അഭിമാന ഗോഥകളില്‍ വിജയക്കൊടി പാറിച്ച് എല്‍ഡിഎഫ്; ബിജെപിക്ക് അട്ടിമറി ജയം, മലപ്പുറം യുഡിഎഫിനൊപ്പം തന്നെ
അഭിമാന പോരാട്ടം നടന്ന പിറവത്തും കൊച്ചിയിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചത് എല്‍ഡിഎഫിന് നേട്ടമായി ഉയര്‍ത്തിക്കാണിക്കാം. നിലവില്‍ ഒരിടത്തും ഭരണമാറ്റ സൂചനകളില്ല.
8 Dec 2021 7:27 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ 32 വാര്‍ഡുകളിലെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പൂര്‍ത്തിയാവുന്നു. നിര്‍ണായക ഉപതെരഞ്ഞെടുപ്പുകള്‍ നടന്ന പിറവത്തും കൊച്ചി കോര്‍പ്പറേഷനിലെ ഗാന്ധി നഗറും എല്‍ഡിഎഫ് വിജയിച്ചു. ഇതോടെ ഭരണ മാറ്റ പ്രതിസന്ധിയെ മറികടക്കാന്‍ സിപിഐഎമ്മിന് കഴിഞ്ഞു. ഗാന്ധി നഗറില്‍ ബിന്ദു ശിവനും പിറവത്ത് ഡോ. അജേഷ് മനോഹറുമാണ് വിജയക്കൊടി പാറിച്ചത്. അതേസമയം ഇടമലക്കുടിയില്‍ സിപിഐഎമ്മിനെ ബിജെപി അട്ടിമറിച്ചു. ഒരു വോട്ടിനാണ് ബിജെപി സ്ഥാനാര്‍ത്ഥി ചിന്താമണി വിജയിച്ചത്.
ചിന്താമണി 39 വോട്ടുകള്‍ നേടിയപ്പോള്‍ സിപിഐഎം സ്ഥാനാര്‍ത്ഥി ശ്രീദേവി രാജമുത്തുവിന് 38 വോട്ടുകളെ നേടാന്‍ കഴിഞ്ഞുള്ളു. മലപ്പുറത്ത് ആധികാരിക പ്രകടനമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നടത്തിയത്. ഉപതെരഞ്ഞെടുപ്പ് നടന്ന അഞ്ചിടങ്ങളിലും യുഡിഎഫ് വിജയം പിടിച്ചെടുത്തു. വിതുരയില്‍ ഒരുഘട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി ലീഡ് നേടിയെങ്കിലും അന്തിമ ഫലം സിപിഐ സ്ഥാനാര്‍ത്ഥിക്കൊപ്പം നിന്നു. 45 വോട്ടുകള്‍ക്കാണ് സിപിഐ സ്ഥാനാര്‍ത്ഥി എസ് രവികുമാര്‍ വിജയിച്ചത്.
അഭിമാന പോരാട്ടം നടന്ന പിറവത്തും കൊച്ചിയിലും പ്രതീക്ഷയ്ക്കൊത്ത് ഉയരാന്‍ സാധിച്ചത് എല്‍ഡിഎഫിന് നേട്ടമായി ഉയര്‍ത്തിക്കാണിക്കാം. നിലവില്‍ ഒരിടത്തും ഭരണമാറ്റ സൂചനകളില്ല. കൗണ്‍സിലര്‍ കെകെ ശിവരാമന്റെ മരണമാണ് കൊച്ചി കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന് തലവേദനയായി മാറിയത്. അംഗബലം ഒന്നിച്ചെത്തിയതോടെ ഉപതെരഞ്ഞെടുപ്പില്‍ വിജയിക്കുകയല്ലാതെ എല്‍ഡിഎഫിന് മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടായിരുന്നില്ല.
പിറവത്ത് ഒരു കൗണ്‍സിലര്‍ മരണപ്പെടുകയും ഒരാള്‍ സര്‍ക്കാര്‍ ജോലി ലഭിച്ച് രാജിവെക്കുകയും ചെയ്തതോടെയാണ് എല്‍ഡിഎഫിന് ജീവന്മരണ പോരാട്ടത്തിന് കളമൊരുങ്ങിയത്. 27 കൗണ്‍സിലില്‍ 15 (LDF) 12 (UDF) എന്നിങ്ങനെയായിരുന്നു കക്ഷി നില. ഉപതെരഞ്ഞെടുപ്പ് നടന്ന ആദ്യയിടത്ത് യുഡിഎഫ് വിജയിച്ചതോടെ കക്ഷി നില 13-13 എന്ന നിലയിലായി. ഡോ.അജേഷ് മനോഹര്‍ നിര്‍ണായക വിജയം നേടിയതോടെ എല്‍ഡിഎഫിന് ഭരണം നിലനിര്‍ത്താം.
ഫലങ്ങള്‍ ജില്ലാ അടിസ്ഥാനത്തില്‍
1. തിരുവനന്തപുരം
വിതുര ഗ്രാമപഞ്ചായത്ത്:- വാര്‍ഡ് 3 പൊന്നാംചുണ്ട് 45 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എസ്.രവികുമാര്‍ ജയിച്ചു. യുഡിഎഫ് സിറ്റിംഗ് സീറ്റ് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. പോത്തന്‍കോട് ബ്ലോക്ക് ഡിവിഷന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മലയില്‍കോണം സുനില്‍ വിജയിച്ചു. എല്‍ഡിഎഫിന്റെ ബ്ലോക്ക് മെമ്പറായിരുന്ന ശ്രീകണ്ഠന് കോവിഡ് ബാധിച്ച് മരിച്ചതിനെ തുടര്‍ന്നായിരുന്നു ഉപതെരഞ്ഞെടുപ്പ് നടന്നത്. വെട്ടുകാട് വാര്‍ഡ് 1490 വോട്ടിന് എല്‍ഡിഎഫിലെ ക്ലൈനസ് റൊസാരിയോ വിജയിച്ചു. പോത്തന്‍കോട് ബ്ലോക്ക് 495 വോട്ടുകള്‍ക്ക് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു.
2. കൊല്ലം
ചിതറ ഗ്രാമപഞ്ചായത്തിലെ സത്യമംഗലം വാര്‍ഡ് യുഡിഎഫ് സ്ഥാനാര്‍ഥി എസ്.ആശ വിജയിച്ചു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് വിജയം 16 വോട്ടിന്. കൊല്ലം തേവലക്കര പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ബിജെപിയുടെ സിറ്റിംഗ് സീറ്റ് യുഡിഎഫ് പിടിച്ചെടുത്തു. ആര്.എസ്.പിയിലെ ജി പ്രദീപ്കുമാര്‍ 317 വോട്ടുകള്‍ക്കാണ് വിജയിച്ചത്.
3. ഇടുക്കി
ഇടമലക്കുടി പഞ്ചായത്ത് നിര്‍ണായക വാര്‍ഡില്‍ സിപിഐഎം സിറ്റിംഗ് സീറ്റ് ബിജെപി പിടിച്ചു. ചിന്താമണി കാമരാജാണ് ഒരു വോട്ടിന്റെ അട്ടിമറി വിജയം സ്വന്തമാക്കിയിരിക്കുന്നത്. രാജാക്കാട് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡ് ഉപതിരഞ്ഞെടുപ്പില്‍ വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. 678 വോട്ടുകള്‍ക്കാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിന്‍സ് തോമസ് വിജയിച്ചത്.
4. കോട്ടയം
കാണക്കാരി പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡില്‍ യുഡിഎഫിന് സിറ്റിംഗ് നഷ്ടമായി. സിപിഐഎമ്മിന്റെ വി.ജി. അനില്‍കുമാര്‍ വിജയിച്ചു. 338 വോട്ടുകള്‍ക്കാണ് അട്ടിമറി വിജയം. മാഞ്ഞൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് യുഡിഎഫ് നിലനിര്‍ത്തി. കോണ്‍ഗ്രസിലെ സുനു ജോര്‍ജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.
5. എറണാകുളം
ജില്ലയിലെ രണ്ട് സിറ്റിംഗ് സീറ്റുകളും എല്‍ഡിഎഫ് നിലനിര്‍ത്തി. കൊച്ചി കോര്‍പ്പറേഷനിലെ 63-ാം ഡിവിഷന് എല്‍ഡിഎഫിന്റെ ബിന്ദു ശിവന് 687 വോട്ടിന് വിജയിച്ചു. പിറവം നഗരസഭ - 14-ാം വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അജേഷ് മനോഹര്‍ 20 വോട്ടിന് ജയിച്ചു.
6. തൃശ്ശൂര്‍
ഇരിങ്ങാലക്കുട നഗരസഭയിലെ ചാലാംപാടം ഡിവിഷന് യുഡിഎഫ് നിലനിര്‍ത്തി. മിനി ജോസ് ചാക്കോളയാണ് 149 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചത്. കടപ്പുറം പഞ്ചായത്തിലെ 16-ാം വാര്‍ഡിലെ സിറ്റിംഗ് സീറ്റില്‍ എല്‍ഡിഎഫ് തോറ്റു. 84 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാര്‍ത്തി സുനിതാ പ്രസാദ് വിജയിച്ചത്.
7. പാലക്കാട്
തരൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡും ഓങ്ങല്ലൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡും എല്‍ഡിഎഫ് നിലനിര്‍ത്തി. തരൂരില്‍ എം.സന്ധ്യ 153 വോട്ടിന് വിജയിച്ചപ്പോള്‍ ഓങ്ങല്ലൂരില്‍ കെ അശോകന് 380 വോട്ടിന്റെ ഭൂരിപക്ഷവും സ്വന്തമാക്കി. പാലക്കാട് എരിമയൂര്‍ എരിമയൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡ് യുഡിഎഫിന് നഷ്ടമായി. സിപിഐഎം വിമത സ്ഥാനാര്‍ത്ഥിയായ ജെ. അമീര്‍ 377 വോട്ടിന് വിജയിച്ചു. ഇവിടെ സിപിഐഎം സ്ഥാനാര്‍ത്ഥി മൂന്നാമതായി.
8. മലപ്പുറം
മലപ്പുറത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന എല്ലാ വാര്‍ഡുകളിലും യുഡിഎഫ് വിജയിച്ചു. തിരുവാലി ഏഴാം വാര്‍ഡില്‍ 106 വോട്ടുകള്‍ക്കാണ് അല്ലേക്കാട് അജീസ് വിജയിച്ചത്. ഊര്‍ങ്ങാട്ടിരിയിലെ അഞ്ചാം വാര്‍ഡില്‍ സത്യന് 354 വോട്ടുകള്‍ക്ക് വിജയിച്ചു. മക്കരപറമ്പില്‍ ഒന്നാം വാര്‍ഡില്‍ സി.ഗഫൂര്‍ (മുസ്ലീം ലീഗ്) 90 വോട്ടുകള്‍ക്ക് വിജയിച്ചു. പൂക്കോട്ടൂര്‍ വാര്‍ഡ് 14ല്‍ സത്താര്‍ (മുസ്ലീം ലീഗ്) 221 വോട്ടുകള്‍ക്ക് വിജയിച്ചു. കാലടി പഞ്ചായത്ത് ആറാം വാര്‍ഡില്‍ 278 വോട്ടിന് രജിത വിജയിച്ചു.
9. കോഴിക്കോട്
കൂടരഞ്ഞി പഞ്ചായത്തിലെ കൂമ്പാറ വാര്‍ഡ് എല്‍ഡിഎഫ് നിലനിര്‍ത്തി. ആദര്‍ശ് ജോസഫിന്റെ വിജയം ഏഴ് വോട്ടിന്. ഉണ്ണിക്കുളം പഞ്ചായത്തിലെ 15 ആം വാര്‍ഡായ വള്ളിയോത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഒഎം ശശീന്ദ്രന് 530 വോട്ടിന് വിജയിച്ചു. ഇത് യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായിരുന്നു.
10. കാസര്‍ഗോഡ്
കാഞ്ഞങ്ങാട് നഗരസഭ 30-ാം വാര്‍ഡില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ ബാബു വിജയിച്ചു. 116 വോട്ടുകളുടെ ഭൂരിപക്ഷം. യുഡിഎഫ് സിറ്റിംഗ് സീറ്റായിരുന്നു ഇത്.