Top

മോഡലുകളുടെ മരണം; പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി

18 Nov 2021 10:49 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ മരണം; പൊലീസിനോട് വിശദീകരണം തേടി ഹൈക്കോടതി
X

കൊച്ചി പാലാരിവട്ടത്ത് മിസ് കേരള ഉള്‍പ്പെടെ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസിന്റെ വിശദീകരണം തേടി ഹൈക്കോടതി. അപകടത്തില്‍ പെട്ട കാറിനെ പിന്തുടര്‍ന്നെത്തിയെന്ന് പറയുന്ന വാഹനത്തിലെ ഡ്രൈവര്‍ സൈജു സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് കോടതി പൊലീസിനോട് വിശദീകരണം തേടിയത്. വിഷയത്തില്‍ തിങ്കളാഴ്ച വിശദീകരണം നല്‍കാനുമാണ് ഹൈക്കോടതിയുടെ നിര്‍ദേശം.

കാറില്‍ സഞ്ചരിച്ചവര്‍ മദ്യപിച്ചിരുന്നു എന്നും സൈജു കോടതിയെ അറിയിച്ചു. മോഡലുകളുടെ വാഹനത്തെ പിന്‍തുടര്‍ന്നിട്ടില്ലെന്ന് വ്യക്തമാക്കുന്ന സൈജു മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ തന്നെ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നു എന്നുമാണ് മുന്‍ കുര്‍ ജാമ്യാപേക്ഷയില്‍ സൈജു ഉന്നയിക്കുന്നത്.

അന്‍സി കബീര്‍, അഞ്ജന എന്നിവരുടെ അപകടമരണം സംബന്ധിച്ച അന്വേഷണം സൈജുവിലേക്ക് നീളുന്ന എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇയാള്‍ മുന്‍ കൂര്‍ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, മോഡലുകളെ കാറില്‍ പിന്തുടര്‍ന്ന സൈജുവിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിച്ചെങ്കിലും ഹാജരായില്ലെന്ന് കൊച്ചി ഡിസിപി ഐശ്വര്യ ഡോങ്‌റെ നേരത്തെ പ്രതികരിച്ചു. ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കും. ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത കൂടുതല്‍ പേരെ ചോദ്യം ചെയ്യുമെന്നും കൊച്ചി ഡിസിപി വ്യക്തമാക്കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഡിജെ പാര്‍ട്ടി നടന്ന ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടല്‍ നം. 18 ഉടമ റോയ് വയലാട്ട് ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് സൈജു ഒളിവില്‍ പോയത്. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തിലാണ് ഇയാളുടെ തിരോത്ഥാനം. അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സൈജു ഒളിവില്‍ പോയത്.

പൊലീസ് ആരോപിക്കുന്നതുപോലെ താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നിട്ടില്ലെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ സൈജു അവകാശപ്പെടുന്നത്. എന്നാല്‍ തന്റെ നിര്‍ദേശമനുസരിച്ചാണ് സൈജു അന്ന് മോഡലുകളുടെ വാഹനത്തെ പിന്തുടര്‍ന്നതെന്നാണ് അറസ്റ്റിലായ നമ്പര്‍ 18 ഹോട്ടലുടമയുടെ ഏറ്റവും പുതിയ മൊഴി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് താന്‍ സൈജുവിനെ പറഞ്ഞുവിട്ടതെന്നാണ് റോയിയുടെ മൊഴി.

അതേസമയം, കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം മോഡലുകളുടെ മരണത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോര്‍ജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാര്‍ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ നവംബര്‍ ഒന്നിനാണ് മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം അടക്കം മൂന്നുപേര്‍ കൊച്ചിയില്‍വെച്ചുണ്ടായ വാഹനാപടത്തില്‍ കൊല്ലപ്പെട്ടത്.

Next Story