മോഡലുകളുടെ മരണം; അന്വേഷണം ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി
18 Nov 2021 6:28 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം മോഡലുകളുടെ മരണത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രെെംബ്രാഞ്ച് ഏറ്റെടുക്കുന്നത്.
എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാർ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.
അതേസമയം, കേസില്‍ അറസ്റ്റിലായ ഹോട്ടല്‍ നമ്പര്‍ 18 ഉടമ റോയ് വയലാട്ടില്‍ ഹാജരാക്കിയ ഹാര്‍ഡ് ഡിസ്കില്‍ ദൃശ്യങ്ങള്‍ പൂര്‍ണമായും ഇല്ലെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഡിജെ പാര്‍ട്ടി നടന്ന ഒക്ടോബര്‍ 31 ആം തിയതി വൈകുന്നേരം 3 മണി മുതലുള്ള ദൃശ്യങ്ങളാണ് ഹാര്‍ഡ് ഡിസ്കില്‍ നിന്നും നശിപ്പിച്ചത്. ഈ സമയം ക്യാമറ ഓഫ് ചെയ്തിട്ടിരിക്കാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്.
രണ്ട് ഹാര്‍ഡ് ഡിസ്ക്കുകളാണ് റോയ് പൊലീസിന് മുന്നില്‍ ഹാജരാക്കേണ്ടിയിരുന്നത്. ഇതില്‍ ഒന്നില്‍ ഹോട്ടലിന്റെ ഹാളിലേയും പാര്‍ക്കിംഗ് ഗ്രൗണ്ടിലേയും ദൃശ്യങ്ങളാണ്. ഈ ഹാര്‍ഡ് ഡിസ്കാണ് ഹോട്ടല്‍ ജീവനക്കാരായ വിഷണു കുമാര്‍, എംബി മെല്വിന് എന്നിവര്‍ റോയിയുടെ നിര്‍ദേശ പ്രകാരം കായലില്‍ എറിഞ്ഞ് നശിപ്പിച്ചത്. മറ്റൊന്നില്‍ ഡിജെ പാര്‍ട്ടി സംഘടിപ്പിച്ച ഹാളിലെ ദൃശ്യങ്ങളാണ് ഉണ്ടായിരുന്നത്. ഇത് റോയ് പൊലീസിന് മുന്നില്‍ ഹാരജാക്കിയെങ്കിലും അതില്‍ അപകടം നടന്ന ദിവസത്തെ പൂര്‍ണ്ണമായ ദൃശ്യങ്ങള്‍ ഇല്ല. മൂന്ന് മണി തൊട്ടുള്ള ദൃശ്യങ്ങളാണ് അപ്രത്യക്ഷമായത്. ദൃശ്യങ്ങള്‍ മായ്ച്ചുകളയുകയോ അല്ലെങ്കില്‍ സിസിടിവി ക്യാമറ ഓഫ് ചെയ്തതോ ആയിരിക്കാമെന്നാണ് പൊലീസ് നിഗമനം.
തെളിവുകള്‍ നശിപ്പിച്ചെന്ന കേസില്‍ ഇന്നലെ അറസ്റ്റിലായ റോയ് ഉള്‍പ്പെടെയുള്ളവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. റോയ് വയലാട്ട്, എസ് വിഷ്ണു കുമാര്‍, എംബി മെല്വിന്, ലിന്സണ് റെയ്നോള്‍ഡ്, ജിഎ ഷിജുലാല്‍, കെകെ അനില്‍ എന്നിവരാണ് അറസ്റ്റിലായത്. ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം അടക്കം മൂന്നുപേർ വാഹനാപടത്തില്‍ കൊല്ലപ്പെട്ടത്.