Top

'കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു'; രോഗത്തെ കുറിച്ച് കോടിയേരി പറഞ്ഞത്

രാത്രി എട്ടു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു കോടിയേരിയുടെ അന്ത്യം.

1 Oct 2022 5:03 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു; രോഗത്തെ കുറിച്ച് കോടിയേരി പറഞ്ഞത്
X

അര്‍ബുദരോഗവുമായി മല്ലിട്ടുകൊണ്ടിരുന്നപ്പോഴും കോടിയേരിയുടെ സ്ഥായീ ഭാവമായിരുന്ന മന്ദഹാസം മാഞ്ഞിരുന്നില്ല. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രോഗം അതി രൂക്ഷമായ ശേഷം മാത്രമാണ് കോടിയേരി ക്ഷീണിതനായി കാണപ്പെട്ടത്. മൂത്രത്തിലൂടെ പ്രോട്ടീന്‍ നഷ്ടപ്പെടുന്ന അവസ്ഥ മൂര്‍ച്ഛിച്ചതോടെ ശരീരഭാരം കുറഞ്ഞു. നടക്കുന്നതിലും വലിയ ബുദ്ധിമുട്ട് നേരിട്ടു. ഇത്രയും വയ്യായ്ക നേരിട്ടിട്ടും പാര്‍ട്ടിക്ക് വേണ്ടി പറ്റാവുന്നിടത്തോളം അധ്വാനിക്കുകയെന്ന തീരുമാനം അദ്ദേഹത്തിന്റെ തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങളില്‍ കാണാമായിരുന്നു.

അസാധാരണമായ മനക്കരുത്തോടെയാണ് കോടിയേരി ബാലകൃഷ്ണന്‍ ആദ്യഘട്ടം മുതലേ രോഗത്തെ നേരിട്ടതെന്ന് വാര്‍ത്താ സമ്മേളനത്തിലെ മറുപടികളില്‍ വ്യക്തം. വാര്‍ത്താസമ്മേളനത്തില്‍ ഒരു ചോദ്യത്തിനു മറുപടിയായി രോഗത്തെക്കുറിച്ച് കോടിയേരി പറഞ്ഞത്, 'കരഞ്ഞിരുന്നാല്‍ മതിയോ നേരിടുകയല്ലേ നിവൃത്തിയുള്ളു' എന്നാണ്. ഏതു വെല്ലുവിളിയേയും ധൈര്യസമേതം നേരിടുക എന്നതായിരുന്നു കോടിയേരിയുടെ രീതി.

''സ്വാഭാവികമായി ഇത്തരമൊരു രോഗത്തിന്റെ ഗൗരവാവസ്ഥ എനിക്ക് അറിയാമായിരുന്നു. പക്ഷെ അങ്ങനെ വന്നാല്‍ നേരിടുകയല്ലാതെ എന്ത് ചെയ്യാന്‍ സാധിക്കും. ഇത് പറഞ്ഞ് കരഞ്ഞിരുന്നത് കൊണ്ട് കാര്യമുണ്ടോ. ക്ഷണിച്ചിരുന്നത് കൊണ്ട് കാര്യമുണ്ടോ. അത് കൊണ്ട് വിദഗ്ദ ചികിത്സ നേടുക.''-കോടിയേരി പറഞ്ഞു.

ക്ഷീണിതനാകുന്ന രോഗാവസ്ഥ ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍. പെട്ടെന്നുള്ള ക്ഷീണം മാധ്യമങ്ങളില്‍ വാര്‍ത്തയാകുകയും കോടിയേരിയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. കോടിയേരിയുടെ ആരോഗ്യസ്ഥിയില്‍ ആശങ്കയറിയിച്ച് നിരവധി അന്വേഷണങ്ങളാണ് പാര്‍ട്ടി ഹാന്‍ഡിലുകളിലും കുടുംബത്തിലും എത്തിക്കൊണ്ടിരുന്നത്. പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് കുറ്റിത്താടിയുമായി ചിരിച്ചുനില്‍ക്കുന്ന കോടിയേരിയുടെ ചിത്രം സമൂഹമാധ്യമങ്ങളിലെത്തി. തൊട്ടുപിന്നാലെ ഭാര്യ വിനോദിനിക്കൊപ്പമുള്ള ചിത്രവും കോടിയേരി ഉഷാറാകുന്നു എന്ന വാര്‍ത്ത വലിയ പ്രതീക്ഷയാണ് നേതാക്കളിലും പാര്‍ട്ടി അണികളിലുമുണ്ടാക്കിയത്. പ്രിയ സഖാക്കള്‍ക്ക് താന്‍ തിരിച്ചുവരുമെന്ന പ്രതീക്ഷ നല്‍കിയ ശേഷമാണ് കോടിയേരിയുടെ വിടവാങ്ങല്‍.


രാത്രി എട്ടു മണിയോടെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ വച്ചായിരുന്നു കോടിയേരിയുടെ അന്ത്യം. അര്‍ബുദബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. മൃതദേഹം ചെന്നൈയില്‍ നിന്ന് നാളെ നാട്ടിലെത്തിക്കും. പകല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് കോടിയേരി മാടപ്പീടികയിലെ വസതിയില്‍ പൊതുദര്‍ശനം. തിങ്കള്‍ രാവിലെ 11 മുതല്‍ സിപിഐഎം ജില്ലാ കമ്മിറ്റി ഓഫീസില്‍. വൈകീട്ട് മൂന്നു മണിക്ക് പയ്യാമ്പലത്ത് സംസ്‌കാരിക്കും.

വിദ്യാര്‍ഥിപ്രസ്ഥാനത്തിലൂടെയാണ് കോടിയേരി പൊതുരംഗത്ത് എത്തിയത്. തലശേരി കോടിയേരിയില്‍ സ്‌കൂള്‍ അധ്യാപകനായിരുന്ന പരേതനായ കുഞ്ഞുണ്ണിക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി 1953 നവംബര്‍ 16ന് ജനനം. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം മാഹി മഹാത്മാഗാന്ധി കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്നു. കോളേജ് യൂണിയന്‍ ചെയര്‍മാനായിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദവിദ്യാര്‍ഥിയായി. യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിയായിരിക്കെ 1973ല്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി. 1979 വരെ ആ സ്ഥാനത്ത് തുടര്‍ന്നു.

1971ലെ തലശേരി കലാപകാലത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള പ്രവര്‍ത്തനങ്ങളില്‍ സജീവമായി. സിപിഐ എം ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച കോടിയേരി 1980-82ല്‍ ഡിവൈഎഫ്‌ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്നു.1990-95ല്‍ സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി. 1988ലെ ആലപ്പുഴ സമ്മേളനത്തില്‍ സംസ്ഥാന കമ്മിറ്റി അംഗമായി. 1995ല്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗമായ കോടിയേരി 2002ല്‍ ഹൈദരാബാദ് 17-ാം പാര്‍ടി കോണ്‍ഗ്രസില്‍ കേന്ദ്ര കമ്മിറ്റിയിലെത്തി. 2008ലെ 19-ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പിബി അംഗമായി.

അടിയന്തരാവസ്ഥയില്‍ അറസ്റ്റിലായ കോടിയേരി, ലോക്കപ്പില്‍ ക്രൂരമര്‍ദനത്തിന് ഇരയായി. മിസ പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കപ്പെട്ടു. കര്‍ഷകരുടെ ആവശ്യങ്ങളുന്നയിച്ച് നടത്തിയ റെയില്‍വേ സമരത്തില്‍ പൊലീസിന്റെ ഭീകരമര്‍ദനമേറ്റു. 1982ല്‍ തലശേരിയില്‍നിന്നാണ് ആദ്യമായി നിയമസഭാംഗമായത്. 1987, 2001, 2006, 2011ലും തലശേരിയെ പ്രതിനിധാനംചെയ്തു. 2006--11ല്‍ ആഭ്യന്തര, ടൂറിസം മന്ത്രിയായിരുന്നു. ജനമൈത്രി പൊലീസ് പദ്ധതി അക്കാലത്താണ് നടപ്പാക്കിയത്. 2001, 2011 പ്രതിപക്ഷ ഉപനേതാവായിരുന്നു.

Next Story