Top

'വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് രണ്ട് ലക്ഷം ശമ്പളം'; ആരോപണങ്ങള്‍ക്കിടെ വിശദീകരണവുമായി കിഫ്ബി

ഷൈലയെ നിയമിച്ചിരിക്കുന്നത് കെഎസ്ആര്‍ റൂള്‍ 100 പ്രകാരമുളള തുക ശമ്പളമായി നിശ്ചയിച്ചുകൊണ്ട്

8 Aug 2022 7:10 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് രണ്ട് ലക്ഷം ശമ്പളം; ആരോപണങ്ങള്‍ക്കിടെ വിശദീകരണവുമായി കിഫ്ബി
X

തിരുവനന്തപുരം: സര്‍ക്കാര്‍ ജോലിയില്‍ നിന്നും വിരമിച്ച ഉദ്യോഗസ്ഥയ്ക്ക് ശമ്പളത്തോടെ കരാര്‍ നിയമനം നല്‍കിയതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി. സര്‍വീസില്‍ നിന്ന് വിരമിച്ച ഷൈലയുടെ നിയമനത്തിലാണ് വിശദീകരണവുമായി കിഫ്ബി രംഗത്തുവന്നത്. ഷൈലയ്ക്ക് സീനിയര്‍ ജനറല്‍ മാനേജര്‍ തസ്തികയില്‍ കരാര്‍ നിയമനം നല്‍കിയത് കെഎസ്ആര്‍ റൂള്‍ 100 പ്രകാരമുള്ള തുക ശമ്പളമായി നിശ്ചയിച്ചുകൊണ്ടാണെന്ന് കിഫ്ബി പറഞ്ഞു. ഷൈലക്ക് കരാര്‍ നിയമനം നല്‍കിയത് സംബന്ധിച്ച് ഒരു മലയാളം വാര്‍ത്താ ചാനലിലെ ചര്‍ച്ചയിലുണ്ടായ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് വിശദീകരണം.

ഷൈലയുടെ നിയമനം രണ്ടു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തിലാണെന്നാണ് പതിപക്ഷത്തെ പ്രതിനിധീകരിച്ച് ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത വ്യക്തി ആരോപിച്ചത്. എന്നാല്‍ ഈ ആരോപണത്തില്‍ വസ്തുതാപരമായി തന്നെ പിഴവുകളുണ്ടെന്നാണ് കിഫ്ബിയുടെ പ്രതികരണം. ഷൈലയെ നിയമിച്ചിരിക്കുന്നത് കെഎസ്ആര്‍ റൂള്‍ 100 പ്രകാരമുളള തുക ശമ്പളമായി നിശ്ചയിച്ചുകൊണ്ടാണ്. അല്ലാതെ ആരോപണത്തില്‍ പറയുന്നതുപോലെ പ്രതിമാസം രണ്ട്‌ലക്ഷം രൂപ ശമ്പളത്തില്‍ അല്ലെന്ന് കിഫ്ബി ഫേസ്ബുക്കില്‍ കുറിച്ചു.

ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ ആഭിമുഖ്യമോ ചായ്‌വോ നോക്കിയല്ല ഇത്തരം കരാര്‍നിയമനങ്ങള്‍ നടത്തുന്നത്. മികവും അനുഭവസമ്പത്തും മാത്രമാണ് ഇതിലുള്ള മാനദണ്ഡം. അങ്ങനെ നോക്കുമ്പോള്‍ ഈ മേഖലയില്‍ അവരോളം പ്രവര്‍ത്തന പരിചയവും അനുഭവസമ്പത്തുമുള്ള ആരുംതന്നെ സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ഇല്ലെന്നും പ്രവര്‍ത്തനത്തിലെ ഈ മികവ് മാത്രമാണ് ഷൈലയ്ക്ക് പുനഃര്‍ നിയമനം നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് പിന്നിലെന്നും കിഫ്ബി വ്യക്തമാക്കി. ഇതുസംബന്ധിച്ച് കിഫ്ബി സിഇഒ സമര്‍പ്പിച്ച ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.

മികച്ച അനുഭവസമ്പത്തും ട്രാക്ക് റിക്കോര്‍ഡുമുള്ള ഉദ്യോഗസ്ഥരുടെ സേവനം അവരുടെ സേവനകാലാവധിക്ക് ശേഷം പ്രയോജനപ്പെടുത്തുന്നതിനെ ഇത്തരം വസ്തുതാ വിരുദ്ധമായ ആരോപണങ്ങളും വ്യഖ്യാനങ്ങളും ഉന്നയിച്ച് പൊതുസമൂഹത്തില്‍ തെറ്റിദ്ധാരണ പരത്താനുള്ള ശ്രമം നിര്‍ഭാഗ്യകരമാണ്. കിഫ്ബിയില്‍ വര്‍ഷങ്ങളായി ഇന്റേണല്‍ ഓഡിറ്റര്‍ തസ്തികയില്‍ ഡപ്യൂട്ടേഷനില്‍ ജോലി ചെയ്തു വരുന്ന വ്യക്തിക്കും ഇത്തരത്തില്‍ കരാര്‍ നിയമനം നല്‍കിയിട്ടുണ്ടെന്നും അതും പ്രവര്‍ത്തനമികവിന്റെ മാത്രം അടിസ്ഥാനത്തിലാണെന്നും കിഫ്ബി ചൂണ്ടിക്കാട്ടി.

സിഎജി തലത്തിലുള്ള ഓഡിറ്റ്,പിയര്‍ റിവ്യു ഓഡിറ്റ് തുടങ്ങി പല തലങ്ങളില്‍ നടക്കുന്ന കിഫ്ബിയിലെ ഓഡിറ്റിങ് സംവിധാനത്തില്‍ ആഭ്യന്തര ഓഡിറ്റിങ്ങാണ് ഈ ഉദ്യോഗസ്ഥന്‍ നിര്‍വഹിക്കുന്നത്. അല്ലാതെ ചാനല്‍ ചര്‍ച്ചയില്‍ ആരോപിക്കപ്പെട്ട പോലെ കിഫ്ബി ഒരു വെള്ളാനയോ ഇത്തരം നിയമനങ്ങള്‍ ഒരു ധൂര്‍ത്തോ അല്ലെന്നും കിഫ്ബി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.

STORY HIGHLIGHT: 'Two lakhs salary to retired officer'; KIIFB with explanation amid allegations

Next Story