Top

'ബല്‍റാമിനെപ്പോലെയുള്ളവര്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്'; പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമായിരുന്നില്ലെന്ന് കെസിബിസി

'മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തർദേശീയ പഠനങ്ങൾ ഒട്ടേറെ ഉണ്ടായിട്ടുണ്ട്'

15 Jun 2022 8:44 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബല്‍റാമിനെപ്പോലെയുള്ളവര്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്; പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണമായിരുന്നില്ലെന്ന് കെസിബിസി
X

കോട്ടയം: കണ്ണൂര്‍ മയ്യില്‍ പൊലീസ് നല്‍കിയ വിവാദ സര്‍ക്കുലറില്‍ പ്രതികരണവുമായി എത്തിയ വി ടി ബല്‍റാമിനെതിരെ കേരളാ കാത്തോലിക് ബിഷപ്‌സ് കൗണ്‍സില്‍. കെപിസിസി വൈസ് പ്രസിഡന്റ് കൂടിയായ വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തികച്ചു തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണെന്നാണ് കെസിബിസി ജാഗ്രതാ സമിതിയുടെ പ്രസ്താവനയില്‍ പറയുന്നത്. പാലാ ബിഷപ്പിന്റേത് വിദ്വേഷ പ്രചാരണത്തിനുള്ള ശ്രമമായിരുന്നില്ലെന്നും കേരളം അഭിമുഖീകരിക്കുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ബോധപൂര്‍വ്വം നല്‍കിയ മുന്നറിയിപ്പാണെന്നും കെസിബിസി പറയുന്നു.

നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള വിദ്വേഷ പ്രചാരണങ്ങള്‍ക്ക് വേദിയായത് ആരാധനാലയങ്ങളാണ് എന്നായിരുന്നു വി ടി ബല്‍റാമന്റെ വിമര്‍ശനം. സാമുദായിക സൗഹാര്‍ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണം ഉന്നയിച്ച ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. പി സി ജോര്‍ജിന്റെ വിദ്വേഷ പ്രസംഗവും നടന്നത് മറ്റൊരു ആരാധനാലയത്തിലാണെന്നിരിക്കെ എന്തിനാണ് മുസ്ലിം പള്ളികള്‍ക്ക് മാത്രമായി പിണറായി വിജയന്‍ സര്‍ക്കാരിന്റെ പൊലീസിന്റെ സര്‍ക്കുലര്‍ എന്നും ബല്‍റാം ചോദിച്ചിരുന്നു.

'സാമൂഹിക സൗഹാര്‍ദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നല്‍കിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ നിര്‍ബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബല്‍റാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്. കേരളത്തില്‍ ഡീ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അത്തരം ആശങ്കകള്‍ ഉയരുന്നെങ്കില്‍ അത് തള്ളിക്കളയേണ്ടകാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങള്‍ മനഃപൂര്‍വ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്', കെസിബിസി പ്രസ്താവനയില്‍ പറഞ്ഞിരുന്നു.

അതേസമയം, സര്‍ക്കുലര്‍ അനവസരത്തില്‍ ഉള്ളതാണെന്നും സര്‍ക്കാര്‍ നയം മനസ്സിലാക്കാതെയുള്ളതാണ് ഉത്തരവെന്നും എസ്എച്ച്ഒയെ ചുമതലകളില്‍ നിന്ന് മാറ്റി നിര്‍ത്തുകയാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

വി ടി ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

കേരളത്തില്‍ ഈയടുത്ത കാലത്ത് എപ്പോഴെങ്കിലും ഏതെങ്കിലും മുസ്ലീം പള്ളികളിലെ വെള്ളിയാഴ്ച ജുമാ നമസ്‌ക്കാരത്തിന് ശേഷം 'സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്നതോ വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങള്‍' നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?

പെട്ടെന്ന് ഓര്‍മ്മയില്‍ വരുന്നില്ല.

എന്നാല്‍ പി.സി.ജോര്‍ജിനെ വെണ്ണലയിലെ ക്ഷേത്ര കമ്മിറ്റി ആദരിച്ച് ക്ഷണിച്ചുകൊണ്ടുവന്ന് പ്രസംഗിപ്പിച്ച കാര്യം കേരളം ഈയിടെ ചര്‍ച്ച ചെയ്തതാണ്. ആ പ്രസംഗത്തിലെ കണ്ടന്റ് എത്രത്തോളം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലായിരുന്നു എന്നത് ഇവിടത്തെ നിയമ സംവിധാനത്തിനുമറിയാം. അങ്ങനെയെടുത്ത കേസില്‍ ജോര്‍ജിനെ ജാമ്യത്തിലെടുത്തതും ഇതേ ക്ഷേത്ര കമ്മിറ്റിക്കാര്‍ തന്നെയായിരുന്നു എന്നും വാര്‍ത്തകളുണ്ടായിരുന്നു. അതായത് ജോര്‍ജിന്റെ പ്രസംഗത്തെ സംഘാടകര്‍ ശരിവയ്ക്കുന്നു എന്നര്‍ത്ഥം.

നാര്‍ക്കോട്ടിക് ജിഹാദ് അടക്കമുള്ള കഴമ്പില്ലാത്ത വിദ്വേഷ പ്രചരണങ്ങള്‍ക്കും വേദിയായത് ആരാധനാലയങ്ങള്‍ തന്നെയാണ്. സാമുദായിക സൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ ദുരാരോപണമുന്നയിച്ച ആ ബിഷപ്പിനെ താമസസ്ഥലത്തെത്തി സമാശ്വസിപ്പിക്കുകയായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധിയായ മന്ത്രി.

പിന്നെന്തിനാണ് മുസ്ലിം ആരാധനാലയങ്ങള്‍ക്ക് മാത്രമായി കേരള പോലീസിന്റെ ഇങ്ങനെയൊരു ഇണ്ടാസ്? ശശികലയടക്കമുള്ള വിദ്വേഷ പ്രചാരകരെ വിലക്കുന്ന രീതിയില്‍ കേരളത്തിലെ അമ്പലകമ്മിറ്റികള്‍ക്ക് നോട്ടീസ് നല്‍കാന്‍ പിണറായി വിജയന്റെ പോലീസ് തയ്യാറാകുമോ?

കെസിബിസി ജാഗ്രതാ സമിതിയുടെ പ്രസ്താവന:

വി.ടി ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ അപക്വം, അപലപനീയം

കഴിഞ്ഞ ചില ദിവസങ്ങളായി നിലനില്‍ക്കുന്ന സാമുദായിക സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ശ്രീ വി.ടി ബല്‍റാം പ്രസിദ്ധീകരിച്ച ഫേസ്ബുക്ക് പോസ്റ്റിലെ ചില പരാമര്‍ശങ്ങള്‍ തികച്ചും തെറ്റിദ്ധാരണാജനകവും പ്രതിഷേധാര്‍ഹവുമാണ്. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് ഒരു രൂപതാധ്യക്ഷന്‍ തന്റെ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെങ്കില്‍ അതൊരു വിദ്വേഷ പ്രചരണത്തിനുള്ള ശ്രമമായിരുന്നില്ല. കഴിഞ്ഞ അനേക വര്‍ഷങ്ങളായി ലോകമെമ്പാടും ചര്‍ച്ച ചെയ്യപ്പെടുകയും, ഇപ്പോള്‍ കേരളം അഭിമുഖീകരിക്കുകയും ചെയ്യുന്ന ചില പ്രതിഭാസങ്ങളുടെ പശ്ചാത്തലത്തില്‍ ബോധപൂര്‍വ്വം നല്‍കിയ മുന്നറിയിപ്പാണത്. സാമൂഹിക സൗഹാര്‍ദ്ദത്തിനും മത മൈത്രിക്കും ഏറ്റവും കൂടിയ പരിഗണന നല്‍കിയിട്ടുള്ള ക്രൈസ്തവ സമൂഹം പോലും അത്തരം ഗൗരവമുള്ള മുന്നറിയിപ്പുകള്‍ നല്‍കാന്‍ നിര്‍ബ്ബന്ധിതരാകുന്ന പശ്ചാത്തലത്തെക്കുറിച്ച് ശ്രീ. വി.ടി ബല്‍റാമിനെപ്പോലുള്ള രാഷ്ട്രീയ നേതാക്കള്‍ കൂടുതല്‍ പഠിക്കേണ്ടതുണ്ട്.

ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചും ഒട്ടേറെ മുന്നറിയിപ്പുകള്‍ ഇതിനകം നമുക്ക് ലഭിച്ചുകഴിഞ്ഞു. മുന്‍ ഡിജിപിമാര്‍ പലരും ഇക്കാര്യം തുറന്നുപറഞ്ഞിട്ടുണ്ട്. കേരളത്തില്‍ ഡീ റാഡിക്കലൈസേഷന്‍ പ്രവര്‍ത്തനങ്ങള്‍ വര്‍ഷങ്ങളായി നടക്കുന്നു എന്ന് മുഖ്യമന്ത്രി തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. വര്‍ഷങ്ങളോളം അച്ചടിച്ച് വിതരണം ചെയ്യപ്പെട്ടിട്ടുള്ള ചില ഗ്രന്ഥങ്ങള്‍ കേരളത്തില്‍ നിരോധിക്കപ്പെടുകയുണ്ടായിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുന്നു എന്ന് കണ്ടെത്തി നിരോധിക്കണമെന്ന് പോലീസ് മേധാവി ആവശ്യപ്പെട്ട 'വിജയത്തിന്റെ വാതില്‍, വാളിന്റെ തണലില്‍' എന്ന ഗ്രന്ഥം അവസാനത്തെ ഉദാഹരണമാണ്.

മയക്കുമരുന്നും തീവ്രവാദവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള അന്തര്‍ദേശീയ പഠനങ്ങള്‍ ഒട്ടേറെ ഉണ്ടായിട്ടുണ്ട്. കേരളത്തില്‍ മയക്കുമരുന്നിന്റെ ഉപഭോഗവും വിപണനവും ഭീതിജനകമാം വിധം വര്‍ദ്ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ അത്തരം ആശങ്കകള്‍ ഉയരുന്നെങ്കില്‍ അത് തള്ളിക്കളയേണ്ടകാര്യമല്ല, മറിച്ച് ഗൗരവമായി ചിന്തിക്കുകയും അന്വേഷണങ്ങള്‍ നടത്തുകയും ചെയ്യേണ്ട വിഷയമാണ്. ഇത്തരം പശ്ചാത്തലങ്ങള്‍ മനഃപൂര്‍വ്വം അവഗണിച്ചുകൊണ്ട് രാഷ്ട്രീയ മുതലെടുപ്പുകള്‍ നടത്താനുള്ള പ്രവണത നേതാക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത് അപലപനീയമാണ്.

STORY HIGHLIGHTS: Kerala catholic bishops' council against VT Balram

Next Story