ഹോട്ടലുടമയെ ചോദ്യം ചെയ്തു; സിസിടിവി ദൃശ്യങ്ങളില്‍ ദുരൂഹതയില്ല, തര്‍ക്കങ്ങള്‍ നടന്നതായി സൂചന
ഡി.ജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് എറണാകുളം എ.സി.പി പറയുന്നത്.
16 Nov 2021 1:47 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊച്ചി: മുന്‍ മിസ് കേരള അന്‍സി കബീറിന്റെയും സുഹൃത്തുക്കളുടേയും അപകട മരണവുമായി ബന്ധപ്പെട്ട് ഹോട്ടലുടമ റോയി വയലാട്ടിനെ ചോദ്യം ചെയ്തു. ഏഴ് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ ദുരൂഹതയുണര്‍ത്തുന്ന ഒന്നും ലഭ്യമായിട്ടില്ലെന്നാണ് പൊലീസ് നല്കുന്ന സൂചന. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുമായി ബന്ധപ്പെട്ടും ദുരൂഹമായതൊന്നും പൊലീസിന് കണ്ടെത്താനായിട്ടില്ല. അതേസമയം ഒരു ഡിവിആര്‍ കൂടി പരിശോധിക്കാനുണ്ട്. ഇത് എത്രയും പെട്ടന്ന് ഹാജരാക്കാന്‍ റോയിയോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് തർക്കങ്ങള്‍ നടന്നത് സംബന്ധിച്ച സൂചനകള്‍ ലഭിച്ചെന്നും അഭ്യൂഹമുണ്ട്. ഇക്കാര്യത്തില്‍ ഒദ്യോഗിക സ്ഥിരീകരണമില്ല.
ഡി.ജെ പാര്‍ട്ടിയുടേത് ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ ഇന്ന് ഹാജരാക്കിയവയില്‍ ഉണ്ടെങ്കിലും ഇതില്‍ ദുരൂഹമായി ഒന്നുമില്ലെന്നാണ് എറണാകുളം എ.സി.പി പറയുന്നത്. അപകടത്തില്‍ ദുരൂഹത ഉയര്‍ന്നതിന് പിന്നാലെ നിരവധി തവണ പൊലീസ് നോട്ടീസ് നല്‍കിയിരുന്നെങ്കിലും റോയ് ഹാജരായിരുന്നില്ല. ഇതോടെ അറസ്റ്റ് നടപടിയിലേക്ക് കടക്കുമെന്ന പൊലീസിന്റെ മുന്നറിയിപ്പിന് പിന്നാലെയാണ് ഇയാള്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയത്. നടപടി വൈകുന്നതില്‍ ഡിജിപി കമ്മീഷണറോട് വിശദീകരണം ചോദിക്കുകയും ചെയ്തിരുന്നു. ഡിജിപിയുടെ താക്കീതിന് പിന്നാലെയാണ് ഇന്ന് ഹാജരാക്കാന്‍ റോയ്ക്ക് നോട്ടീസ് നല്‍കിയത്.
മോഡലുകള്‍ മരിച്ച അപകട സ്ഥലത്ത് റോയി എത്തിയിരുന്നതായി അഭ്യൂഹങ്ങളുണ്ടായിരുന്നു. സംഭവത്തില്‍ പഴുതടച്ച അന്വേഷണത്തിനാണ് പൊലീസ് ശ്രമിക്കുന്നത്.റോയിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെ ആയിരുന്നു മിസ് കേരള അന്‍സി കബീറും റണ്ണറപ് അഞ്ജന ഷാജനും വാഹനാപകടത്തില്‍ മരിച്ചത്. ഡിജെ പാര്‍ട്ടി നടന്ന ഹാളില്‍ ഹോട്ടല്‍ ഉടമ റോയി ഉണ്ടായിരുന്നു. സംഭവദിവസം രാത്രി ഹോട്ടലില്‍നിന്നു കാറില്‍ അമിതവേഗത്തില്‍ യുവതികള്‍ പോകാനിടയാക്കിയ സംഭവത്തെ കുറിച്ചു ഹോട്ടല്‍ ഉടമയ്ക്കു വ്യക്തമായ അറിവുണ്ടെന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം.