Top

'നൂറുകോടി ഒടുക്കാനാവില്ല'; നിയമപരമായി മുന്നോട്ട് പോകുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍

ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമത്തിയ 100 കോടി പിഴ അപ്രതീക്ഷിതമെന്ന് മേയര്‍ എം അനില്‍ കുമാര്‍.

18 March 2023 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

നൂറുകോടി ഒടുക്കാനാവില്ല; നിയമപരമായി മുന്നോട്ട് പോകുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍
X

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ ചുമത്തിയ 100 കോടി പിഴ അപ്രതീക്ഷിതമെന്ന് മേയര്‍ എം അനില്‍ കുമാര്‍. ഇത്തരമൊരു വിധിയുണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല. 100 കോടി പിഴ ഒടുക്കാന്‍ കഴിയില്ല. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അനില്‍കുമാര്‍ റിപ്പോര്‍ട്ടര്‍ ടി വിയോട് പറഞ്ഞു.

മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതും താന്‍ വിശദീകരിച്ചതുമായ കാര്യങ്ങള്‍ ഉറപ്പിക്കുന്നതാണ് ഹരിത ട്രിബ്യൂണലിന്റെ ഉത്തരവ്. 2010 ന് ശേഷമുണ്ടായ എല്ലാ തകരാറുകളെ സംബന്ധിച്ചും ഉത്തരവില്‍ പരാമര്‍ശിക്കുന്നുണ്ട്. 2012 ല്‍ പ്ലാന്റിലെ എല്ലാ കാര്യങ്ങളും തകരാറിലാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ മേയര്‍മാര്‍ വന്നിരുന്ന് അവരുടേ കാലത്തേതെല്ലാം കൃത്യമായിരുന്നുവെന്ന് പറയുന്നത് വെറുതെയായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഉത്തരവെന്നും മേയര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

ചീഫ് സെക്രട്ടറിക്ക് കൈമാറണമെന്ന് അറിയിച്ചുകൊണ്ട് നൂറ് കോടി രൂപയാണ് കൊച്ചി കോര്‍പ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണല്‍ പിഴ ഇട്ടിരിക്കുന്നത്. ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ നടപടിയെടുക്കണം. സര്‍ക്കാര്‍ എന്ത് കൊണ്ട് ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നില്ലെന്നും എന്‍ജിടി ചോദിച്ചു. കൊച്ചിയില്‍ മാലിന്യ സംസ്‌കരണത്തില്‍ തുടര്‍ച്ചയായ വീഴ്ച്ച സംഭവിക്കുന്നുവെന്നും ഉത്തരവില്‍ വിമര്‍ശിച്ചിട്ടുണ്ട്. പിഴ ഇനത്തില്‍ ലഭിക്കുന്ന തുക തീപിടിത്തവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നീക്കിവെയ്ക്കാനാണ് ഉത്തരവില്‍ നിര്‍ദേശിക്കുന്നത്.

കൊച്ചിയിലെ മാലിന്യവുമായും ബ്രഹ്മപുരം പ്ലാന്റുമായും ബന്ധപ്പെട്ട് നേരത്തെ ട്രിബ്യൂണല്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതായി ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. ഇതൊന്നും പാലിച്ചില്ലെന്നും ഉത്തരവില്‍ പറയുന്നു. മാരകമായ അളവില്‍ വായുവിലും പരിസരത്തെ ചതുപ്പിലും വിഷപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയെന്ന് പറഞ്ഞ ട്രൈബ്യൂണല്‍ ഭാവിയില്‍ സുഖമമായി പ്രവര്‍ത്തിക്കുന്ന മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും നിര്‍ദേശമുണ്ട്.

Story Highlights: Kochi Corporation says that it cannot pay the fine of 100 crores

Next Story