Top

'സഹപ്രവർത്തകർ ആക്രമിക്കപ്പെട്ടത് കണ്ട് വൈകാരികമായി പൊലീസുകാർ പ്രതികരിക്കരുത്'

വളരെക്കുറച്ച് ആളുകൾ കാണിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളോട് ആരും മോശമായി പെരുമാറാൻ പാടില്ല.

26 Dec 2021 6:46 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സഹപ്രവർത്തകർ ആക്രമിക്കപ്പെട്ടത് കണ്ട് വൈകാരികമായി പൊലീസുകാർ പ്രതികരിക്കരുത്
X

തിരുവനന്തപുരം: നാടിനുവേണ്ടി കൃത്യനിർവ്വഹണത്തിൽ ഏർപ്പെട്ടിരക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങളെയും കയ്യേറ്റങ്ങളെയും ശക്തമായി അപലപിക്കുന്നതായി കേരള പോലീസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. ആക്രമണത്തിനിരയായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ ഏറ്റെടുക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നടപടിക്കുള്ള നിർദ്ദേശവും അതിനുവേണ്ട കൃത്യമായി നിരീക്ഷണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും പൊലീസ് അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.

വളരെക്കുറച്ച് ആളുകൾ കാണിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളോട് ആരും മോശമായി പെരുമാറാൻ പാടില്ല. സഹപ്രവർത്തകർ ആക്രമിക്കപ്പെടുന്ന വാർത്തകൾ കേട്ട് വികാരത്തിന് അടിമപ്പെട്ട് ഒരു പോലീസുകാരനും നിയമവിരുദ്ധമായി ഒന്നും ചെയ്യാനും പാടില്ലെന്നും അസോസിയേഷൻ വ്യക്തമാക്കി.

കേരള പോലീസ് അസോസിയേഷൻ വാർത്താക്കുറിപ്പ്

പോലീസിനെ ആക്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കണമെന്നും, ഇത്തരം അതിക്രമങ്ങളെ അപലപിക്കുന്നതിനും എതിർത്തു തോൽപ്പിക്കാനും സംസ്ഥാനത്തെ മുഴുവൻ ജനങ്ങളും ഒറ്റക്കെട്ടായി നിൽക്കണം എന്നും അഭ്യർത്ഥിക്കുന്നു. പൊലീസിനെതിരെയുള്ള ആക്രമണങ്ങളുടെ ഏറ്റവും അവസാനത്തെ രണ്ട് സംഭവമാണ് പത്തനംതിട്ട ജില്ലയിൽ പന്തളത്തും എറണാകുളം ജില്ലയിൽ കിഴക്കമ്പലത്തും ഉണ്ടായിട്ടുള്ളത്. കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരെ നിയമത്തിനുമുമ്പിൽ എത്തിക്കുന്നതിനും, അന്യസംസ്ഥാന തൊഴിലാളികൾ ചേരിതിരിഞ്ഞ് ആക്രമണം നടത്തുന്നു എന്നറിഞ്ഞപ്പോൾ ക്രമസമാധാനം സംരക്ഷണത്തിനുമായി എത്തിച്ചേർന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെയാണ് ഈ രണ്ടു സ്ഥലങ്ങളിലും കിരാതമായ ആക്രമണങ്ങൾ ഉണ്ടായിട്ടുള്ളത്.

രണ്ടു സ്ഥലത്തും പൊലീസുകാർക്ക് ഗുരുതരമായി പരിക്കേൽക്കുകയും സർക്കാർ വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ഉണ്ടായി. കിഴക്കമ്പലത്ത് പൊതുജനങ്ങളുടെ സഹായത്തോടെയും കൂടുതൽ പോലീസെത്തിയുമാണ് പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരെ ആശുപത്രിയിൽ എത്തിക്കുന്നത്. പൊതു ജനത്തിന്റെ സുരക്ഷക്ക് വേണ്ടി പ്രവർത്തിക്കുന്ന പോലീസിന് നേരെയുള്ള ആക്രമണം എതിർക്കപ്പെടേണ്ടതാണ്. നാടിന് നേരെയുള്ള ഇത്തരം നിയമവിരുദ്ധ പ്രവർത്തികൾ അവസാന പോലീസുദ്യോഗസ്ഥനും ജീവിച്ചിരിക്കുന്നിടത്തോളം കാലം അനുവദിക്കില്ലായെങ്കിലും, തുടക്കത്തിലെ ഇത്തരം അക്രമകാരികളെ നമുക്ക് അമർച്ച ചെയ്യേണ്ടതായിട്ടുണ്ട്. സർക്കാരിന്റെ ഭാഗത്തുനിന്നും പൂർണ്ണ പിന്തുണ പോലീസിന് ഉണ്ടാകണം എന്നുകൂടി ഈ അവസരത്തിൽ അഭ്യർത്ഥിക്കുകയാണ്. ആക്രമണത്തിനിരയായി പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥരുടെ മുഴുവൻ ചികിത്സാചെലവും സർക്കാർ ഏറ്റെടുക്കുന്നതിനൊപ്പം കുറ്റക്കാർക്കെതിരെ കർശന നടപടിക്കുള്ള നിർദ്ദേശവും അതിനുവേണ്ട കൃത്യമായി നിരീക്ഷണവും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകണം. അക്രമികളെ അക്രമികളായി തന്നെ കണ്ട് നടപടി സ്വീകരിക്കുക തന്നെ വേണം.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ പോലീസിന്റെ സ്നേഹവും കരുതലും ഏറ്റവും കൂടുതൽ ഏറ്റുവാങ്ങിയ ഒരു വിഭാഗമായിരുന്നു അതിഥി തൊഴിലാളികൾ. അവരിൽ ബഹുഭൂരിപക്ഷം ആളുകളും വളരെ മര്യാദക്കാരും, ജീവനോപാധി തേടി നമ്മുടെ നാട്ടിൽ എത്തിയവരുമാണ്. സംസ്ഥാനത്തെ നിർമ്മാണ, വ്യവസായിക, കാർഷിക പ്രവർത്തികളിൽ വലിയ സംഭാവന നൽകുന്നവരുമാണ്. വളരെക്കുറച്ച് ആളുകൾ കാണിക്കുന്ന നിയമ വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ അതിഥി തൊഴിലാളികളോട് ആരും മോശമായി പെരുമാറാൻ പാടില്ല. സഹപ്രവർത്തകർ ആക്രമിക്കപ്പെടുന്ന വാർത്തകൾ കേട്ട് വികാരത്തിന് അടിമപ്പെട്ട് ഒരു പോലീസുകാരനും നിയമവിരുദ്ധമായി ഒന്നും ചെയ്യാനും പാടില്ല. പോലീസിനെതിരെ ഉള്ള ആക്രമണത്തെ ശക്തമായ ഭാഷയിൽ ഒരിക്കൽ കൂടി അപലപിക്കുന്നു.

Next Story