Top

'കല്ലിടാതെയും പദ്ധതി നടപ്പിലാക്കാം'; കെറെയിലില്‍ പ്രശ്‌നം യുഡിഎഫിനും ബിജെപിക്കുമാണെന്ന് കോടിയേരി

കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരടെ കൂടെ സര്‍ക്കാരുണ്ടാകുമെന്ന് കോടിയേരി.

17 May 2022 9:18 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കല്ലിടാതെയും പദ്ധതി നടപ്പിലാക്കാം; കെറെയിലില്‍ പ്രശ്‌നം യുഡിഎഫിനും ബിജെപിക്കുമാണെന്ന് കോടിയേരി
X

കല്ലിടുന്നിടത്ത് പ്രശ്‌നമുണ്ടായാല്‍ കല്ലിടാതെയും കെ റെയില്‍ പദ്ധതി നടപ്പിലാക്കാമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ജനവുമായി യുദ്ധം ചെയ്ത് പദ്ധതി കൊണ്ടുവരാനല്ല ശ്രമിക്കുന്നത്. അവരുമായി സഹകരിച്ച് മുന്നോട്ടു പോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്നും പികെഎസ് സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് കോടിയേരി പറഞ്ഞു.

''കെ റെയിലുമായി ബന്ധപ്പെട്ട് ഭൂമി നഷ്ടപ്പെടുന്നവരടെ കൂടെ സര്‍ക്കാരുണ്ടാകും. വീട് നഷ്ടപ്പെടുന്നവര്‍ക്ക് വീട് നിര്‍മിച്ച് നല്‍കും. കെ റെയില്‍ വന്നാല്‍ കേരളം വികസിത സംസ്ഥാനമായി മാറും. എല്‍ഡിഎഫിന് സ്വീകാര്യത വര്‍ധിക്കും. അതിനാല്‍ ഇത് തടയുക എന്ന ഉദ്ദേശത്തോടെ വിമോചന സമരം എന്ന രീതിയില്‍ സമരം സംഘടിപ്പിക്കാന്‍ എതിരാളികള്‍ രംഗത്തിറങ്ങി.'' എന്നാല്‍, കെ റെയിലുമായി ഇടതുസര്‍ക്കാര്‍ മുന്നോട്ടുപോകും, അത് യാഥാര്‍ഥ്യമാകുമെന്ന് കോടിയേരി വ്യക്തമാക്കി.

''ഭൂമിയും വീടും വിട്ടുകൊടുക്കുന്നര്‍ക്ക് ഇന്നവര്‍ താമസിക്കുന്നതിനേക്കാള്‍ നല്ല നിലയില്‍ താമസിക്കാനുള്ള സൗകര്യം ചെയ്ത് കൊടുക്കുമെന്നും കോടിയേരി പറഞ്ഞു. എന്നാല്‍, പ്രശ്‌നം യുഡിഎഫിനും ബിജെപിക്കുമാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തില്‍ വികസനമേ ഇല്ല എന്ന് വരുത്തണം. ജനം നല്‍കിയ പിന്തുണക്കനുസരിച്ച് പ്രവര്‍ത്തിക്കുക എന്ന ഉത്തരവാദിത്തം പിണറായി സര്‍ക്കാരിനുണ്ട്.'' അതിന് പിന്നില്‍ ബഹുജനം അണിനിരക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

കേരളത്തിന്റെ റെയില്‍വേ വികസനം മുരടിച്ചിരിക്കുകയാണെന്നും പുതിയ റെയില്‍വേ ലൈനുകള്‍ കേന്ദ്രം കേരളത്തിന് അനുവദിക്കുന്നില്ലെന്നും കോടിയേരി പറഞ്ഞു. ആധുനിക വിദ്യഭ്യാസം വളരെ കുറച്ച് പേര്‍ക്കുമാത്രമാണിപ്പോള്‍ ലഭിക്കുന്നത്. ആദിവാസി കുടിലുകളിലടക്കം മികച്ച വിദ്യാഭ്യാസം ലഭിമാക്കണം. ഇതിന് വേണ്ടിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ ആവിഷ്‌കരിച്ച് നടപ്പാക്കുന്നത്. കഴിഞ്ഞ സര്‍ക്കാരില്‍ എസ്‌സി എസ്ടി വകുപ്പ് വളരെ അധികം മാറ്റങ്ങള്‍ കൊണ്ടുവന്നിരുന്നു. അതൊരു പടികൂടി ഉയര്‍ത്തണമെന്നും കോടിയേരി ആവശ്യപ്പെട്ടു.

Next Story