Top

'ഇവിടെ ആരും പട്ടിണിക്കിടക്കാന്‍ പാടില്ല'; ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ

നീതി ആയോഗ് പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.

27 Nov 2021 4:23 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഇവിടെ ആരും പട്ടിണിക്കിടക്കാന്‍ പാടില്ല; ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വൺ
X

സുസ്ഥിര വികസനത്തിൽ മാത്രമല്ല ദാരിദ്ര്യ നിർമ്മാർജ്ജനത്തിലും കേരളം നമ്പർ വണ്ണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നീതി ആയോഗ് പ്രസിദ്ധീകരിച്ച ദേശീയ മൾട്ടി ഡയമൻഷണൽ ദാരിദ്ര്യ സൂചികയിൽ ഏറ്റവും കുറച്ച് ദാരിദ്ര്യമുള്ള സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ട പശ്ചാത്തലത്തിലാണ് പ്രതികരണം. പട്ടിക പ്രകാരം കേരളത്തിൽ ദാരിദ്ര്യം നേരിടുന്നവർ 0.71 ശതമാനം മാത്രമാണ്.

മഹാമാരിയും പ്രകൃതി ദുരന്തങ്ങളുമുൾപ്പെടെ അനവധി വെല്ലുവിളികൾ നേരിടേണ്ടി വന്നിട്ടും ജനക്ഷേമം ഉറപ്പുവരുത്തുന്നതിനായി സർക്കാർ നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങൾ ഈ നേട്ടത്തിൻ്റെ അടിത്തറ പാകി എന്നത് അഭിമാനകരമാണ്. അതീവ ദാരിദ്ര്യ നിർമ്മാർജ്ജനം ലക്ഷ്യമാക്കി സർക്കാർ ആവിഷ്കരിച്ച പുതിയ പദ്ധതികൾ കൂടി പ്രാവർത്തികമാകുന്നതോടെ നമ്മുടെ നാടിൽ നിന്നും ദാരിദ്ര്യം തുടച്ചു നീക്കാൻ സാധിക്കും. ആ മഹത്തായ ലക്ഷ്യ സാക്ഷാൽക്കാരത്തിനായി ഏവരും ഒരുമിച്ചു നിൽക്കണം. അഭിമാനപൂർവം ആത്‌മവിശ്വാസത്തോടെ നമുക്ക് മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യം, വിദ്യാഭ്യാസം, ജീവിത നിലവാരം എന്നിവയാണ് പഠനത്തിൻ്റെ പ്രധാന മാനങ്ങൾ. പോഷകാഹാര ലഭ്യത, ശുചിത്വ സൗകര്യങ്ങൾ, കുട്ടികളുടേയും കൗമാരക്കാരുടേയും മരണ നിരക്ക്, വൈദ്യുതി, പാർപ്പിടം, തുടങ്ങി നിരവധി സൂചികകൾ അടിസ്ഥാനമാക്കിയാണ് നീതി ആയോഗ് പട്ടിക തയ്യാറാക്കിയത്.

ബിഹാര്‍, ഝാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ മുന്നിലത്. ബിഹാറിന്റെ ജനസംഖ്യയുടെ 51.91 ശതമാനം ജനങ്ങളും ദരിദ്രരാണ്. ഝാര്‍ഖണ്ഡില്‍ 42.16 ശതമാനം ജനങ്ങളും ഉത്തര്‍പ്രദേശില്‍ 37.79 ജനങ്ങളും ദരിദ്രരാണ്. നാലാം സ്ഥാനത്ത് മധ്യപ്രദേശും (36.65 ശതമാനം), അഞ്ചാമത് മേഘാലയയും (32.67) ആണ്.

ഗോവ(3.76), സിക്കിം (3.82), തമിഴ്നാട്(4.89), പഞ്ചാബ് (5.59) എന്നീ സംസ്ഥാനങ്ങളാണ് പട്ടികയില്‍ കേരളത്തിന് മുന്നിലുള്ളത്. കേന്ദ്രഭരണ പ്രദേശങ്ങളില്‍ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയിയാണ് ദാരിദ്ര നിരക്കില്‍ മുന്നില്‍ (27.36 ശതമാനം), പിന്നാലെ ജമ്മു കശ്മീര്‍& ലഡാക്ക് (12.58), ദാമന്‍ & ദിയു (6.82 ശതമാനം), ചണ്ഡീഗഡ് (5.97 ശതമാനം) എന്നിവയാണ്. പുതുച്ചേരിയിലാണ് ദാരിദ്ര്യം കുറവ്- 1.72 ശതമാനം. ലക്ഷദ്വീപില്‍ 1.82 ശതമാനവും ആന്‍ഡമാന്‍ & നിക്കോബാര്‍ ദ്വീപുകളില്‍ 4.30 ശതമാനവുമാണ് ദാരിദ്രനിരക്ക്.

ഓക്സ്ഫഡ് പോവര്‍ട്ടി ആന്‍ഡ് ഹ്യൂമന്‍ ഡെവലപ്മെന്റ് ഇനീഷ്യേറ്റീവും യുനൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെയും ദാരിദ്ര്യനിര്‍ണ്ണയ രീതിശാസ്ത്രപ്രകാരമാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.


Next Story

Popular Stories