Top

'ഫെമ നിയമത്തിന്റെ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ല'; ഇഡി സമൻസിനെതിരെ കിഫ്ബി ഹെെക്കോടതിയിൽ

12 Aug 2022 9:16 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഫെമ നിയമത്തിന്റെ ലംഘനം അന്വേഷിക്കാൻ ഇഡിക്ക് അധികാരമില്ല; ഇഡി സമൻസിനെതിരെ കിഫ്ബി ഹെെക്കോടതിയിൽ
X

കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഹൈക്കോടതിയിൽ ഹർജി നൽകി കിഫ്ബി. ഉദ്യോഗസ്ഥർക്ക് സമൻസ് അയച്ചതിനെതിരെ കിഫ്ബി സിഇഒ ഉൾപ്പടെയുള്ളവരാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. 2021 മുതൽ തുടർച്ചയായി സമൻസ് അയച്ച് ഇഡി കിഫ്ബിയുടെ പ്രവർത്തനം തടസ്സപ്പെടുത്തുകയാണ്. എന്നാൽ കിഫ്ബി ഫെമ ലംഘനം നടത്തിയെന്നതിന് ഇഡിയ്‌ക്ക് തെളിവുകളില്ല എന്നും ഹർജിയിൽ പറയുന്നു.

മസാല ബോണ്ട് ഇറക്കിയതിൽ ഫെമ നിയമങ്ങളുടെ ലംഘനം നടന്നു എന്ന കേസിലാണ് കിഫ്ബിക്ക് ഇ ഡി സമൻസ് അയച്ചിരുന്നത്. ഇതിനെതിരെയാണ് സിഇഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജർ ആനി ജൂല തോമസ് എന്നിവരടക്കം ഹർജി നൽകിയത്. വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകൾ പ്രകാരം ഇ ഡി സമൻസ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂർവം ബുദ്ധിമുട്ടിക്കാനാണെന്ന് ഹർജിയിൽ ആരോപിക്കുന്നു. നിലവിലെ സമൻസ് റദ്ദാക്കണമെന്നാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്ന ആവശ്യം.

റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് മസാല ബോണ്ട് പുറപ്പെടുവിച്ചത്. ഫെമ നിയമത്തിന്റെ ലംഘനം നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാനുള്ള അധികാരം റിസർവ് ബാങ്കിനാണെന്നും ഇഡിക്ക് അല്ലെന്നും ഹർജിയിൽ പറയുന്നു. ഈ മാസം 16ന് ജസ്റ്റിസ് വി ജി അരുൺ ഹർജി പരിഗണിക്കും.

STORY HIGHLIGHTS: Kiifb in High Court against enforcement directorate Summons

Next Story