Top

മോഡലുകളുടെ മരണത്തില്‍ 'സംശയാസ്പദമായ ചിലതുണ്ട്'; ഹോട്ടല്‍ ഉടമയുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ അവശ്യപ്പെട്ട് പൊലീസ്

കേസ് പൊലീസ് തിരക്കഥയെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്.

18 Nov 2021 12:27 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ മരണത്തില്‍ സംശയാസ്പദമായ ചിലതുണ്ട്; ഹോട്ടല്‍ ഉടമയുള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ അവശ്യപ്പെട്ട് പൊലീസ്
X

കൊച്ചിയില്‍ മുന്‍ മിസ് കേരളയും റണറപ്പും വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ സംശയാസ്പദമായ ചിലതുണ്ടെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഫോര്‍ട്ട് കൊച്ചിയിലെ നം. 18 ഹോട്ടല്‍ ഉടമയുള്‍പ്പെടെയുള്ള പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷയിലാണ് പൊലീസ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക് കായലിലേക്ക് വലിച്ചെറിഞ്ഞുവെന്ന് തെളിഞ്ഞതായും പൊലീസ് കോടതിയില്‍ വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് സംശയാസ്പദമായ ചിലതുണ്ട്. അത് പുറത്തുവരണമെന്നും പ്രോസിക്യൂഷന്‍ കസ്റ്റഡി അപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു. സമയപരിധി കഴിഞ്ഞും ഹോട്ടലില്‍ മദ്യം വിളമ്പിയതായും പൊലീസ് കോടതിയെ അറിയിച്ചു. പ്രതികളെ മൂന്ന് ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്നാണ് പോലിസിന്റെ ആവശ്യം.

അതേസമയം, കേസ് പൊലീസ് തിരക്കഥയെന്നാണ് പ്രതിഭാഗത്തിന്റെ നിലപാട്. ജാമ്യം തേടി സമര്‍പ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറോടിച്ച അബ്ദുള്‍ റഹ്മാനെ സഹായിക്കാനാണ് കേസെടുത്തതെന്ന് ആരോപിച്ച പ്രതിഭാഗം അപടത്തിന് ജീവനക്കാര്‍ കാരണക്കാരല്ലെന്നും ചൂണ്ടിക്കാട്ടുന്നു. ഒന്നാം പ്രതി അബ്ദുള്‍ റഹ്മാന്‍ അമിതമായി മദ്യപിച്ചതാണ് അപകട കാരണമെന്ന് പോലിസ് തന്നെ പറയുന്നു. ഈ സാഹചര്യത്തില്‍ എങ്ങനെയാണ് മറ്റ് പ്രതികള്‍ കുറ്റക്കാരാകുന്നത് എന്നും പിന്നെന്തിന് ഇവര്‍ക്കെതിരെ നരഹത്യ കുറ്റം ചുമത്തിയെന്നും പ്രതിഭാഗം ചോദിക്കുന്നു.

അതേസമയം, കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം മോഡലുകളുടെ മരണത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോര്‍ജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാര്‍ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം അടക്കം മൂന്നുപേര്‍ കൊച്ചിയില്‍വെച്ചുണ്ടായ വാഹനാപടത്തില്‍ കൊല്ലപ്പെട്ടത്.


Next Story