Top

കെടുകാര്യസ്ഥതയുടെ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും; ചരിത്രപരമായ നടപടിയുമായി സര്‍ക്കാര്‍

ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്

18 May 2022 6:01 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കെടുകാര്യസ്ഥതയുടെ നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കും; ചരിത്രപരമായ നടപടിയുമായി സര്‍ക്കാര്‍
X

തിരുവനന്തപുരം: കെടുകാര്യസ്ഥത മൂലം സര്‍ക്കാരിന് വരുത്തുന്ന നഷ്ടം ഉദ്യോഗസ്ഥരില്‍ നിന്ന് ഈടാക്കാന്‍ തീരുമാനം. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനമുണ്ടായത്. നാലാം ഭരണ പരിഷ്‌കാര കമ്മീഷന്റെ ഒന്‍പതാം റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ മന്ത്രിസഭായോഗം അംഗീകരിക്കുകയായിരുന്നു. അഴിമതി നിരോധന നിയമപ്രകാരമുള്ള നടപടിക്ക് വിജിലന്‍സിന് കൈമാറാനും തീരുമാനമായി.

ആവശ്യമായ വിവരങ്ങള്‍ നല്‍കാന്‍ കാലതാമസം വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കും. പൊതുജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതില്‍ അഭിരുചി, യോഗ്യത, പ്രതിബദ്ധത എന്നിവയുള്ള ജീവനക്കാരെ നിയമിക്കണം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റിംഗ് പ്രോത്സാഹിപ്പിക്കും. ഓഡിറ്റ് വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കും. ഒരേ സ്ഥാപനത്തില്‍ മതിയായ കാരണം ഇല്ലാതെ വര്‍ഷത്തില്‍ ഒന്നിലധികം ഓഡിറ്റ് പാടില്ല. അക്കൗണ്ടന്റ് ജനറല്‍ ഓഡിറ്റ് നടത്തിയ സ്ഥാപനത്തില്‍ മറ്റൊരു ഏജന്‍സി ഓഡിറ്റ് നടത്തുമ്പോള്‍ എജിയുടെ അഭിപ്രായം തേടണം.

കെഎസ്ഇബി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയിലെ സേവനങ്ങള്‍ സേവനാവകാശ നിയമത്തിന്റെ കീഴിലാക്കും. സര്‍ക്കാര്‍ കക്ഷിയായ കേസുകളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ ഹിയറിംഗിന് ഹാജരാക്കുന്നത് ഉറപ്പാക്കണം. ദുര്‍ബല വിഭാഗങ്ങള്‍ക്കിടയില്‍ പരാതി പരിഹാര സംവിധാനങ്ങളെ കുറിച്ച് അവബോധം സൃഷ്ടിക്കണം എന്നിവയാണ് മറ്റ് ശുപാര്‍ശകള്‍.

STORY HIGHLIGHTS: Kerala Cabinet decides to charge Loss of mismanagement from officials

Next Story