സിവില്‍ സര്‍വീസ് ജയിക്കാന്‍ 1001 വീടുകളില്‍ ഭിക്ഷ; വീട്ടിലെത്തി പെണ്‍കുട്ടിയെ കടന്നുപിടിച്ച നിയമവിദ്യാര്‍ത്ഥി അറസ്റ്റില്‍
പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ മനസ്സ് പതറി പോയെന്നും തുടര്‍ന്നാണ് കടന്ന് പിടിച്ചതെന്നും പ്രതി.
25 Jan 2023 10:45 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: പട്ടാപ്പകല്‍ വീട്ടില്‍ അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ കടന്ന് പിടിച്ച സംഭവത്തില്‍ നിയമവിദ്യാര്‍ത്ഥി പിടിയില്‍. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ ശ്യാം ജി രാജ് ആണ് പിടിയിലായത്. ഇയാള്‍ തൃശൂരില്‍ നിയമവിദ്യാര്‍ത്ഥിയാണ്. ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് ഇന്ന് കൊല്ലത്തെ വീട്ടില്‍ നിന്ന് വഞ്ചിയൂര്‍ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
സിവില്‍ സര്‍വീസ് പരീക്ഷ ജയിക്കുന്നതിന് വേണ്ടി 1001 വീടുകളില്‍ ഭിക്ഷ യാചിച്ച് പഴനിയില്‍ പോകാമെന്ന് നേര്‍ന്നെന്ന് പറഞ്ഞാണ് ഇയാള്‍ വീടുകളിലെത്തുന്നത്. എന്നാല്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയപ്പോള്‍ മനസ്സ് പതറി പോയെന്നും തുടര്‍ന്നാണ് കടന്ന് പിടിച്ചതെന്നും പ്രതി പറഞ്ഞതായി പൊലീസ് അറിയിച്ചു. അതേ സമയം ഇയാളുടെ മൊഴികളൊന്നും പൊലീസ് പൂര്‍ണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല. ഇയാളുടെ പശ്ചാത്തലവും മറ്റും പൊലീസ് സംഘം അന്വേഷിച്ചു വരികയാണ്.
കഴിഞ്ഞ ശനിയാഴ്ച്ചയാണ് വഞ്ചിയൂരില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമമുണ്ടായത്. പഴനിയില്‍ പോകാനുള്ള നേര്‍ച്ച കാശ് ചോദിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയെ കടന്ന് പിടിക്കുകയായിരുന്നു. മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി മാത്രമെ സംഭവ സമയം വീട്ടിലുണ്ടായിരുന്നുള്ളു. അക്രമിക്കാന്‍ എത്തിയതോടെ ഇയാളെ തള്ളിമാറ്റി പെണ്‍കുട്ടി ഇറങ്ങിയോടുകയും സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയുമായിരുന്നു. ഇതിനകം അക്രമി സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രദേശത്തെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
- TAGS:
- Kollam
- Law student