'കടമെടുപ്പും തിരിച്ചടവും ഇങ്ങനെ'; കേരളം ശ്രീലങ്കയാകുമെന്ന പ്രചരണങ്ങള്‍ക്കിടെ വിശദീകരണവുമായി കിഫ്ബി
'''കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നത് രണ്ടു തരത്തിലാണ്, പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്കും രണ്ടു തരത്തിലാണ്..''
20 May 2022 4:39 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുന്നെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി കിഫ്ബി. വിഷയത്തില്‍ നേരത്തെയും വിശദീകരണം നല്‍കിയിട്ടുണ്ടെങ്കിലും ഇരുട്ടില്‍ നിര്‍ത്താനാണ് പല കേന്ദ്രങ്ങളും ശ്രമിച്ചതെന്ന് പറഞ്ഞുകൊണ്ടാണ് കിഫ്ബിയുടെ മറുപടി.
കിഫ്ബിയുടെ കടമെടുപ്പും തിരിച്ചടവും
സംസ്ഥാനത്തിന്റെ കടബാധ്യത സംബന്ധിച്ച ചര്‍ച്ചകളിലെല്ലാം കിഫ്ബിയും പരാമര്‍ശവിധേയമാകാറുണ്ട്. കിഫ്ബിയുടെ കടമെടുപ്പ് സംസ്ഥാനത്തിന് ബാധ്യതയാകുന്നു എന്ന പ്രത്യക്ഷവും പരോക്ഷവുമായ പരാമര്‍ശങ്ങളാണ് ഉണ്ടാകാറുള്ളത്. ഇതിനുള്ള വിശദീകരണം പലതവണ ഈ ഫേസ്ബുക്ക പേജിലും മറ്റു മാധ്യമങ്ങളില്‍ കൂടിയും നല്‍കിയിട്ടുണ്ടെങ്കിലും കിഫ്ബിയെ ഇരുട്ടില്‍ തന്നെ നിര്‍ത്താനാണ് പല കേന്ദ്രങ്ങളും എപ്പോഴും ശ്രമിക്കുന്നത്. അതുകൊണ്ടുതന്നെ ഒരോ തവണയും ഇക്കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ നിര്‍ബന്ധിതരാകുന്നു എന്നറിയിക്കട്ടെ.
കിഫ്ബിയിലേക്ക് ഫണ്ട് എത്തുന്നത് രണ്ടു തരത്തിലാണ്.
(A) മോട്ടോര്‍വാഹനനികുതി,പെട്രോളിയം സെസ് എന്നിവയില്‍ നിന്നുള്ള വരുമാനം.
(B) ധനവിപണിയില്‍ നിന്നെടുക്കുന്ന വായ്പകള്‍, പുറമേ പെട്രോകെമിക്കല്‍ പാര്‍ക്ക്, വ്യവസായ പാര്‍ക്കുകള്‍ എന്നിവയ്ക്കു സ്ഥലമേറ്റെടുക്കലിനായും മറ്റും കിഫ്ബി നല്കുന്ന വായ്പകളുടെ തിരിച്ചടവ് മറ്റൊരു വരുമാന സ്രോതസാണ്. വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് എടുക്കുന്ന ഫണ്ടുകള്‍ വിതരണ കാലാവധി വരെ സൂക്ഷിക്കുന്നതിനായി നടത്തുന്ന നിക്ഷേപങ്ങളില്‍ നിന്നുള്ള പലിശയാണ് മറ്റൊരു വരുമാന സ്രോതസ്. ബഫര്‍ ഫണ്ടുകളില്‍ നിന്നും ഇത്തരം വരുമാനം ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ കിഫ്ബി ആക്ട് പ്രകാരം സര്‍ക്കാര്‍ ഉറപ്പുവരുത്തേണ്ട വരുമാനത്തിനും വായ്പകള്‍ക്കും പുറമേ മറ്റു സ്രോതസുകളില്‍ നിന്നും കിഫ്ബിയിലേക്ക് വരുമാനം എത്തുന്നുണ്ട് എന്നര്‍ഥം.
കിഫ്ബിയില്‍ നിന്ന് പുറത്തേക്കുള്ള പണത്തിന്റെ ഒഴുക്കും രണ്ടു തരത്തിലാണ്.
(അ) പദ്ധതികള്‍ക്ക് വിനിയോഗിക്കുന്നതിനുള്ള ഫണ്ട്
(ആ) വായ്പ തിരിച്ചടവ്.
'വളരുന്ന ആന്യൂറ്റി'(growing annutiy) എന്ന ആധുനിക ധനകാര്യ മാതൃകയുടെ അടിസ്ഥാനത്തിലാണ് കിഫ്ബി പ്രവര്‍ത്തിക്കുന്നത്. പൊതുമേഖലയില്‍ സൃഷ്ടിക്കപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങളുടെ ഉടമ എന്ന നിലയില്‍ നിശ്ചിതമോ അല്ലെങ്കില്‍ മാറ്റം വരുന്നതോ ആയ പേയ്മെന്റ് ആയിരിക്കും പദ്ധതി നടത്തിപ്പ് ചുമതലയുള്ള ഏജന്‍സിക്ക് സര്‍ക്കാര്‍ നല്‍കുന്നത്.
കിഫ്ബി ആക്ട് അനുസരിച്ച് പെട്രോളിയം സെസും മോട്ടോര്‍ വാഹന നികുതിയില്‍ നിന്നുള്ള വിഹിതവും ആണ് കിഫ്ബിയുടെ വരുമാനം. തൊട്ടുമുമ്പുള്ള സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ സമാഹരിക്കുന്ന ഈ തുക കിഫ്ബി ആക്ട് പ്രകാരം ഓരോ വര്‍ഷവും ഡിസംബര്‍ 31ന് മുമ്പായി കിഫ്ബിക്ക് കൈമാറിയിരിക്കണം.
ഈ ഫണ്ടുകളും ഭാവിയില്‍ ഉണ്ടാകാനിരിക്കുന്ന വരുമാനവും മുന്‍നിര്‍ത്തിയാണ് സര്‍ക്കാരിന്റെ നിര്‍ണായക അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ധനകാര്യവിപണികളില്‍ നിന്ന് പണം കടമെടുക്കുന്നത്. കിഫ്ബിയുടെ അസെറ്റ് ലയബിലിറ്റി മാനേജ്മെന്റ്(ALM) ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രിതമായ കണ്ട്രോള്ഡ് ലിവറേജ് മോഡല്‍(CLM) എന്ന മാതൃകയില്‍ ആണ് കിഫ്ബി കടമെടുക്കുന്നത്. അനിയന്ത്രിതമായ കടമെടുപ്പല്ല കിഫ്ബിയില്‍ നടക്കുന്നതെന്ന് സാരം.എഎല്എമ്മിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് വിവേകപൂര്‍ണവും കാര്യക്ഷമവും ആയ വായ്പയെടുക്കല്‍ തീരുമാനങ്ങളാണ് കിഫ്ബിയില്‍ നിന്നുണ്ടാകുന്നത്. അതുവഴി കിഫ്ബിയുടെ ധനസമാഹരണവും ധനവിനിയോഗവും എക്കാലത്തും സമതുലിതമായിരിക്കും.ഏറി വരുന്ന പദ്ധതികള്‍ക്ക് അനുസരിച്ച് മാറിമാറി വരുന്ന ഫണ്ടിങ് ആവശ്യകതകള്‍ മുന്‍കൂട്ടി കണ്ട് അതിനനുസരിച്ച് മാത്രമാണ് കിഫ്ബി വരുമാനത്തിന് പുറത്തുള്ള തുക വായ്പ എടുക്കുന്നത്.
സര്‍ക്കാര്‍ കിഫ്ബിയുടെ കടങ്ങള്‍ക്ക് ഗ്യാരണ്ടി നല്‍കുന്നത് കിഫ്ബിയുടെ തിരിച്ചടവ് ശേഷി ഉറച്ചതായത് കൊണ്ടാണ്.അതു ഉറപ്പുവരുത്തിയിട്ടുള്ളത് കൊണ്ടാണ്. അല്ലാതെ ലക്കും ലഗാനുമില്ലാത്ത അനിയന്ത്രിതമായ കടമെടുക്കലിനല്ല സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കുന്നത്.തിരിച്ചടവ് ശേഷി ഉണ്ടാകുന്നത് നേരത്തെ സൂചിപ്പിച്ച വരുമാനമാര്ഗങ്ങളിലൂടെയാണ്. എന്നാല്‍ മിക്ക ചര്‍ച്ചകളിലും വാര്‍ത്തകളിലും തമസ്കരിക്കാന്‍ ശ്രമിക്കുന്നതും കിഫ്ബിയുടെ വരുമാന സ്രോതസുകളെ കുറിച്ചാണ്. എന്നാല്‍ ആരൊക്കെ തമസ്കരിക്കാന്‍ ശ്രമിച്ചാലും കിഫ്ബിയുടെ വരുമാനത്തെയും തിരിച്ചടവ് ശേഷിയേയും കുറിച്ച് കടം തരുന്ന ഏജന്‍സികള്‍ക്ക് പൂര്‍ണ ബോധ്യമുണ്ട്. ഇതാണ് കിഫ്ബിക്ക് ദേശീയ അന്തര്‍ദേശീയ ധനവിപണിയില്‍ ലഭിക്കുന്ന വര്‍ധിത സ്വീകാര്യതയ്ക്ക് കാരണം.
എഎല്‍എം ഫ്രെയിംവര്‍ക്കിന്റെ അടിസ്ഥാനത്തില്‍ വരുന്ന സാമ്പത്തിക വര്‍ഷങ്ങളിലേക്ക് വേണ്ടി വരുന്ന ഫണ്ടിനെ കുറിച്ചുള്ള വ്യക്തമായ ചിത്രം ഇപ്പോള്‍ തന്നെ കിഫ്ബിയുടെ പക്കലുണ്ട്. പദ്ധതികള്‍ക്ക് അനുവദിക്കേണ്ടതും തിരിച്ചടവിനു വേണ്ടിയുള്ളതുമായ ഈ ഫണ്ടിന്റെ അടിസ്ഥാനത്തില്‍ എത്ര തുക കടമെടുക്കേണ്ടി വരുമെന്നും കിഫ്ബിക്ക് കൃത്യമായ ധാരണയുണ്ട്. ഇത്തരത്തില്‍ 2036 സാമ്പത്തിക വര്‍ഷം വരെയുള്ള സമഗ്രചിത്രത്തിന്റെ അടിസ്ഥാനത്തിലാണ് കിഫ്ബി സാമ്പത്തികകാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. സംസ്ഥാനത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ താങ്ങും തണലുമാകുന്ന അടിസ്ഥാനസൗകര്യവികസനം ആണ് ഇതിലൂടെ കൈവരുന്നത്. അതും ഒരുതരത്തിലും സര്‍ക്കാരിന് സാമ്പത്തിക ബാധ്യത ആകാത്ത രീതിയിലും.
കിഫ്ബിയും സര്‍ക്കാരിന്റെ മൂലധനച്ചെലവിലെ മുന്നേറ്റവും
കിഫ്ബി നിയമസഭ പാസ്സാക്കിയ ഒരു ആക്ടിന് പ്രകാരം പ്രവര്‍ത്തിക്കുന്ന ഒരു സ്റ്റാറ്റിയൂട്ടറി ബോഡിയാണ്. ഇതുപോലെ പല പൊതുമേഖലാ ബോര്‍ഡുകളും കോര്‍പ്പറേഷനുകളും ഉണ്ട്. ഇവയെല്ലാം വിപണിയില്‍ നിന്നും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ്പ എടുത്ത് നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തുമുണ്ട്. ഈ വായ്പ്പകള്‍ ഒരു കാലത്തും സംസ്ഥാന സര്‍ക്കാരിന്റെ കടബാദ്ധ്യതയായി കണക്കിലാക്കിയിട്ടില്ല എന്നും ഓര്‍ക്കണം.
രാജ്യാന്തര ധനവിപണിയില്‍ കിഫ്ബി നേടിയെടുത്ത വിശ്വാസ്യതയും ബഹുമാന്യതയും കൊണ്ട് ഒട്ടേറെധനകാര്യ സ്ഥാപനങ്ങളാണ് കിഫ്ബിക്ക് പണം കടം തരാന്‍ മുന്നോട്ട് വരുന്നത്. 2021 സാമ്പത്തിക വര്‍ഷം മുതല്‍ പദ്ധതികള്‍ക്കായുള്ള ധന വിനിയോഗം കൂടുതല്‍ ഊര്‍ജിതമായിട്ടുണ്ട്. സംസ്ഥാനത്ത് കോവിഡ് 19 മഹാമാരി പൊട്ടിപ്പുറപ്പെട്ട 2020 ഏപ്രില്‍ മുതല്‍ 2022 ഫെബ്രുവരി വരെയുള്ള സമയത്ത് 12,200 കോടി രൂപയാണ് കിഫ്ബി പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതില്‍ അടിസ്ഥാന സൗകര്യപദ്ധതികള്ക്കായുള്ള ഈ ധനവിനിയോഗം സഹായകമായിട്ടുണ്ട്. സംസ്ഥാനത്തിന്റെ മൂലധന ചെലവ് 2020-21 സാമ്പത്തിക വര്‍ഷത്തില്‍ ജിഎസ്ഡിപി (ഗ്രോസ് സ്റ്റേറ്റ് ഡൊമെസ്റ്റിക് പ്രോഡക്ട്)യുടെ 2 ശതമാനത്തിലേറെയായി.തൊട്ടുമുമ്പുള്ള എട്ടു വര്‍ഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഏറ്റവും ഉയര്‍ന്നതാണിത്. കിഫ്ബിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും കൂടിയുള്ള സംയോജിത മൂലധന ചെലവ് ജിഎസ്ഡിപിയുടെ 2.30 ശതമാനത്തിലെത്തിയതാണ് ഈ നേട്ടത്തിന് കാരണമായത്. 2022 സാമ്പത്തിക വര്‍ഷം മുതല്‍ 2024 സാമ്പത്തികവര്‍ഷം വരെയുള്ള കിഫ്ബിയുടെയും സംസ്ഥാനസര്‍ക്കാരിന്റെയും സംയോജിത മൂലധന ചെലവ് ജിഎസ്ഡിപിയുമായുള്ള താരതമ്യത്തില്‍ പുതിയ ഉയരങ്ങളിലെത്തും എന്നു വിലയിരുത്തപ്പെടുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്മെഷീന്‍ ലേണിങ് സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തിലുള്ള പ്രെഡിക്ടീവ് അല്‍ഗോരിതം ഉപയോഗിച്ച് കിഫ്ബിയുടെ എഎല്‍എം പ്രവചിക്കുന്നത് 2022- 2024 സാമ്പത്തിക വര്‍ഷങ്ങളില്‍ പദ്ധതികള്‍ക്ക് വിനിയോഗിക്കുന്ന തുക 26000 കോടിയിലെത്തും എന്നതാണ്. സംസ്ഥാനത്തിന്റെ മൂലധന ചെലവിന്റെ 66 ശതമാനം വരുമിത്. സംസ്ഥാനത്തിന്റെ വികസനത്തില്‍ കിഫ്ബിയുടെ പ്രസക്തി എന്താണ് എന്നു വെളിവാക്കുന്ന വസ്തുതയാണിത്.
ആഗോളരംഗത്തെ പ്രമുഖ റേറ്റിങ് ഏജന്‍സികളില്‍ ഒന്നായ എസ് ആന്‍ഡ് പി കിഫ്ബിയുടെ ക്രെഡിറ്റ് റേറ്റിങ്ങുമായി ബന്ധപ്പെട്ട് നടത്തിയ നിരീക്ഷണങ്ങള്‍ ശ്രദ്ധേയമാണ്. കിഫ്ബിയുടെ സുശക്തവും സുതാര്യവുമായ പ്രവര്‍ത്തനത്തിന് സംസ്ഥാനസര്‍ക്കാര്‍ ആവിഷ്കരിച്ച ക്രമീകരണങ്ങളും നടപടികളും സംസ്ഥാന തലത്തിലുള്ള മറ്റേതു സാമാന സംവിധാനത്തേക്കാളും ഉയര്‍ന്നതാണെന്ന് എസ് ആന്‍ഡ് പി നിരീക്ഷിക്കുന്നു. ഈ ഘടകങ്ങള്‍ എല്ലാം പരിഗണിച്ചാല്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ കിഫ്ബിയെ ചിത്രീകരിക്കുന്നതിലെ വൈകല്യങ്ങള്‍ വ്യക്തമാകുന്നതാണ്.