'40855 മരണം നടന്ന സംസ്ഥാനത്ത് നഷ്ടപരിഹാരം അനുവദിച്ചത് 548 പേര്‍ക്ക്'; പരിതാപകരമെന്ന് സുപ്രിംകോടതി
ജസ്റ്റിസ് എം ആര് ഷാ, ജസ്റ്റിസ് ബി വി നഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിമർശനം.
17 Dec 2021 2:18 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

ന്യൂഡല്‍ഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യുന്നതില്‍ കേരളത്തിലെ സാഹചര്യം പരിതാപകരമാണെന്ന് സുപ്രിംകോടതി. 40000 ത്തോളം കൊവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനത്ത് 548 പേര്‍ക്ക് മാത്രമാണ് നഷ്ടപരിഹാരം നല്‍കിയത് എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി വിമർശനം. ഒരാഴ്ചയ്ക്ക് അകം നഷ്ടപരിഹാരത്തിന് അപേക്ഷിച്ച എല്ലാവർക്കും 50000 രൂപ ധനസഹായമായി അനുവദിക്കണമെന്നും സുപ്രിംകോടതി നിർദേശിച്ചു.
ഇതുവരെ 40855 കൊവിഡ് മരണങ്ങളാണ് കേരളത്തില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഇതില്‍ 10777 പേരുടെ ബന്ധുക്കള്‍ നഷ്ടപരിഹാരത്തിനായി അപേക്ഷിച്ചു. അതില്‍ 1948 പേര്‍ക്കാണ് നഷ്ടപരിഹാരത്തിന് അര്‍ഹത ഉള്ളതായി കണ്ടെത്തിയത്. കഴിഞ്ഞ ദിവസം വരെയുള്ള കണക്കുപ്രകാരം 548 പേര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്തിട്ടുണ്ട്. മറ്റ് അപേക്ഷകള്‍ പരിശോധിക്കുകയാണെന്നുമായിരുന്നു സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചത്.
ഇതോടെ സർക്കാർ വിശദീകരണത്തില്‍ അതൃപ്തി അറിയിച്ച സുപ്രിംകോടതി സത്യവാങ്മൂലം അവ്യക്തമാണെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് എം ആര് ഷാ, ജസ്റ്റിസ് ബി വി നഗരത്ന എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റേതായിരുന്നു വിമർശനം. അര്‍ഹതപെട്ടവര്‍ക്ക് നഷ്ടപരിഹാരം വിതരണം ചെയ്യേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ ബെഞ്ച് ഒരാഴ്ച്ചയ്ക്കകം നടപടികള്‍ പൂർത്തിയാക്കി പുതിയ സത്യാവാങ്മൂലം സമർപ്പിക്കണമെന്നും ആവശ്യപ്പെട്ടു.