Top

വിസ്മയ കേസിൽ നിർണായക വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറു മാറി

31 Jan 2022 2:56 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിസ്മയ കേസിൽ നിർണായക വഴിത്തിരിവ്; കിരണിന്റെ പിതാവ് കൂറു മാറി
X

വിസ്മയ കേസിൽ പ്രതി കിരണിന്റെ പിതാവ് സദാശിവൻ പിള്ള കൂറു മാറിയതായി കോടതി പ്രഖ്യാപിച്ചു. ആത്മഹത്യ കുറിപ്പ് എഴുതി വച്ച ശേഷമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് സദാശിവൻ പിള്ള മൊഴി നൽകി. ഈ കുറിപ്പ് താൻ പൊലീസിന് കൈമാറിയെന്നും കോടതിയിൽ സദാശിവൻ പിള്ള പറഞ്ഞു. ഇതോടെയാണ് സദാശിവൻ പിള്ള കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടത്. ഇത് കോടതി അം​ഗീകരിച്ചു. നേരത്തെ പൊലീസിനു നൽകിയ മൊഴിയിലും മാധ്യമങ്ങൾക്കു മുന്നിലും ആത്മഹത്യ കുറിപ്പിനെ പറ്റി സദാശിവൻ പിള്ള പറഞ്ഞിരുന്നില്ല.

കിരണിന് തുടരെ കുരുക്കുകൾ

നേരത്തെ കോടതിയിൽ സ്വന്തം ഫോൺ റെക്കോഡുകളായിരുന്നു കിർണിന് കുരുക്കായത്. തനിക്കെതിരെ വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നൽകിയാൽ വിസ്മയക്ക് വിവാഹേതര ബന്ധമുണ്ടെന്ന് പ്രചരിപ്പിക്കുമെന്ന് കിരൺ പറയുന്ന ഫോൺ റെക്കോഡുകൾ പ്രോസിക്യൂഷൻ വിചാരണ കോടതിയിൽ ഹാജരാക്കി. കിരണിന്റെ സഹോദരി ഭർത്താവ് മുകേഷുമായുള്ള ഫോൺ സംഭാഷണമാണിത്. വിസ്മയയെ മർദ്ദിച്ചെന്ന് കിരൺ മുകേഷിനോട് പറയുന്ന ഫോൺ സംഭാഷണവും കോടതിക്ക് മുന്നിലെത്തി.

സ്ത്രീധനത്തിന് വേണ്ടി കിരൺ വിസ്മയയെ പീഡിപ്പിച്ചിരുന്നെന്നതിന് തെളിവായാണ് ഈ രേഖകൾ ഹാജരാക്കിയത്. കിരണിന്റെ ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച് ലഭിച്ച ഈ സംഭാഷണങ്ങൾ കോടതിയിൽ നിർണായക തെളിവാവുകയാണ്. കിരണിന്റെ ഫോണിലെ എല്ലാം സംഭാഷണങ്ങളും ഓട്ടോമാറ്റിക്കായി റെക്കോഡ് ചെയ്യപ്പെട്ടിരുന്നു. ഇക്കാര്യം കിരൺ അറിഞ്ഞിരുന്നില്ല. ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ച ഘട്ടത്തിലാണ് ഈ സംഭാഷണങ്ങളെല്ലാം അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. സ്ത്രീധനം കുറഞ്ഞെന്ന പേരിൽ തന്നെ കിരൺ മർദ്ദിക്കുന്നെന്ന് വിസ്മയ അമ്മയോട് പറഞ്ഞ ഫോൺ സംഭാഷണങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി.

Next Story