ള പ്രധാന ചര്‍ച്ച. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നതായിട്ടുള്ള എല്ലാവരുടേയും വോട്ട് സമാഹകരിക്കുക എന്നതാണ്. ജനാധിപത്യ സമൂഹത്തിലെ എല്ലാവരുടേയും വോട്ടുകള്‍ സമാഹരിക്കാനുള്ള നയപരമായ തീരുമാവുമെടുത്ത് ഞങ്ങള്‍ മുന്നോട്ട് പോവുകയാണ്. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് വോട്ട് ചെയ്യണ്ട എന്ന് പറയാന്‍ ഞങ്ങള്‍ ജനാധിപത്യ വിരുദ്ധല്ല. വോട്ട് ചെയ്യാന്‍ ആഗ്രഹിക്കുന്നവരോട് നോ എന്ന് പറയാന്‍ ഞങ്ങള്‍ ജനാധിപത്യ വിരുദ്ധരല്ല. വോട്ട് ചെയ്യുന്നവരുടെ വോട്ടുകള്‍ സ്വീകരിക്കും. അത് ജനാധിപത്യത്തിന്റെ ഭാഗമാണ്.
തൃക്കാക്കര നിയോജക മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന കൊച്ചി കോര്‍പ്പറേഷന്റെ 62ാം വാര്‍ഡില്‍ 47 ശതമാനത്തോളമാണ് ഉപതെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യപ്പെട്ടത്. അന്ന് മഴയായിരുന്നു എന്നത് ഒരു കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. കോണ്‍ഗ്രസിന് അനുകൂലമായ വോട്ടുകള്‍ പോള്‍ ചെയ്യപ്പെടുന്നു എന്ന് ഉറപ്പുവരുത്താന്‍ സാധാരണ നിലയില്‍ പാര്‍ട്ടിക്ക് സാധിക്കാറില്ല. തൃക്കാക്കരയില്‍ അത് മറികടക്കാന്‍ സാധിക്കുമോ?
കേരളത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന്റെ മെഷിനറി ഇതുപോലെ ചലിച്ച തെരഞ്ഞെടുപ്പ് ഇതുവരെ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്ന കോണ്‍ഗ്രസ്, യുഡിഎഫ് പ്രവര്‍ത്തകരുടേയും അനുഭാവികള്‍ ആയിട്ടുള്ളവരുടേയും മുഴുവന്‍ വോട്ടുകളും ഞങ്ങള്‍ ബൂത്തുകളില്‍ എത്തിക്കും. വരാത്ത കുറേ വോട്ടര്‍മാര്‍ ഉണ്ട്. കണ്ണൂരില്‍ നിന്നും കുറേയാളുകളെ ഇറക്കുമതി ചെയ്തിട്ടുണ്ട്. ആ ദിവസം പോയി കള്ളവോട്ട് ചെയ്യാന്‍. വരാത്ത വോട്ടുകളും മരിച്ച വോട്ടുകളും ഞങ്ങള്‍ പ്രത്യേകം ലിസ്റ്റ് ഔട്ട് ചെയ്തു കഴിഞ്ഞു. അത് മുഴുവന്‍ പ്രിസൈഡിംഗ് ഓഫീസര്‍ക്ക് കൈമാറിക്കഴിഞ്ഞു. ഒരു കള്ളവോട്ടും ഇവിടെ നടക്കില്ല.
ഞാന്‍ കാസര്‍ഗോഡ് മത്സരിച്ച ആളാണ്. എന്റെ കണ്ണിന്റെ മുന്നില്‍ വെച്ച് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചപ്പോള്‍, അത് കള്ളവോട്ടാണ് ശരിയല്ലെന്ന് പറഞ്ഞിട്ടും അവര്‍ കേട്ടിട്ടില്ല. ഇടതുപക്ഷം യഥേഷ്ടം കള്ളവോട്ട് ചെയ്യുന്ന ആളുകളാണ്. ഇരുപത്തി അയ്യായിരത്തോളം കള്ളവോട്ട് അന്ന് കാസര്‍ഗോഡ് ചെയ്തിട്ടുണ്ട്. അവര്‍ കള്ളവോട്ടിന്റെ ആശാന്മാരാണ്.
തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത് ഇപി ജയരാജനും പിണറായി വിജയനും ആണല്ലോ. അതുപോലുള്ള ആളുകളാണല്ലോ തെരഞ്ഞെടുപ്പി നിയന്ത്രിക്കുന്നത്. ആ സമീപനം ഇവിടെ സ്വീകരിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. അതിനായി ആളുകളെ ഇറക്കുമതി ചെയ്തിട്ടുണ്ട്. അതും ഞങ്ങള്‍ക്ക് അറിയാം. പക്ഷേ, ഒരു കള്ളവോട്ടും ഇവിടെ അനുവദിക്കില്ല. അതിനാവശ്യമായ മുന്‍കൂര്‍ ഡിഫന്‍സ് പ്രോഗ്രാം ഞങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്.
തൃക്കാക്കര രൂപീകൃതമായത് മുതല്‍ മണ്ഡലം ക്രിസ്ത്യന്‍ സമുദായത്തിന് വേണ്ടി കോണ്‍ഗ്രസ് മാറ്റിവെച്ചു എന്ന് എം ബി മുരളീധരന് കഴിഞ്ഞ ദിവസം പറയുകയുണ്ടായി.
മുരളിക്ക് മറുപടി കൊടുക്കാന്‍ ഞങ്ങള്‍ക്ക് സമയമില്ല.
STORY HIGHLIGHTS: KPCC Working President T Siddique Reporter TV exclusive interview