'കൊലപാതകങ്ങള്‍ സൃഷ്ടിക്കുന്നത് രക്തസാക്ഷിയെ മാത്രമല്ല, മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെ കൂടിയാണ്': കെ കെ രമ
3 Dec 2021 8:12 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ സംഭവം അപലപനീയമാണെന്ന് ആര്‍എംപി നേതാവ് കെ കെ രമ എംഎല്‍എ. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണെന്നാണ് കെ കെ രമയുടെ ഓര്‍മ്മപ്പെടുത്തല്‍. കൊലപാതകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിമയത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കെ കെ രമ ഫേസ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംസ്ഥാനത്ത് തുടര്‍ക്കഥയാണ്. എന്നാല്‍ കൊലപാതകികളെ സംരക്ഷിക്കുകയും, അവര്‍ മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ ഇടപെടലുകള്‍ അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ക്ക് അറുതി വരുകയുള്ളു എന്നും കെ കെ രമ വ്യക്തമാക്കുന്നു.
കെ കെ രമയുടെ പോസ്റ്റ് പൂര്‍ണരൂപം-
തിരുവല്ലയിലെ സി.പി.എം ലോക്കല്‍ സെക്രട്ടറി സന്ദീപ്കുമാറിന്റെ കൊലപാതകം ഏറെ അപലപനീയവും, ദുഃഖകരവുമാണ്. ഓരോ കൊലപാതകങ്ങളും സൃഷ്ടിക്കുന്നത് ഒരു രക്തസാക്ഷിയെ മാത്രമല്ല, ജീവിതകാലം മുഴുവന്‍ മരിച്ചു ജീവിക്കുന്ന കുടുംബാംഗങ്ങളെയും, സൗഹൃദങ്ങളെയും കൂടെയാണ്. സംഘപരിവാറാണ് ഈ കൊലപാതകത്തിന് പിന്നിലെന്നാണ് സി.പി.എം പറയുന്നത്. കൃത്യമായ അന്വേഷണം നടത്തി ഈ അക്രമിസംഘത്തെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ ആഭ്യന്തര വകുപ്പിന് കഴിയണം.
ഓരോ കൊലപാതകങ്ങള്‍ നടക്കുമ്പോഴും ഇത് അവസാനത്തേത് ആകണമെന്ന് ആഗ്രഹിക്കുന്നൊരു സമൂഹത്തിന്റെ മുന്നിലേക്കാണ് നരാധമന്‍മാര്‍ വീണ്ടും വീണ്ടും വാളെടുക്കുന്നത്. കൊലപാതകികളെ സംരക്ഷിക്കുകയും,അവര്‍ മഹാന്മാരാണെന്ന ബോധം സമൂഹത്തില്‍ ഉയര്‍ത്തിക്കൊണ്ടുവരികയും ചെയ്യുന്ന ഓരോ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഇത് അവസാനിപ്പിച്ചാല്‍ മാത്രമേ ഇത്തരം ക്രൂര കൊലപാതകങ്ങള്‍ അവസാനിക്കുകയുള്ളു. സന്ദീപിന്റെ വിയോഗത്തില്‍ ആ കുടുംബത്തിനും,സുഹൃത്തുക്കള്‍ക്കും,നാടിനുമുണ്ടായ തീരാനഷ്ടത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു.
അതിനിടെ, തിരുവല്ലയില്‍ സിപിഐഎം പ്രാദേശിക നേതാവ് പിബി സന്ദീപ് കുമാറിനെ വെട്ടിക്കൊന്ന കേസില്‍ നാല് പ്രതികള്‍ പിടിയിലായി. ചാത്തങ്കരി സ്വദേശി ജിഷ്ണു, തിരുവല്ല കാവുംഭാഗം സ്വദേശി നന്ദു, പായിപ്പാട് സ്വദേശി പ്രമോദ, ഫൈസല്‍ എന്നിവരാണ് പിടിയിലായത്. ആലപ്പുഴ കരുവാറ്റയില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. തിരുവല്ലയില്‍ ഇന്ന് സിപിഐഎം ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കുത്തേറ്റ് മരിച്ച സന്ദീപ് കുമാറിന്റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കേളേജില്‍ നടക്കും. ഇന്നലെ രാത്രിയാണ് തിരുവല്ല പെരിങ്ങര സിപിഐഎം ലോക്കല്‍ സെക്രട്ടറി പിബി സന്ദീപ് കുമാര്‍ കുത്തേറ്റ് മരിച്ചത്.
ആര്‍എസ്എസ് പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്ന് പ്രാദേശിക സിപിഐഎം നേതാക്കള്‍ ആരോപിച്ചു. സജീവ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ജിഷ്ണു അടക്കമുള്ള അഞ്ച് പേരടങ്ങിയ സംഘമാണ് സന്ദീപിനെ വെട്ടിക്കൊന്നതെന്ന് നേതാക്കള്‍ ഇന്നലെ ആരോപിച്ചിരുന്നു. രാത്രി എട്ടു മണിയോടെ മേപ്രാലില്‍ വച്ചാണ് സംഭവം.കഴുത്തിലും നെഞ്ചിലുമായി അഞ്ചിലേറെ കുത്തുകളാണ് സന്ദീപിന്റെ ശരീരത്തിലേറ്റത്. ബൈക്കിലെത്തിയ ആര്‍എസ്എസ് സംഘം സന്ദീപിനെ വയലിലേക്ക് കൂട്ടികൊണ്ടുപോയ ശേഷം മാരകായുധങ്ങളുമായി കുത്തിക്കൊല്ലുകയായിരുന്നു. നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് ആക്രമ സംഘം സ്ഥലത്ത് നിന്ന് മടങ്ങിയത്.മുന്‍ ഗ്രാമപഞ്ചായത്തംഗം കൂടിയാണ് സന്ദീപ് കുമാര്‍.