Top

കടത്തില്‍ മുങ്ങി കൊച്ചി കോര്‍പ്പറേഷന്‍; ബാധ്യത 900 കോടിയില്‍ അധികം

2021-22 വര്‍ഷത്തെ കണക്ക് പ്രകാരം ഏകദേശം 813 കോടി രൂപയാണ് നിലവില്‍ കോര്‍പ്പറേഷന്റെ ബാധ്യത

19 March 2023 3:43 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കടത്തില്‍ മുങ്ങി കൊച്ചി കോര്‍പ്പറേഷന്‍; ബാധ്യത 900 കോടിയില്‍ അധികം
X

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന് മേല്‍ ചുമത്തിയ 100 കോടി രൂപ പിഴ അടയ്ക്കാന്‍ നിലവിലെ സാഹചര്യം അനുസരിച്ച് കോര്‍പ്പറേഷന് കഴിഞ്ഞേക്കില്ല. 2021-22 വര്‍ഷത്തെ കണക്ക് പ്രകാരം ഏകദേശം 813 കോടി രൂപയാണ് നിലവില്‍ കോര്‍പ്പറേഷന്റെ ബാധ്യത. ഇതിന് മുമ്പും കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ പിഴ ചുമത്തിയിട്ടുണ്ട്.

ഇതിന് പുറമെ മരാമത്ത് പണി ചെയ്ത കരാറുകാര്‍ക്ക് 38 മാസത്തെ തുകയായ 100 കോടി രൂപ കോര്‍പ്പറേഷന്‍ ഇനിയും നല്‍കിയിട്ടില്ല. പൊതുടാപ്പുകള്‍ക്കുളള തുക ഇനത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ജല അതോറിറ്റിക്ക് കോടികള്‍ നല്‍കാനുണ്ട്. ബ്രഹ്‌മപുരത്ത് വാങ്ങിയ സ്ഥലത്തിന് കൂടുതല്‍ തുക ആവശ്യപ്പെട്ട് സമീപ വാസികള്‍ നല്‍കിയ ഹര്‍ജികള്‍ നിലവില്‍ കോടതിയുടെ പരിഗണനയിലാണ്. ഇതും ഏകദേശം 100 കോടിയ്ക്ക് മുകളില്‍ വരും. ഇതിന് പുറമെ റോഡ് വികസനത്തിന് സ്ഥലമേറ്റെടുത്തതും ഭവന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വായ്പ എടുത്തതും ഉള്‍പ്പെടെ കോടിക്കണിക്കിന് രൂപയുടെ ബാധ്യത വേറെയും ഉണ്ട്. ജിഎസ്ടി നഷ്ടപരിഹാര ഇനത്തിലും പെന്‍ഷന്‍ ഫണ്ട് ഇനത്തിലും കൊച്ചി കോര്‍പ്പറേഷന് സര്‍ക്കാര്‍ 150 കോടിയോളം രൂപ നല്‍കാനുണ്ട്.

ഇതിന് മുമ്പും കൊച്ചി കോര്‍പ്പറേഷന് ഹരിത ട്രിബ്യൂണല്‍ ബ്രഹ്‌മപുരം മാലിന്യപ്ലാന്റുമായി ബന്ധപ്പെട്ട് പിഴ ചുമത്തിയിട്ടുണ്ട്. 2018 ഒക്ടോബറില്‍ ബ്രഹ്‌മപുരത്ത് ഏകീകൃത മാലിന്യ പ്ലാന്റ് സ്ഥാപിക്കാന്‍ ദേശീയ ഹരിത ട്രിബ്യൂണല്‍ നിര്‍ദേശിച്ചിരുന്നു. കെട്ടിക്കിടക്കുന്ന ഖര മാലിന്യം എത്രയും വേഗം നീക്കം ചെയ്യണമെന്നും നിര്‍ദേശമുണ്ടായിരുന്നു. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ പാലിക്കാത്തതില്‍ കൊച്ചി കോര്‍പ്പറേഷന് ഒരു കോടി രൂപ പിഴ ചുമത്തിയിരുന്നു. 2021 ലും 2023 ലും ഖര മാലിന്യ പരിപാലന നിയമം പാലിക്കാതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡും പരിസ്ഥിതി ആഘാത നഷ്ട പരിഹാരമായി രണ്ട് ഘട്ടങ്ങളിലായി 14.92 കോടി രൂപയും 1.80 കോടി രൂപയും കോര്‍പ്പറേഷന് മേല്‍ പിഴ ചുമത്തിയിട്ടുണ്ട്.

STORY HIGHLIGHTS: Kochi Corporation has also been fined by Green Tribunal before this

Next Story