Top

'പെട്ടിയെടുത്തിട്ടില്ല, സതീശനെപ്പോലെ ആദ്യമായി കെപിസിസി ജനറല്‍ സെക്രട്ടറി ആയതല്ല'; സ്ഥാനങ്ങള്‍ സ്ത്രീധനമായി കിട്ടിയതല്ലെന്ന് കെ പി അനില്‍കുമാര്‍

'വഴിയോരത്തുന്നിന്നും ഓടിക്കയറി വന്നവനല്ല'

22 May 2022 11:22 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെട്ടിയെടുത്തിട്ടില്ല, സതീശനെപ്പോലെ ആദ്യമായി കെപിസിസി ജനറല്‍ സെക്രട്ടറി ആയതല്ല; സ്ഥാനങ്ങള്‍ സ്ത്രീധനമായി കിട്ടിയതല്ലെന്ന് കെ പി അനില്‍കുമാര്‍
X

തൃക്കാക്കര: അര്‍ഹിക്കുന്നതിലും അധികം സ്ഥാനങ്ങള്‍ കൊടുത്തുവെന്ന കോണ്‍ഗ്രസ് നേതാക്കുളുടെ വിമര്‍ശനത്തിന് മറുപടിയുമായി കെപിസിസി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍. തനിക്കുള്ള സ്ഥാനങ്ങള്‍ സ്ത്രീധനമായി നല്‍കിയതല്ലല്ലോ എന്നായിരുന്നു അനില്‍കുമാറിന്റെ പ്രതികരണം. കെഎസ്‌യുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ജില്ലാ ഭാരവാഹിയായ ആളാണ് താന്‍. വി ഡി സതീശനെപ്പോലെ ജീവിതത്തില്‍ ആദ്യമായി കെപിസിസി ജനറല്‍ സെക്രട്ടറിയായതല്ലെന്നും അദ്ദേഹം റിപ്പോര്‍ട്ടര്‍ ലൈവിനോട് പ്രതികരിച്ചു.

കെപിസിസി ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാറിന്റെ പ്രതികരണം:

കെഎസ്‌യുവിന്റെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹിയായി തുടങ്ങിയതാണ് ഞാന്‍. വഴിയോരത്തുന്നിന്നും ഓടിക്കയറി വന്നവനല്ല. കെഎസ്‌യു ജില്ലാ ട്രഷററായി തെരഞ്ഞെടുക്കപ്പെട്ടു, ജില്ലാ പ്രസിഡന്റായി, സംസ്ഥാന പ്രസിഡന്റായി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി, 844 കിലോമീറ്റര്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെ നടന്ന് പാര്‍ട്ടി ഉണ്ടാക്കിയ ആളാണ്. സതീശനെപ്പോലെ ജീവിതത്തില്‍ ആദ്യമായി കെപിസിസി ജനറല്‍ സെക്രട്ടറി ആയ ആളല്ല ഞാന്‍. അഞ്ച് വര്‍ഷം കേരളത്തിലെ യുവാക്കളെ നയിച്ച ആളാണ്. കെഎസ്‌യുവിനെ നയിച്ച ആളാണ്. പത്ത് വര്‍ഷം കെപിസിസി ജനറല്‍ സെക്രട്ടറി ആയിരുന്നു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായിരുന്നു. ഇതൊക്കെ എന്റെ അധ്വാനം കൊണ്ട് ലഭിച്ചതാണ്. അല്ലാതെ ഞാന്‍ ആരുടേയും പെട്ടി എടുത്തിട്ട് ഉണ്ടാക്കിയതല്ല.

കോണ്‍ഗ്രസ് എന്ന പാര്‍ട്ടി തന്നെ ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ഇല്ലാതാവുകയല്ലേ. ഇനിയും ഒഴുക്ക് ഉണ്ടാവുമെന്നതില്‍ എന്താ സംശയം. എന്ത് കോണ്‍ഗ്രസാണ്. വേറെ എവിടെയെങ്കിലും കോണ്‍ഗ്രസ് ഉണ്ടോ. ഉത്തരേന്ത്യയില്‍ എവിടെയെങ്കിലും കോണ്‍ഗ്രസ് ഉണ്ടോ. യുപിയില്‍ ഉണ്ടോ. അതേപോലെ ആവുമിത്. പിന്നെ കോണ്‍ഗ്രസുകാരൊക്കെ എങ്ങോട്ട് പോകും? ഇങ്ങോട്ട് വരും ഇതൊക്കെ.

തൃക്കാക്കരയേക്കാള്‍ ഉറച്ച കോട്ടയായിരുന്നു ചെങ്ങന്നൂര്‍. അവിടെ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് ജയിച്ചു. കോണ്‍ഗ്രസിനായി മാത്രം ഉണ്ടാക്കിയ സീറ്റായിരുന്നു വട്ടിയൂര്‍ക്കാവ്. അവിടെ ജയിച്ചില്ലേ. തൃക്കാക്കര എല്‍ഡിഎഫിനെ സംബന്ധിച്ച് ബാലികേറാമലയൊന്നുമല്ല. ഇത്തവണ തൃക്കാക്കര എല്‍ഡിഎഫിനൊപ്പം നില്‍ക്കും.

STORY HIGHLIGHTS: KPCC Former organizational General secretary KP Anil Kumar against VD Satheeshan and Congress leaders

Next Story