Top

'മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുന്നു'; ശബരിനാഥനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പരാതി

നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി.

29 Nov 2022 11:59 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുന്നു; ശബരിനാഥനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പരാതി
X

കോട്ടയം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഎസ് ശബരിനാഥന്‍ ഡിസിസി അധ്യക്ഷനെ അപമാനിച്ചെന്ന് ആരോപിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി. യൂത്ത് കോണ്‍ഗ്രസ് കോട്ടയം ജില്ലാ കമ്മറ്റിയാണ് ഷാഫി പറമ്പിലിന് പരാതി നല്‍കിയത്.

ശശി തരൂരിന്റെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെതിരെ ശബരിനാഥന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെയാണ് പരാതി. ശബരിനാഥന്‍ മാധ്യമശ്രദ്ധ പിടിച്ചു പറ്റാനായി പ്രവര്‍ത്തിക്കുകയാണെന്നും സംഘടന ചട്ടകൂട് തകര്‍ക്കുന്നുവെന്നും പരാതിയില്‍ പറയുന്നു.

കോട്ടയത്തെ യൂത്ത് കോണ്‍ഗ്രസ് പരിപാടി ഡിസിസി പ്രസിഡന്റിനെ അറിയിക്കണമെന്ന് ശാഠ്യം പിടിക്കാന്‍ പാടില്ലെന്ന ശബരിനാഥന്റെ പരാമര്‍ശത്തോടെയാണ് തര്‍ക്കം ആരംഭിച്ചത്. പരാമര്‍ശത്തിനെതിരെ നാട്ടകം സുരേഷും യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയും നേരത്തെ രംഗത്തെത്തിയിരുന്നു. ശബരിനാഥന്‍ മാനേജ്‌മെന്റ് ക്വാട്ടയില്‍ നേതാവായ വ്യക്തിയാണെന്നാണ് ഉയര്‍ന്ന വിമര്‍ശനം.

ശബരിനാഥന്‍ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ വന്നിട്ട് എത്രനാളായി എന്ന് എല്ലാവര്‍ക്കും അറിയാമെന്നും ശബരിനാഥന് കീഴ്‌വഴക്കങ്ങളെ സംബന്ധിച്ച് അറിയില്ലെന്നുമാണ് നാട്ടകം സുരേഷ് പറഞ്ഞത്. ഒരു ടാറ്റ കമ്പനി ജീവനക്കാരനില്‍ നിന്നും പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്നയാളാണ് ശബരിനാഥന്‍. അറിവ് കുറവുണ്ടെങ്കില്‍ പഠിക്കണം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായി ഏറെ നാള്‍ പ്രവര്‍ത്തിച്ച ആളാണ് ഞാന്‍. യൂത്ത് കോണ്‍ഗ്രസ് പരിപാടികളൊക്കെ കോണ്‍ഗ്രസ് നേതൃത്വവുമായി ആലോചിച്ചാണ് നടത്താറുള്ളത്. യൂത്ത് കോണ്‍ഗ്രസിന്റെ തരൂര്‍ പരിപാടിയെ സംബന്ധിച്ച് ഡിസിസിയെ അറിയിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസിന്റെ ജില്ലാ കമ്മിറ്റിയില്‍ പോലും അത്തരമൊരു പരിപാടി ആലോചിച്ചിട്ടില്ലെന്ന് നാട്ടകം സുരേഷ് പറഞ്ഞിരുന്നു.

Next Story