Top

'യുവ സഖാക്കള്‍ സ്വയം അപമാനിതരായി എംപി സ്ഥാനം ഏല്‍ക്കരുത്'; ശ്രേയാംസ്‌കുമാര്‍ സിപിഐഎമ്മിന്റെ കറിവേപ്പിലയാകരുതെന്ന് വി പി സജീന്ദ്രന്‍

രാജ്യസഭാ സീറ്റ് നിഷേധിച്ചതിലൂടെ എല്‍ജെഡിയോട് സിപിഐഎം നെറികേട് കാട്ടിയെന്നും കെപിസിസി ഉപാദ്ധ്യക്ഷന്‍ വിപി സജീന്ദ്രന്‍.

17 March 2022 12:13 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

യുവ സഖാക്കള്‍ സ്വയം അപമാനിതരായി എംപി സ്ഥാനം ഏല്‍ക്കരുത്; ശ്രേയാംസ്‌കുമാര്‍ സിപിഐഎമ്മിന്റെ കറിവേപ്പിലയാകരുതെന്ന് വി പി സജീന്ദ്രന്‍
X

കൊച്ചി: രാജ്യസഭാ സീറ്റ് നിഷേധിച്ചതിലൂടെ എല്‍ജെഡിയോട് സിപിഐഎം നെറികേട് കാട്ടിയെന്ന് കെപിസിസി ഉപാദ്ധ്യക്ഷന്‍ വിപി സജീന്ദ്രന്‍. മുന്നണി മര്യാദാലംഘനം മാത്രമല്ല നെറികേടാണിതെന്ന് മുന്‍ എംഎല്‍എ പറഞ്ഞു. തുടര്‍ഭരണം കിട്ടിയതിന്റെ ഹുങ്കാണ് സിപിഐഎമ്മിന്. എല്‍ഡിഎഫ് മുന്നണി രൂപീകരിച്ചപ്പോള്‍ എംപി വീരേന്ദ്രകുമാര്‍ അതിന്റെ കണ്‍വീനറായിരുന്നു എന്നത് സിപിഐഎം മറക്കരുത്. മറ്റൊരുത്തന്റെ മുന്നിലിരിക്കുന്ന ആഹാരം തട്ടിപ്പറിച്ചു വാങ്ങിയല്ല സിപിഐഎം സ്വന്തം കുട്ടികളെ വളര്‍ത്തേണ്ടത്. യുവ സഖാക്കള്‍ ഇങ്ങനെ സ്വയം അപമാനിതരായി എംപി സ്ഥാനം ഏല്‍ക്കരുതെന്നും വി പി സജീന്ദ്രന്‍ വിമര്‍ശിച്ചു.

'സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് വി എസ് അച്യുതാനന്ദന്റെ വാക്കുകള്‍ കടമെടുത്ത് പറഞ്ഞാല്‍ ശ്രീ ശ്രേയാംസ്‌കുമാര്‍ കറിവേപ്പില ആകരുത്. വഴിതെറ്റിപ്പോയ കുഞ്ഞാടാണ് എംപി ശ്രേയാംസ്‌കുമാര്‍. അതിമോഹികളുടെ യും ദുരാഗ്രഹികളുടെയും കൂട്ടത്തില്‍ ഇരിക്കേണ്ട ആളല്ല ശ്രേയാംസ്‌കുമാര്‍. ഇത് സത്യാനന്തര കാലഘട്ടമാണ് തിരിച്ചറിവുകളുടെ കാലഘട്ടമാണ്. മറ്റുള്ളവര്‍ക്ക് ബലിയാടായി നിന്നുകൊടുക്കാതെ കുഞ്ഞാടേ നീ തിരിച്ചു വരിക,' കോണ്‍ഗ്രസ് നേതാവ് ഫേസ്ബുക്കില്‍ കുറിച്ചു.

യുഡിഎഫില്‍ അന്തസോടെയാണ് വീരന്‍ വിഭാഗം നിന്നതെന്ന് സജീന്ദ്രന്‍ പ്രതികരിച്ചു. വീരന്‍ വിഭാഗത്തെ കണ്ണും കലാശവും കാണിച്ച് കൊണ്ടുപോയത് എന്തിനായിരുന്നു? അത് യുഡിഎഫിനെ ക്ഷീണിപ്പിക്കുവാന്‍ തങ്ങളുടെ മുന്നണിയിലേക്ക് ആകൃഷ്ടരായി ഘടകകക്ഷികള്‍ ഒഴുകി വരുന്നു എന്ന പ്രചരണതന്ത്രം മാത്രമായിരുന്നില്ലേ അതുകൊണ്ട് എന്തുണ്ടായി ? ഇടതുമുന്നണിക്ക് മുന്നണിമര്യാദ ഇല്ല എന്ന് ഒരിക്കല്‍ കൂടി തെളിഞ്ഞു. മാത്രമല്ല ഇടതുമുന്നണിയുടെ രാഷ്ട്രീയ നെറികേടിന് ശ്രേയാംസ്‌കുമാര്‍ ഇര ആയിരിക്കുകയാണെന്നും കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

'സിപിഐഎമ്മിന് ഏതു സഖാവിനെ വേണമെങ്കിലും രാജ്യസഭയിലേക്ക് എംപി ആക്കാം. പക്ഷേ അതൊരു ചതിയിലൂടെ ആകരുത്.മറ്റൊരുത്തന്റെ മുന്നിലിരിക്കുന്ന ആഹാരം തട്ടിപറിച്ചു വാങ്ങിയല്ല സിപിഎം സ്വന്തം കുട്ടികളെ വളര്‍ത്തേണ്ടത്. യുവസഖാക്കള്‍ ഇങ്ങനെ സ്വയം അപമാനിതരായി എംപി സ്ഥാനം ഏല്‍ക്കരുത്. നിങ്ങള്‍ ഇപ്പോള്‍ ആര്‍ഭാടപൂര്‍വ്വം ഏല്‍ക്കാന്‍ പോകുന്ന എംപി സ്ഥാനത്തിന്റെ പിന്നില്‍ ചതിയുടെ വഞ്ചനയുടെ കണ്ണുനീരിന്റെ കലര്‍പ്പുണ്ട്.' കനകാസിംഹാസനം അല്ല ദുഃഖ സിംഹാസനത്തില്‍ ആണ് നിങ്ങള്‍ അവരോഹിതര്‍ ആകുന്നതെന്നും വി പി സജീന്ദ്രന്‍ കുറ്റപ്പെടുത്തി.

STORY HIGHLIGHTS: KPCC VICE PRESIDENT VP SAJEENDRAN REACTS AGAINST CPIM'S DECISION TO DENY LJD'S RAJYASABA SEAT

Next Story