കിളികൊല്ലൂര്‍ മര്‍ദ്ദനം; കൊല്ലം മജിസ്ട്രേറ്റിനെതിരെ പരാതി
വിഷ്ണുവിനേയും സഹോദരനേയും മര്‍ദിച്ച സംഭവത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസും വിമുക്ത ഭടന്മാരും തമ്മില്‍ കയ്യേറ്റം ഉണ്ടായിരുന്നു.
25 Oct 2022 7:14 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കിളികൊല്ലൂര്‍ സ്റ്റേഷനില്‍ സൈനികനും സഹോദരനും മര്‍ദ്ദനമേറ്റ സംഭവത്തില്‍ മജിസ്ട്രേറ്റിനെതിരെ പരാതി. കൊല്ലം മജിസ്ട്രേറ്റിനെതിരെയാണ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് പരാതി നല്‍കിയത്. കസ്റ്റഡി മര്‍ദ്ദനമാണെന്ന് മനസിലാക്കിയിട്ടും ചികിത്സ ഉറപ്പാക്കിയില്ലെന്നാണ് പരാതി. വിമുക്ത ഭടന്മാരുടെ സംഘടനയായ പൂർവ്വ സെെനിക സേനാ പരിഷത്ത് എന്ന സംഘടനയാണ് പരാതി നല്‍കിയത്.
വിഷ്ണുവിനേയും സഹോദരനേയും മര്‍ദിച്ച സംഭവത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ പൊലീസും വിമുക്ത ഭടന്മാരും തമ്മില്‍ കയ്യേറ്റം ഉണ്ടായിരുന്നു. വിമുക്ത ഭടന്മാരുടെ സംഘടനയായ സോള്‍ജിയേഴ്സ് ഓഫ് ഈസ്റ്റ് വെനീസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ചാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. സൈനിക കൂട്ടായ്മയുടെ ബാനര്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ബലമായി വലിച്ചു കീറി. രോഷകുലരായ പൊലീസ് മുതിര്‍ന്നവര്‍ ഉള്‍പ്പെടെയുള്ളവരെ പിടിച്ചു തള്ളിയതായും പരാതിയുണ്ട്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പൊലീസ് അതിക്രമങ്ങള്‍ വാര്‍ത്തയാകുന്നതിന്റെ ഇടയിലാണ് കിളികൊല്ലൂര്‍ പൊലീസ് സ്റ്റേഷനിലെ സംഭവം. സ്റ്റേഷനുള്ളിലെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്ത് വിട്ടിരുന്നു. ആദ്യം സൈനികന്റെ കരണത്തടിച്ചത് എഎസ്ഐ ആണെന്ന് ദൃശ്യങ്ങളിലൂടെ വ്യക്തമായി. പൊലീസ് നടപടിക്കെതിരെ വിവിധ കോണുകളില്‍ നിന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.