Top

'ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം'; കോര്‍പ്പറേഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം

കാലവര്‍ഷം അവസാനിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരം ആകാത്ത സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍

1 Nov 2022 4:37 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഒരാഴ്ച്ചയ്ക്കുള്ളില്‍ കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം കാണണം; കോര്‍പ്പറേഷന് ഹൈക്കോടതിയുടെ കര്‍ശന നിര്‍ദേശം
X

കൊച്ചി: വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കാന്‍ കര്‍ശന നിര്‍ദേശം നല്‍കി ഹൈക്കോടതി. ഒരാഴ്ചക്കുള്ളില്‍ കൊച്ചിയിലെ പ്രധാന സ്ഥലങ്ങളിലെ വെള്ളക്കെട്ടിന് പരിഹാരം കാണണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. കനാലുകളുടേയും ഓടകളുടേയും ശുചീകരണം വേഗത്തിലാക്കണം. കനാലുകളിലെ മാലിന്യ നിക്ഷേപം കുറയ്ക്കാന്‍ ശക്തമായ ഇടപെടലുകള്‍ നടത്തണമെന്നും വിഷയത്തില്‍ ഈ മാസം പതിനൊന്നിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കൊച്ചി കോര്‍പ്പറേഷന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

കാലവര്‍ഷം അവസാനിച്ചിട്ടും വെള്ളക്കെട്ടിന് പരിഹാരം ആകാത്ത സാഹചര്യത്തിലായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. ഒരു മണിക്കൂര്‍ തുടര്‍ച്ചയായി മഴ പെയ്താല്‍ പ്രധാന റോഡുകള്‍ മുങ്ങി പോകുന്ന കാഴ്ചയാണ് കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായത്.ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പാതി വഴിയില്‍ നിന്നുപോയതാണ് വെള്ളക്കെട്ടിന് കാരണം.

കഴിഞ്ഞ വര്‍ഷത്തെ വെള്ളക്കെട്ടിനു പിന്നാലെ കൊച്ചി കോര്‍പ്പറേഷന്‍ ഓടകളുടെ സ്ലാബ് തുറന്ന് നോക്കിയപ്പോള്‍ മാലിന്യം തിങ്ങി നിറഞ്ഞിരിക്കുകയായിരുന്നു. ഹോട്ടലുകളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഓടകളില്‍ തള്ളിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. മാലിന്യം നീക്കി വെള്ളം ഒഴുകി പോകുന്ന രീതിയില്‍ എത്രയും പെട്ടന്ന് ശുചീകരിക്കുമെന്ന് കോര്‍പ്പറേഷന്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇപ്പോഴും വെള്ളം ഇറങ്ങുന്ന റോഡിലെ കുഴികള്‍ പോലും വ്യത്തിയാക്കാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇടപെടല്‍.

ഓടകളില്‍ നിന്നും വെള്ളം ഒഴുകി എത്തുന്നത് മുല്ലശ്ശേരി കനാലിലേക്കാണ്. കനാലില്‍ മാലിന്യം അടിഞ്ഞുകൂടിയതു മൂലം വെള്ളത്തിന്റെ ഒഴുക്കും കുറഞ്ഞു. കനാലിന്റെ ആഴം കൂട്ടണമെങ്കില്‍ അടിത്തട്ടിലെ കുടിവെള്ള പൈപ്പും മാലിന്യ പൈപ്പും നീക്കം ചെയ്യണം. എന്നാല്‍ ഇതിനു വരുന്ന ചെലവ് വഹിക്കുന്നതിനായുളള ഫണ്ട് നിലവില്‍ ഇല്ലായെന്നതാണ് കോര്‍പ്പറേഷന്റെ വിശദീകരണം.

STORY HIGHLIGHTS: kochi water logging high court with strict instructions

Next Story