Top

കെഎസ്ആര്‍ടിസി ശമ്പള വിതരണം; 50 കോടി നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് ഈ തുക ഉപയോഗിച്ച് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു

1 Sep 2022 12:15 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെഎസ്ആര്‍ടിസി ശമ്പള വിതരണം; 50 കോടി നല്‍കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
X

കൊച്ചി: കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 50 കോടി നല്‍കുമെന്ന് കേരള സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജൂലൈ, ആഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് ഈ തുക ഉപയോഗിച്ച് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു. ജീവനക്കാര്‍ക്ക് ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ മറ്റൊരു ദിവസത്തേക്ക് വിധി പറയാന്‍ മാറ്റി.

കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിന് 103 കോടി അനുവദിക്കണമെന്നും ഓണത്തിന് മുന്‍പ് നടപടി വേണമെന്നുമുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് ഇന്നലെ ഡിവിഷന്‍ ബെഞ്ച് സ്‌റ്റേ ചെയ്തിരുന്നു. ശമ്പളം നല്‍കാന്‍ ബാധ്യതയില്ലെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്റെ നടപടി.

സെപ്തംബര്‍ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആര്‍ടിസിക്ക് നല്‍കാനായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍, വിധിക്കെതിരെ അപ്പീല്‍ നല്‍കിയത്. റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍സ് നിയമപ്രകാരം സ്ഥാപിതമായതാണ് കെഎസ്ആര്‍ടിസി. മറ്റ് ബോര്‍ഡ്, കോര്‍പ്പറേഷന്‍ സ്ഥാപനങ്ങള്‍ക്ക് കൊടുക്കുന്ന പരിഗണന മാത്രമേ കെഎസ്ആര്‍ടിസിക്ക് നല്‍കാന്‍ കഴിയൂ. ധനസഹായമടക്കമുള്ള കാര്യങ്ങളില്‍ പ്രത്യേക പരിഗണന നല്‍കാനാകില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നായിരുന്നു സര്‍ക്കാരിന്റെ ആവശ്യം.

STORY HIGHLIGHTS: Kerala Government Agrees To Give 50 Crores To KSRTC In High Court

Next Story