Top

'മോഡലുകളുടെ വാഹനം പിന്‍തുടര്‍ന്നിട്ടില്ല'; മുന്‍കൂർ ജാമ്യാപേക്ഷയുമായി ഔഡി കാർ ഡ്രെെവർ, ഒളിവില്‍

അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സൈജു ഒളിവില്‍ പോയതെന്നാണ് വിവരം

18 Nov 2021 7:06 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

മോഡലുകളുടെ വാഹനം പിന്‍തുടര്‍ന്നിട്ടില്ല; മുന്‍കൂർ ജാമ്യാപേക്ഷയുമായി ഔഡി കാർ ഡ്രെെവർ, ഒളിവില്‍
X

കൊച്ചി മോഡലുകളുടെ മരണത്തിനിടയാക്കിയ അപകടത്ത് വാഹനത്തെ പിന്തുടർന്നതായി കണ്ടെത്തിയ ഔഡി കാറുടമ സെെജു ഒളിവില്‍. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച പശ്ചാത്തലത്തിലാണ് നീക്കം. അറസ്റ്റ് ചെയ്യാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് സൈജു ഒളിവില്‍ പോയത്. തന്നെ മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യാന്‍ ശ്രമിക്കുന്നതായി കാണിച്ച് സെെജു ഹെെക്കോടതിയില്‍ ജാമ്യാപേക്ഷയും സമർപ്പിച്ചിട്ടുണ്ട്.

പൊലീസ് ആരോപിക്കുന്നതുപോലെ താന്‍ മോഡലുകളുടെ വാഹനത്തെ പിന്തുടർന്നിട്ടില്ലെന്നാണ് മുന്‍കൂർ ജാമ്യാപേക്ഷയില്‍ സെെജു അവകാശപ്പെടുന്നത്. എന്നാല്‍ തന്റെ നിർദേശമനുസരിച്ചാണ് സെെജു അന്ന് മോഡലുകളുടെ വാഹനത്തെ പിന്തുടർന്നതെന്നാണ് അറസ്റ്റിലായ നമ്പർ 18 ഹോട്ടലുടമയുടെ ഏറ്റവും പുതിയ മൊഴി. മദ്യപിച്ച് വാഹനമോടിക്കരുതെന്ന് പറയാനാണ് താന്‍ സെെജുവിനെ പറഞ്ഞുവിട്ടതെന്നാണ് റോയിയുടെ മൊഴി.

അതേസമയം, കൊച്ചിയില്‍ മുന്‍ മിസ് കേരള അടക്കം മോഡലുകളുടെ മരണത്തില്‍ അന്വേഷണ ചുമതല ജില്ലാ ക്രെെംബ്രാഞ്ചിന് കെെമാറി. ജില്ലാ ക്രൈംബ്രാഞ്ച് മേധാവി ബിജി ജോർജ് നേതൃത്വത്തിലുള്ള അന്വേഷണ സംഘമായിരിക്കും ഇനി കേസ് അന്വേഷിക്കുക. മോഡലുകളുടേത് അപകടമരണമാണെന്നും ദുരൂഹതയില്ലെന്ന പൊലീസ് വിശദീകരണത്തിന് പിന്നാലെയാണ് അന്വേഷണ ചുമതല ക്രെെംബ്രാഞ്ച് ഏറ്റെടുക്കുന്നത്.

എന്നാല്‍ അപകടത്തില്‍ ദുരൂഹത ഉണ്ടെന്നും അന്വേഷണത്തിലെ മെല്ലെ പോക്കില്‍ സംശയമുണ്ടെന്നും ആരോപിച്ച് മരണപ്പെട്ടരുടെ കുടുംബം അടക്കം രംഗത്തെത്തിയിരുന്നു. അപകട സമയത്ത് മോഡലുകള്‍ സഞ്ചരിച്ചിരുന്ന വാഹനത്തെ ഔഡി കാർ പിന്തുടന്നതിലടക്കം ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. ഇക്കഴിഞ്ഞ നവംബർ ഒന്നിനാണ് മുന്‍ മിസ് കേരള അന്‍സി കബീറും മിസ് കേരള റണ്ണറപ്പ് അഞ്ജന ഷാജനും അടക്കം അടക്കം മൂന്നുപേർ കൊച്ചിയില്‍വെച്ചുണ്ടായ വാഹനാപടത്തില്‍ കൊല്ലപ്പെട്ടത്.


Next Story