കിളികൊല്ലൂര്‍ കേസ്: 'മര്‍ദിച്ചത് ആരെന്നറിയില്ല'; ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പൊലീസ് റിപ്പോര്‍ട്ട്
വിഘ്നേഷാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് പൊലീസിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്.
27 Nov 2022 6:58 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊല്ലം: കിളികൊല്ലൂരില്‍ സൈനികനേയും സഹോദരനേയും മര്‍ദിച്ച കേസില്‍ ഉദ്യോഗസ്ഥനെ സംരക്ഷിച്ച് പൊലീസ് റിപ്പോര്‍ട്ട്. സൈനികന് വിഷ്ണുവിനും സഹോദരന് വിഘ്നേഷിനും പൊലീസ് സ്റ്റേഷനില്‍ നിന്ന് മര്‍ദനമേറ്റെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മെറിന് ജോസഫ് മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എന്നാല്‍ ആരാണ് മര്‍ദിച്ചതെന്ന് അറിയില്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്.
കിളി കൊല്ലൂർ സ്റ്റേഷനിൽ വച്ച് എസ്ഐ അനീഷും, സിഐ വിനോദും, മര്‍ദ്ദിച്ചുവെന്ന സൈനികന്റെയും സഹോദരന്റെയും വാദത്തിന് തെളിവില്ലെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ. അതുകൊണ്ടു തന്നെ മര്‍ദ്ദിച്ചത് ആരാണെന്ന് വ്യക്തമല്ല. ആരു മര്‍ദ്ദിച്ചു എന്നതിന് തെളിവില്ല കമ്മീഷണര്‍ മനുഷ്യാവകാശ കമ്മീഷന് നല്കിയ റിപ്പോര്‍ട്ടിലാണ് ഈ വിചിത്രമായ കണ്ടെത്തലുള്ളത്.
വിഘ്നേഷാണ് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കിയിരുന്നത്. ഇതേതുടര്‍ന്ന് പൊലീസിനോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മനുഷ്യാവകാശ കമ്മീഷന് ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട്. ഇരുവര്‍ക്കും സ്റ്റേഷന് പുറത്ത് വെച്ചാണ് മര്‍ദനമേറ്റതെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥര്‍ ആദ്യം പ്രതികരിച്ചത്. എന്നാല്‍ ഈ വാദം പൊളിയുന്നതാണ് മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. സ്റ്റേഷന് പുറത്തുവച്ച് ഇരുവര്‍ക്കും മര്‍ദ്ദനമേറ്റതിന് തെളിവില്ല. സംഭവസ്ഥലം സന്ദര്‍ശിച്ച് അന്വേഷിച്ചെങ്കിലും തെളിവ് കണ്ടെത്താന്‍ ആയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
എംഡിഎംഎ കേസിലെ പ്രതികളെ ജാമ്യത്തിലിറക്കാന്‍ വിളിച്ചുവരുത്തിയപ്പോഴായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം. ഇവര്‍ പൊലീസിനെ ആക്രമിച്ചെന്ന പേരില്‍ ഉദ്യോഗസ്ഥര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നുവെങ്കിലും കേസ് വ്യാജമാണെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.
സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂര്‍ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേര്‍ പിടിയിലായ സംഭവത്തില്‍ ഒരാള്‍ക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരന് വിഘ്നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് ആരോപണം. എന്നാല്‍ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്നേഷ് ജാമ്യം നില്ക്കാന് തയ്യാറായില്ല. തുടര്‍ന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്നേഷും ഒരു പൊലീസുകാരനും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടര്‍ന്നാണ് രണ്ടുപേരെയും പൊലീസുകാര്‍ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചത്.
Story Highlights: kilikollur case police report to human right commission