Top

കിറ്റെക്‌സ് ജീവനക്കാരന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

''വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ ഭയങ്കര ഭയവുമായിരുന്നു''

1 Feb 2022 12:00 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കിറ്റെക്‌സ് ജീവനക്കാരന്റെ ആത്മഹത്യ; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി
X

കിഴക്കമ്പലം കിറ്റെക്‌സ് കമ്പനിയിലെ ജീവനക്കാരന്റെ ആത്മഹത്യയില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രി പിണറായി വിജയന് പരാതി നല്‍കി. പനച്ചിയം സ്വദേശി 29 കാരനായ കിഷോറിന്റെ ആത്മഹത്യയിലാണ് കുടുംബം അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുന്നത്.

കമ്പനിയില്‍ നടന്ന ഒരു പ്രശ്‌നത്തിന് പിന്നാലെ കിഷോര്‍ വളരെ മാനസിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നു. മരണത്തില്‍ കുറുപ്പംപടി പൊലീസ് കേസ് എടുത്തിരുന്നെങ്കിലും തുടര്‍നടപടികളൊന്നും ഇതുവരെ ഉണ്ടായിട്ടില്ലെന്ന് കിഷോറിന്റെ കുടുംബം പരാതിയില്‍ വ്യക്തമാക്കി. സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസിക പിരിമുറുക്കം കൊണ്ടാണ് കിഷോര്‍ ആത്മഹത്യ ചെയ്തത്. പൊലീസ് വ്യക്തമായ അന്വേഷണം നടത്താത്തത് ആരെയോ ഭയപ്പെടുന്നത് കൊണ്ടാണ്. കിഷോറിന്റെ മരണാനന്തര ചടങ്ങുകളില്‍ കമ്പനി പ്രതിനിധികളും സുഹൃത്തുക്കളും പങ്കെടുക്കാത്തത് സംശയം ബലപ്പെടുത്തുന്നുണ്ടെന്നും കുടുംബം പരാതിയില്‍ പറയുന്നു.

പരാതിയില്‍ പറയുന്നത് ഇങ്ങനെ: ''മകന്‍ കിറ്റെക്‌സ് കമ്പനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായിട്ട് ജോലി നോക്കി വരികയായിരുന്നു. ടിയാന്‍ നവംബര്‍ 20ന് എന്റെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനില്‍ കെട്ടി തൂങ്ങി ആത്മഹത്യ ചെയ്യുകയുണ്ടായി. കമ്പനിയിലെ സഹപ്രവര്‍ത്തകരായ മുകേഷ്, അനന്തു, അനീഷ, നീതു, ശ്രീജ, വിഷ്ണു, സുമേഷ്, മനോജ് എന്നിവര്‍ കിഷോറിന്റെ ആത്മസുഹൃത്തുക്കളായിരുന്നു. അനിഷ, നീതു, ശ്രീജ എന്നീ സ്ത്രീവര്‍ക്കര്‍മാരുമായി കിഷോര്‍ മൊബൈലില്‍ ചാറ്റ് ചെയ്യാറുണ്ടായിരുന്നു. ഇതിനെ സംബന്ധിച്ച് അനന്തു, സുമേഷ് എന്നിവര്‍ കിഷോറിനെ പല സമയത്തും പലപ്പോഴും കളിയാക്കുമായിരുന്നു.''

''കിഷോറിന് ഇത് അസഹ്യമായി തോന്നുകയും, വീട്ടില്‍ വന്ന് കഴിഞ്ഞാല്‍ ഭയങ്കര ഭയവുമായിരുന്നു. മാനസികമായി മകന്‍ വളരെ ബുദ്ധിമുട്ടിലായിരുന്നു. കമ്പനിയില്‍ എന്തോ പ്രശ്‌നമാണ് അതിന് കാരണം. കമ്പനിയില്‍ നടന്ന മാനസിക ബുദ്ധിമുട്ട് എന്താണ് എന്ന് എനിക്ക് മനസ്സിലാകുന്നില്ല. മകന് സഹപ്രവര്‍ത്തകരില്‍ നിന്നും അനുഭവികേണ്ടിവന്ന മാനസിക പ്രശ്‌നമാണ് ആത്മഹത്യ ചെയ്യുവാനുണ്ടായ കാരണം എന്ന് മനസിലാക്കുന്നു. അല്ലാതെ മറ്റ് യാതൊരു വിധ കാരണങ്ങളും മകനുണ്ടായിരുന്നില്ല.''

''കുറുപ്പംപടി പൊലീസ് കേസെടുത്തെങ്കിലും ഒരു തീരുമാനവും നാളിതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടാണ് ഈ പരാതി ബോധിപ്പിക്കുന്നത്. സഹപ്രവര്‍ത്തകരില്‍ നിന്നുണ്ടായ മാനസിക പിരിമുറുക്കം കൊണ്ട് മാത്രമാണ് മകന്‍ ആത്മഹത്യ ചെയ്തത്. പോലീസ് വേണ്ട വിധം അന്വേഷിക്കുന്നില്ല എന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ആരെയോ പൊലീസ് ഭയപ്പെടുന്നു. അല്ലായെങ്കില്‍ ആരെയൊക്കെയോ സഹായിക്കുന്നു. വേണ്ടവിധം അന്വേഷിച്ചാല്‍ മരണകാരണം ബോധ്യമാകുന്നതാണ്. മരണാനന്തര ചടങ്ങുകള്‍ക്ക് മകന്റെ ഒരു കൂട്ടുകാരും, അതുപോലെ കമ്പനിയില്‍നിന്നും ആരും പങ്കെടുത്തില്ല. അതും എന്റെ സംശയം ബലപ്പെടുത്തുന്നു. നാളിതുവരെ ഇവരാരും തിരിഞ്ഞുനോക്കിയിട്ടില്ല. കമ്പനിയില്‍ നിന്നും ലഭിക്കേണ്ട യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല.''

Next Story