പൊലീസിനെ ആക്രമിച്ചവര്‍ അകത്ത് തന്നെ; ജാമ്യത്തിന് ശ്രമിക്കാതെ സാബു
കിറ്റെക്സിലെ തൊഴിലാളികളായ 174 പേരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്
16 Jan 2022 1:57 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

പൊലീസിനെ ആക്രമിച്ച കേസില്‍ പ്രതികളായ കിറ്റെക്സിലെ അതിഥിത്തൊഴിലാളികളെ കയ്യൊഴിഞ്ഞ് ഉടമ സാബു എം ജേക്കബ്. സംഭവം നടന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും തൊഴിലാളികളെ ജാമ്യത്തില്‍ ഇറക്കാന്‍ സാബു ശ്രമിക്കുന്നില്ലെന്നാണ് ആരോപണം. പ്രതികളെ പുറത്തിറക്കാന്‍ വന്‍തുക ചിലവഴിക്കേണ്ടി വരുമെന്നത് കൊണ്ടാണ് സാബു ജാമ്യത്തിന് ശ്രമിക്കാത്തതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
കിറ്റെക്സിലെ തൊഴിലാളികളായ 174 പേരാണ് ഇപ്പോള്‍ ജയിലില്‍ കഴിയുന്നത്. പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ നഷ്ടപരിഹാരമായി കണക്കാക്കുന്നത് 12 ലക്ഷത്തോളം രൂപയാണ്. തൊഴിലാളികളെ എല്ലാവരെയും ജാമ്യത്തിലിറക്കണമെങ്കില് ഒരാള്‍ക്ക് 12 ലക്ഷം കണക്കാക്കി കോടികള്‍ വേണ്ടിവരും. ഇത്രയും തുക ചിലവാക്കാന്‍ സാബു ജേക്കബ് സന്നദ്ധനല്ല. തന്റെ തൊഴിലാളികള്‍ നിരപരാധികളാണെന്ന് വാദിക്കുമ്പോഴും അവരെ സംരക്ഷിക്കാന്‍ സാബു തയ്യാറാകുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു.
പൊതുമുതല്‍ നശിപ്പിക്കുക, വധശ്രമം, ഉദ്യോഗസ്ഥരുടെ കൃത്യ നിര്‍വ്വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വധശ്രമക്കേസില്‍ അമ്പത്തൊന്നും പൊതുമുതല്‍ നശിപ്പിച്ച കേസില്‍ നൂറ്റിപ്പതിമൂന്നും പേരും പ്രതികളാണ്. പ്രതികളില്‍ നിന്ന് പിടിച്ചെടുത്ത മൊബൈലുകളില്‍ നിന്ന് ലഭിച്ച ദൃശ്യങ്ങള്‍ പരിശോധിച്ചാണ് കൂടുതല്‍ പ്രതികളെ പൊലീസ് കണ്ടെത്തിയത്.
ക്രിസ്തുമസ്രാത്രി കമ്പനി വളപ്പിലും റോഡിലുമായി അതിഥിത്തൊഴിലാളികള്‍ നടത്തിയ ആക്രമണത്തില്‍ സിഐ, എസ്ഐ, എഎസ്ഐ എന്നിവര്‍ ഉള്‍പ്പെടെ ഒമ്പത് പൊലീസുകാര്‍ക്കാണ് പരുക്കേറ്റത്. പൊലീസ് വാഹനങ്ങളും പ്രതികള്‍ കത്തിച്ചിരുന്നു.