Top

പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികള്‍; 65 ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീ പീഡനക്കേസ്

സമൂഹത്തിനും സേനയ്ക്കും ബാധ്യതയാകുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസ് സേനയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു

14 Nov 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികള്‍; 65 ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീ പീഡനക്കേസ്
X

തിരുവനന്തപുരം: കേരള പൊലീസില്‍ 744 ക്രിമിനല്‍ കേസ് പ്രതികള്‍. ഗുരുതരമായ കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടവരായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പോലീസുകാര്‍ കേരളാ പൊലീസിലുണ്ട്. ഇതിനു പുറമെ വിവിധ കേസുകളില്‍ പ്രതിസ്ഥാനത്തുള്ള 691 പൊലീസ് ഉദ്യോഗസ്ഥര്‍ വേറെയുമുണ്ട്. ഇവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചില്ലെന്ന വിമര്‍ശനമുണ്ട്.

സമൂഹത്തിനും സേനയ്ക്കും ബാധ്യതയാകുന്ന പ്രവൃത്തിയില്‍ ഏര്‍പ്പെടുന്ന പൊലീസുദ്യോഗസ്ഥരെ സംരക്ഷിക്കേണ്ട ബാധ്യത പൊലീസ് സേനയ്ക്കില്ലെന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറ്റകൃത്യങ്ങളിലേര്‍പ്പെടുന്നവരെ പുറത്താക്കുമെന്ന് മുന്‍പേ പറഞ്ഞെങ്കിലും ഇതുവരെ 18 പേരെ മാത്രമാണ് ആഭ്യന്തര വകുപ്പ് പുറത്താക്കിയത്.

ലൈംഗിക പീഡനം, കസ്റ്റഡിമരണം, പോക്‌സോ, സ്ത്രീധന പീഡനം, കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍ തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളില്‍ പൊലിസ് സേനയിലെ ഉദ്യേഗസ്ഥര്‍ പ്രതികളാണ്. 65 ഉദ്യോഗസ്ഥര്‍ക്കെതിരെ സ്ത്രീ പീഡനക്കേസുകള്‍ നിലനില്‍ക്കുന്നു. ഗുണ്ടകളുമായും മാഫിയകളുമായും പൊലീസുദ്യോഗസ്ഥര്‍ ബന്ധം പുലര്‍ത്തുന്നതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ പലപ്പോഴായി പുറത്തുവന്നിരുന്നു. മേലുദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുപോലും ഇത്തരക്കാര്‍ക്കെതിരെ നടപടികളുണ്ടാകാത്ത അവസ്ഥയുണ്ട്. രാഷ്ട്രീയ സംഘടനകളുടെ ബലത്തിനാണ് ഇത്തരക്കാര്‍ പൊലീസ് സേനയില്‍ തുടരുന്നതെന്ന് വിമര്‍ശനമുണ്ട്.

വകുപ്പ് തലത്തിലുള്ള അന്വേഷണത്തില്‍ കുറ്റവാളികളായ ഉദ്യേഗസ്ഥര്‍ക്ക് ഉടനടി സസ്‌പെന്‍ഷന്‍ നല്‍കുന്ന രീതിയുണ്ടെങ്കിലും പൊലീസിലെ ക്രിമിനലുകളെ നിയന്ത്രിക്കാന്‍ അത് പോരെന്ന ആവശ്യമുയരുന്നുണ്ട്. നല്ല നടപ്പ്, സ്ഥലംമാറ്റം തുടങ്ങിയ ശിക്ഷകളാണ് കുറ്റാരോപിതരായ ഉദ്യോഗസ്ഥര്‍ക്ക് നല്‍കുക. സസ്‌പെന്‍ഷന്‍ കഴിഞ്ഞ് തിരികെ എത്തുന്നവര്‍ക്കെതിരെ വകുപ്പു തല അന്വേഷണം ഉണ്ടാകും. ക്രിമിനല്‍ കേസുകളില്‍ പ്രതികളായ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന് ശേഷം ക്രമസമാധാന ചുമതല നല്‍കിയിരുന്നില്ല. ഇപ്പോള്‍ അങ്ങനെയൊരു കീഴ്‌വഴക്കം പാലിക്കപ്പെടുന്നില്ല. വീട്ടമ്മയെ പീഡിപ്പിച്ച കേസിലെ സി ഐ സുനു മുമ്പും പീഡനക്കേസില്‍ പ്രതിയായിരുന്നു. കേസില്‍ റിമാന്‍ഡ് ചെയ്യപ്പെട്ട ഇയാള്‍ക്ക് വീണ്ടും ക്രമസമാധാന ചുമതല നല്‍കിയത് ഇതിന് ഉദാഹരണമാണ്.

കുറ്റവാളികളായ പൊലീസുകാരെ സേനയില്‍ നിന്ന് പുറത്താക്കാന്‍ മൂന്ന് തരത്തില്‍ വ്യവസ്ഥകളുണ്ട്. പൊലീസ് ആക്ടിലെ 86 (ബി) ചട്ടപ്രകാരം അക്രമം, അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ശിക്ഷിക്കപ്പെട്ടാല്‍ സേനയില്‍നിന്ന് പുറത്താക്കാം. ഇനി ശിക്ഷിക്കപ്പെട്ടില്ലെങ്കിലും ശാരീരികവും മാനസികവുമായും പെരുമാറ്റം കൊണ്ടും പൊലീസ് ജോലിക്ക് യോഗ്യരല്ലെങ്കില്‍ 869 (സി) ചട്ടപ്രകാരം പുറത്താക്കാം. പൊലീസ് ആക്ടില്‍ 2012ല്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരം ഡ്യൂട്ടിയില്‍ ഗുരുതരമായ വീഴ്ചവരുത്തിയാല്‍ പിരിച്ചുവിടാം എന്നിങ്ങനെ ഉണ്ടായിട്ടും പ്രാവര്‍ത്തികമാക്കപ്പെടുന്നില്ല.

STORY HIGHLIGHTS: Kerala police negligence 744 criminals in police force reports shows

Next Story