Top

'വിധി നിരാശാജനകം'; അപ്പീൽ പോയാൽ നിലനിൽക്കില്ലെന്ന് കിരണിന്റെ അഭിഭാഷകൻ

23 May 2022 7:41 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിധി നിരാശാജനകം; അപ്പീൽ പോയാൽ നിലനിൽക്കില്ലെന്ന് കിരണിന്റെ അഭിഭാഷകൻ
X

കൊല്ലം: വിസ്മയ കേസിൽ പ്രതി കിരൺ കുമാർ കുറ്റക്കാരനെന്ന് വിധിച്ച അഡീഷണൽ സെഷൻസ് കോടതി വിധി നിരാശാജനകമെന്ന് കിരണിന്റെ അഭിഭാഷകൻ പ്രതാപചന്ദ്രൻ പിള്ള. അപ്പീൽ പോയാൽ നിലനിൽക്കുന്നതല്ല കേസിലെ വിധിയെന്നും പ്രോസിക്യൂഷൻ കോടതിയിൽ തെളിവുകളായി സമർപ്പിച്ച ശബ്ദരേഖകൾ സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തതാണെന്നും പ്രതിഭാ​ഗം അഭിഭാഷകൻ ആരോപിച്ചു.

വിധി നിരാശാജനകമാണ്. കേസിന്റെ എല്ലാ വശവും പഠിച്ചയാളെന്ന നിലയിൽ ഈ വിധി നിലനിൽക്കത്തക്കതല്ല. സംഭാഷണ ശകലത്തിൽ നിന്ന് കുറച്ച് ഭാ​ഗം അടർത്തിയെടുത്തിട്ട് കേൾപ്പിക്കുമ്പോൾ ഭയങ്കര സംഭവമായി നമ്മൾക്ക് തോന്നും. സെഷൻസ് കോടതി വിധിക്കെതിരെ അപ്പീൽ നൽകും. ഡിഫൻസ് ലോയർ എന്ന നിലയിൽ എന്റെ അനുഭവത്തിൽ വെറുതെ വിടുമെന്ന് കരുതിയ കുറ്റങ്ങളിൽ കോടതി ശിക്ഷിക്കുകയും പിന്നീൽ അപ്പീൽ നൽകുമ്പോൾ ഹൈക്കോടതി വെറുതെ വിടുകയും ചെയ്യുന്ന സംഭവങ്ങളുണ്ടായിട്ടുണ്ട്- അഭിഭാഷകൻ പ്രതാപ ചന്ദ്രൻ പിള്ള റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.

അതേസമയം കോടതി വിധിയെ പബ്ലിക് പ്രോസിക്യൂട്ടർ സ്വാ​ഗതം ചെയ്തു. വിസ്മയ കേസിലെ വിധി ഒരു വ്യക്തിക്കെതിരെയല്ല മറിച്ച് സ്ത്രീധനം എന്ന സാമൂഹിക വിപത്തിനെതിരെയാണ്. കേസില്‍ ഡിജിറ്റല്‍ രേഖകളാണ് കോടതി പരിശോധിച്ചത്. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് വാദിക്കുമെന്നും പബ്ലിക്ക് പ്രോസിക്യൂട്ടര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കൊല്ലം അഡിഷണല്‍ കോടതിയാണ് കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്ന വിധി പ്രസ്താവിച്ചത്. കിരണിനെതിരായുള്ള സ്ത്രീധന പീഡനം മൂലമുള്ള മരണം, (സെക്ഷന്‍ 304 ബി), സ്ത്രീധന പീഡനം (498 എ), ആത്മഹത്യാ പ്രേരണ (സെക്ഷന്‍ 306) എന്നീ മൂന്ന് കുറ്റങ്ങളും തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസില്‍ നാളെ ശിക്ഷ വിധിക്കും. നാല് മാസത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് ഏറെ ചര്‍ച്ചയായ കേസില്‍ വിധി വരുന്നത്. 2021 ജൂണ്‍ 21 നാണ് കിരണിന്റെ വീട്ടില്‍ വിസ്മയയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ വര്‍ഷം ജനുവരി പത്തിനാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. ഇതിനിടെ വകുപ്പ് തല അന്വേഷണത്തില്‍ കിരണ്‍ കുമാറിനെ മോട്ടോര്‍ വാഹന വകുപ്പിലെ ജോലിയില്‍ നിന്നും പിരിച്ചു വിടുകയും ചെയ്തിരുന്നു.2020 മെയ് 30 നാണ് ബിഎഎംഎസ് വിദ്യാര്‍ത്ഥിനിയായ വിസ്മയ കിരണ്‍ കുമാറിനെ വിവാഹം ചെയ്തത്. സ്ത്രീധനമായി കൂടുതല്‍ സ്വര്‍ണം ആവശ്യപ്പെട്ടും വിസ്മയയുടെ വീട്ടുകാര്‍ നല്‍കിയ കാറില്‍ തൃപ്തനല്ലാത്തിനാലും വിസ്മയയെ നിരന്തരം മാനസികമായും ശാരീരികമായി കിരണ്‍ കുമാര്‍ പീഡിപ്പിച്ചിരുന്നെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

Story Highlight: kiran kumar lawyer against session court verdict in vismaya case

Next Story