കനത്ത മഴ; കോട്ടയം മെഡിക്കൽ കോളേജിൽ വെള്ളം കയറി
ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ്
4 Nov 2022 11:53 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കോട്ടയം: ശക്തമായ മഴയിൽ കോട്ടയം മെഡിക്കൽ കോളേജിൽ വെളളം കയറി. ഓട അടഞ്ഞു കിടക്കുന്നതിനാലാണ് മെഡിക്കൽ കോളേജിൽ വെളളം കയറിയത്. ഇതോടെ രോഗികളും കൂട്ടിരുപ്പുകാരും ദുരിതത്തിലായി. ആശുപത്രിയുടെ ഒപി വിഭാഗത്തിൽ മുട്ടോളം വെള്ളം കയറിയിട്ടുണ്ട്.
അതേസമയം ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കന്‍ തീരത്തിനു സമീപം ബുധനാഴ്ച്ചയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളാ തീരത്തിനും സമീപ പ്രദേശത്തിനും മുകളിലായി ചക്രവാതചുഴി സ്ഥിതി ചെയ്യുകയാണ്. അടുത്ത മൂന്ന് മണിക്കൂറില്‍ കണ്ണൂര്‍ ജില്ലയില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ചക്രവാത ചുഴിയില്‍ നിന്നും തെക്കന്‍ ആന്‍ഡമാന്‍ കടല്‍ വരെ ന്യൂന മര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുകയാണ്. തെക്കന്‍ ആന്‍ഡമാന്‍ കടലിനും തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലിനും മുകളിലായി മറ്റൊരു ചക്രവാതചുഴി നിലനില്ക്കുന്നു. ഇതിന്റെ ഫലമായി ഇന്ന് മുതല്‍ നവംബര്‍ ആറ് വരെയുള്ള തീയതികളില്‍ കേരളത്തില്‍ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത.
തെക്കന്‍ കേരളത്തില്‍ ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ സാധ്യത കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, യെല്ലോ അലേര്‍ട്ടുകള്‍ പ്രഖ്യാപിച്ചു പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
STORY HIGHLIGHTS: Kottayam Medical College flooded Due to rain