Top

ഹര്‍ത്താല്‍ കല്ലേറില്‍ തകര്‍ന്നത് 70 ബസുകള്‍; നഷ്ടം 50 ലക്ഷത്തില്‍ കൂടുതലെന്ന് കെഎസ്ആര്‍ടിസി

നഷ്ടങ്ങള്‍ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാന്‍ സര്‍വ്വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി.

23 Sep 2022 12:25 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഹര്‍ത്താല്‍ കല്ലേറില്‍ തകര്‍ന്നത് 70 ബസുകള്‍; നഷ്ടം 50 ലക്ഷത്തില്‍ കൂടുതലെന്ന് കെഎസ്ആര്‍ടിസി
X

ഹര്‍ത്താലിന്റെ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞ് തകര്‍ത്തത് 70 ബസുകള്‍. സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. അക്രമസംഭവങ്ങളില്‍ 11 പേര്‍ക്കും പരുക്കേറ്റു. സൗത്ത് സോണിലെ മൂന്ന് ഡ്രൈവര്‍മാര്‍ക്കും രണ്ട് കണ്ടക്ടര്‍മാര്‍ക്കും സെന്‍ട്രല്‍ സോണില്‍ മൂന്നു ഡ്രൈവര്‍മാര്‍ക്കും ഒരു യാത്രക്കാരിക്കും നോര്‍ത്ത് സോണില്‍ രണ്ട് ഡ്രൈവര്‍മാക്കുമാണ് പരുക്കേറ്റത്.

നഷ്ടം 50 ലക്ഷത്തില്‍ കൂടുതലാണെന്നാണ് കെഎസ്ആര്‍ടിസിയുടെ വിലയിരുത്തല്‍. നഷ്ടങ്ങള്‍ സംഭവിച്ചാലും പൊതുഗതാഗതം തടസപ്പെടാതിരിക്കാന്‍ സര്‍വ്വീസ് നടത്തുവാന്‍ പ്രതിജ്ഞാബദ്ധമാണെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

കെഎസ്ആര്‍ടിസി പ്രസ്താവന: ആരോട് പറയാന്‍ ...! ആര് കേള്‍ക്കാന്‍ ...? കെഎസ്ആര്‍ടിസി 2439 ബസുകള്‍ സര്‍വ്വീസ് നടത്തി; 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. 23.09.2022ന് കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തിയ 2439 ബസുകളില്‍ 70 ബസുകള്‍ കല്ലേറില്‍ തകര്‍ന്നു. സൗത്ത് സോണില്‍ 1288, സെന്‍ട്രല്‍ സോണില്‍ 781, നോര്‍ത്ത് സോണില്‍ 370 എന്നിങ്ങനെയാണ് ബസുകള്‍ സര്‍വ്വീസ് നടത്തിയത്.

അതില്‍ സൗത്ത് സോണില്‍ 30, സെന്‍ട്രല്‍ സോണില്‍ 25, നോര്‍ത്ത് സോണില്‍ 15 ബസുകളുമാണ് കല്ലേറില്‍ തകര്‍ന്നത്. കൈല്ലേറില്‍ 11 പേര്‍ക്കും പരിക്ക് പറ്റി. സൗത്ത് സോണില്‍ 3 ഡ്രൈവര്‍ 2 കണ്ടക്ടര്‍, സെന്‍ട്രല്‍ സോണില്‍ 3 ഡ്രൈവര്‍, ഒരു യാത്രക്കാരി നോര്‍ത്ത് സോണില്‍ 2 ഡ്രൈവര്‍മാക്കുമാണ് പരിക്കേറ്റത്. നാശനഷ്ടം 50 ലക്ഷം രൂപയില്‍ കൂടുമെന്നാണ് വിലയിരുത്തല്‍. ബഹു : ഹൈക്കോടതിയുടെ ഉത്തരവിന്‍പ്രകാരം പൊതുഗതാഗതം തടസ്സപ്പെടാതിരിക്കുവാന്‍ ഈ സാഹചര്യത്തിലും സര്‍വ്വീസ് നടത്തുവാന്‍ കെ.എസ്.ആര്‍.ടി.സി പ്രതിജ്ഞാബദ്ധമാണ്.

ബസുകള്‍ക്ക് നേരെ കല്ലേറ് ആരംഭിച്ചപ്പോഴും അക്രമങ്ങള്‍ നടത്തരുതെന്ന് അഭ്യര്‍ത്ഥിച്ച് കെഎസ്ആര്‍ടിസി രംഗത്തെത്തിയിരുന്നു. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ തകര്‍ക്കുന്നത് നിങ്ങളെത്തന്നെയാണ്. സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗത്തെയാണ്. ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ലെന്നും കെഎസ്ആര്‍ടിസി പറഞ്ഞിരുന്നു.

കെഎസ്ആര്‍ടിസി ഫേസ്ബുക്ക് പോസ്റ്റ്: അരുതേ ...ഞങ്ങളോട് ...പ്രതിഷേധിക്കാനും സമരം ചെയ്യാനും സ്വാതന്ത്ര്യമുള്ള, അവകാശമുള്ള നമ്മുടെ നാട് ...പക്ഷേ സമരങ്ങളുടെ കരുത്തുകാട്ടാന്‍ പലപ്പോഴും ആനവണ്ടിയെ ബലിയാടാക്കുന്ന പ്രവണത ദയവായി അവസാനിപ്പിക്കുക ...

ഇനിയും ഇത് ഞങ്ങള്‍ക്ക് താങ്ങാനാകില്ല. പ്രതിഷേധ സമരങ്ങളുടെ കരുത്തുകാട്ടാന്‍ ആനവണ്ടിയെ തെരഞ്ഞെടുക്കുന്നവര്‍ ഒന്നു മനസ്സിലാക്കുക ... നിങ്ങള്‍ തകര്‍ക്കുന്നത്... നിങ്ങളെത്തന്നെയാണ്. ഇവിടുത്തെ സാധാരണക്കാരന്റെ സഞ്ചാര മാര്‍ഗ്ഗത്തെയാണ്...ആനവണ്ടിയെ തകര്‍ത്തു കൊണ്ടുള്ള ഒരു സമരങ്ങളും ധാര്‍മ്മികമായി വിജയിക്കില്ല എന്നത് തിരിച്ചറിയുക ...ഇന്ന് പല സ്ഥലങ്ങളിലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ ക്കുനേരേയും ജീവനക്കാര്‍ക്കു നേരേയും വ്യാപകമായ അക്രമങ്ങള്‍ നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്.

Next Story