ഇടത് സര്‍ക്കാരായത് കൊണ്ടാണ് ദിലീപിന്റെ അറസ്റ്റ് നടന്നതെന്ന് കോടിയേരി; 'സര്‍ക്കാര്‍ എല്ലാ കാലത്തും ഇരകള്‍ക്കൊപ്പം'
തൃക്കാക്കര മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്ന് കോടിയേരി.
24 May 2022 11:36 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനെ അറസ്റ്റ് ചെയ്യുമായിരുന്നോയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇടത് സര്‍ക്കാരായത് കൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് സംസ്ഥാനത്ത് നടന്നതെന്നും യുഡിഎഫ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളതെന്നും കോടിയേരി വ്യക്തമാക്കി.
അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുകയെന്ന ഉദേശത്തോടെയാണ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുള്ളതെന്നും മറിച്ചുള്ള ആക്ഷേപണങ്ങളും ആരോപണങ്ങളും അടിസ്ഥാനരഹിതമാണെന്നും കോടിയേരി പറഞ്ഞു. തൃക്കാക്കര മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നതെന്നും കോടിയേരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന് പറഞ്ഞത്: ''അതിജീവിതയ്ക്ക് നീതി ലഭ്യമാക്കുകയെന്ന ഉദേശത്തോടെയാണ് കേസില്‍ സര്‍ക്കാര്‍ ഇടപെടല്‍ നടത്തിയിട്ടുള്ളത്. ആ ഇടപെടല്‍ മൂലമാണ് പ്രമുഖനായ വ്യക്തിയുള്‍പ്പെടെ അറസ്റ്റ് ചെയ്യപ്പെടുന്ന അവസ്ഥയുണ്ടായത്. യുഡിഎഫ് ഭരണമായിരുന്നെങ്കില്‍ അങ്ങനെയൊരാളെ അറസ്റ്റ് ചെയ്യുമായിരുന്നോ. ഇടത് സര്‍ക്കാരായത് കൊണ്ടാണ് അങ്ങനെയൊരു അറസ്റ്റ് സംസ്ഥാനത്ത് നടന്നത്. യുഡിഎഫ് പ്രതികളെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.''
''പ്രതിയായ ഒരാള്‍ക്ക് ഏറ്റവും കൂടുതല്‍ ബന്ധം ആരുമായിട്ടാണെന്ന് ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കേണ്ട കാര്യമില്ല. ഇക്കാര്യം ആലുവയില്‍ അന്വേഷിച്ച് നോക്കിയാല്‍ അറിയാം. ആലുവ നഗരസഭ ഉദ്ഘാടനത്തിന് ക്ഷണിച്ചത് ആരെയായിരുന്നു. അന്ന് സെല്‍ഫി എടുത്ത ഒരാള്‍ രാജ്യസഭാ അംഗമായി മാറിയില്ലേ. ഞങ്ങള്‍ എല്ലാ കാലത്തും ഇരകള്‍ക്കൊപ്പം തന്നെയാണ്. കേസില്‍ കൃത്യമായ അന്വേഷണമാണ് നടത്തിയത്. ആ സമയത്ത് കോണ്‍ഗ്രസ് പ്രതികരണം എന്തായിരുന്നു. പ്രതികരണം പോലുമില്ല.''
''ഇപ്പോള്‍ തൃക്കാക്കര മുന്നില്‍ കണ്ടുകൊണ്ടുള്ള പ്രചാരണമാണ് യുഡിഎഫ് നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് നടിയുടെ പരാതി ദുരൂഹമാണ്. നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം പരിഗണിച്ചാണ് എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്ത്. നടിക്ക് അങ്ങനെ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കില്‍ അവര്‍ കോടതിക്ക് മുന്നില്‍ ബോധിപ്പിക്കട്ടെ. അതിജീവിത നിശ്ചയിച്ച ആളെയാണ് സര്‍ക്കാര്‍ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചത്. അവരുടെ താല്പര്യമാണ് സര്‍ക്കാരിന്റെ താല്പര്യം. നടിയുടെ ആവശ്യം പരിഗണിച്ചാണ് വനിതാ ജഡ്ജിയെ നിശ്ചയിച്ചതും.''
''ഇതിനിടെ മറ്റൊരു കേസ് വന്നു. അതാണ് നടിയെ ആക്രമിച്ച കേസിന്റെ ഗതി തന്നെ മാറ്റിയത്. അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. സര്‍ക്കാരും പാര്‍ട്ടിയും അതിജീവിതയ്ക്കൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിക്കുന്നു. അവര്‍ക്ക് എല്ലാ സംരക്ഷവും സര്‍ക്കാരും പാര്‍ട്ടിയും നല്‍കും. സംസ്ഥാന ചലച്ചത്രോത്സവത്തില് അതിജീവിതയെ അതിഥിയാക്കിയ ഗവണ്മെന്റാണിത്. ആ സര്‍ക്കാരിനെതിരെ ആക്ഷേപം ഉന്നയിക്കുന്നത് ശരിയാണോ.''- കോടിയേരി ചോദിച്ചു.