'25 കോടി ബമ്പര്‍'; മൂന്നാം സമ്മാനവും ആകര്‍ഷണീയം, തൊഴിലാളികളുടെ ആശങ്കയ്ക്കും പരിഹാരം
''18-ാം തീയതി മുതല്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങും. സെപ്തംബര്‍ 18നാണ് നറുക്കെടുപ്പ്.''
15 July 2022 3:00 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പ്രകാശനം ചെയ്തു. ചരിത്രത്തിലെ ഏറ്റവും വലിയ ഒന്നാം സമ്മാനത്തുകയായ 25 കോടി രൂപയാണ് ബമ്പറിന്റെ പ്രത്യേകത. അഞ്ചു കോടിയാണ് രണ്ടാം സമ്മാനം. 10 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കുന്ന മൂന്നാം സമ്മാനമാണ് മറ്റൊരു ആകര്‍ഷണീയതയെന്നും ലോട്ടറി പ്രകാശനം നിര്‍വഹിച്ചു മന്ത്രി ബാലഗോപാല്‍ പറഞ്ഞു.
18-ാം തീയതി മുതല്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങും. സെപ്തംബര്‍ 18നാണ് നറുക്കെടുപ്പ്. 10 സീരീസുകളിലാണ് ടിക്കറ്റുകള്‍ പുറത്തിറക്കുന്നത്. നാലാം സമ്മാനം ഒരു ലക്ഷം വീതം 90 പേര്‍ക്കും അഞ്ചാം സമ്മാനം 5000 രൂപ വീതം 72,000 പേര്‍ക്കും നല്‍കും. 3,000 രൂപയുടെ 48,600 സമ്മാനങ്ങളും 2,000 രൂപയുടെ 66,600 സമ്മാനങ്ങളും 1,000 രൂപയുടെ 21,0600 സമ്മാനങ്ങളും ഓണം ബമ്പറിലുണ്ട്.
''പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് അച്ചടിക്കുന്നത്. ടിക്കറ്റ് വില ഉയര്‍ന്നതിനാല്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കും വാങ്ങാനുള്ള സൗകര്യം കൂടി കണക്കിലെടുത്ത് അഞ്ച് ലീഫുകള്‍ അടങ്ങിയ ബുക്ക്ലെറ്റാണ് ഇത്തവണ പുറത്തിറക്കുന്നത്. ടിക്കറ്റ് വില്‍പ്പനയിലൂടെ 97 രൂപ വരെ തൊഴിലാളികള്‍ക്ക് കമ്മിഷന് ഇനത്തില്‍ കിട്ടും. ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പുകള്‍ വിവാദമാകുന്ന കാലത്ത് വിശ്വാസ്യതയും സുരക്ഷതിതത്വവും സര്‍ക്കാര്‍ ലോട്ടറിയുടെ മികവാണ്. അത്യാധുനിക പ്രിന്റിംഗ് സാങ്കേതിക വിദ്യയും തിരുവോണം ബമ്പറിന്റെ പ്രത്യേകതയാണ്. സുരക്ഷ പരിഗണിച്ച് വേരിയബിള്‍ ഡാറ്റ ടിക്കറ്റില്‍ ഒന്നിലേറെ ഭാഗങ്ങളില്‍ അച്ചടിച്ചിട്ടുണ്ട്. ഫ്ളൂറസെന്റ് മഷിയില്‍ പുറത്തിറക്കുന്ന ആദ്യ ലോട്ടറി ടിക്കറ്റുകൂടിയാണു തിരുവോണം ബമ്പര്‍.'' കൃത്രിമം നടക്കുന്നുവെന്ന പരാതികള്‍ ഒഴിവാക്കാനാണ് ആധുനിക സംവിധാനങ്ങള്‍ ലോട്ടറി വകുപ്പ് ക്രമീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഒരു രൂപയ്ക്ക് 50,000 രൂപ സമ്മാനത്തുകയുമായി ആരംഭിച്ച സംസ്ഥാന ലോട്ടറി ഇപ്പോള്‍ 500 രൂപയ്ക്ക് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയായ 25 കോടിയുമായി ചരിത്രത്തിന്റെ ഭാഗമാകുകയാണ്. സംസ്ഥാനത്തെ അസംഘടിത മേഖലയില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ക്ക് തൊഴില്‍ നല്കുന്ന മേഖല കൂടിയായി ലോട്ടറി മാറിയിരിക്കുന്നു. 100 ശതമാനം സുരക്ഷിതത്വവും ഗ്യാരണ്ടിയുമുള്ള ലോട്ടറിയാണു കേരളത്തില്‍ വില്‍പ്പന നടത്തുന്നതെന്നും അതുതന്നെയാണ് 50-50 അടക്കമുള്ള ലോട്ടറികളൊക്കെ ജനപ്രിയമായതിനു കാരണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ടിക്കറ്റെടുക്കുന്നവരില്‍ അഞ്ച് ശതമാനം പേര്‍ക്ക് സമ്മാനം എന്ന നിലയില്‍ ആകെ നാല് ലക്ഷത്തോളം പേര്‍ക്ക് സമ്മാനം കിട്ടുന്ന രീതിയിലാണ് ഇത്തവണ വകുപ്പ് ഓണം ബമ്പര്‍ ക്രമീകരിച്ചിരിക്കുന്നതെന്നു ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. കഴിഞ്ഞ വര്‍ഷം 12 കോടി രൂപയായിരുന്നു തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം. അന്ന് അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകള്‍ മുഴുവന്‍ വില്‍പ്പന നടത്തിയിരുന്നു.