Top

'12 ദിവസം, 51 %'; കുട്ടികളുടെ വാക്‌സിനേഷനില്‍ മുന്നേറി കേരളം

15 Jan 2022 12:41 PM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

12 ദിവസം, 51 %; കുട്ടികളുടെ വാക്‌സിനേഷനില്‍ മുന്നേറി കേരളം
X

സംസ്ഥാനത്ത് 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്കുള്ള വാക്‌സിനേഷനില്‍ മുന്നേറി കേരളം. സംസ്ഥാനത്ത് പകുതിയിലധികം കുട്ടികള്‍ക്ക് (51 ശതമാനം) കോവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കേവലം 12 ദിവസം കൊണ്ടാണ് പകുതിയിലധികം കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സാധിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആകെ 7,66,741 കുട്ടികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 97,458 ഡോസ് വാക്സിന്‍ നല്‍കിയ തൃശൂര്‍ ജില്ലയാണ് ഏറ്റവും കൂടുതല്‍ കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്. സംസ്ഥാനത്ത് ജനുവരി മൂന്നിനാണ് കുട്ടികളുടെ വാക്സിനേഷന്‍ ആരംഭിച്ചത്. ഒമിക്രോണ്‍ സാഹചര്യത്തില്‍ പരമാവധി കുട്ടികള്‍ക്ക് വേഗത്തില്‍ വാക്സിന്‍ നല്‍കാനായി പ്രത്യേക വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിച്ചാണ് വാക്സിന്‍ നല്‍കിയത്.

തിരുവനന്തപുരം 70,021, കൊല്ലം 60,597, പത്തനംതിട്ട 29,584, ആലപ്പുഴ 57,764, കോട്ടയം 47,835, ഇടുക്കി 28,571, എറണാകുളം 56,943, തൃശൂര്‍ 97,458, പാലക്കാട് 76,145, മലപ്പുറം 70,144, കോഴിക്കോട് 45,789, കണ്ണൂര്‍ 73,803, വയനാട് 24,415, കാസര്‍ഗോഡ് 27,642 എന്നിങ്ങനേയാണ് കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കിയത്.

സംസ്ഥാനത്ത് 1,67,813 പേര്‍ക്കാണ് ഇതുവരെ കരുതല്‍ ഡോസ് വാക്സിന്‍ നല്‍കിയത്. 96,946 ആരോഗ്യ പ്രവര്‍ത്തകര്‍, 26,360 കോവിഡ് മുന്നണി പോരാളികള്‍, 44,507 അറുപത് വയസ് കഴിഞ്ഞ അനുബന്ധ രോഗമുള്ളവര്‍ എന്നിവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കിയത്. 18 വയസിന് മുകളില്‍ വാക്സിന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് (2,66,24,042) ഒരു ഡോസ് വാക്സിനും 82.27 ശതമാനം പേര്‍ക്ക് (2,19,73,681) രണ്ട് ഡോസ് വാക്സിനും നല്‍കി.

അതേസമയം, കേരളത്തില്‍ വാക്സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 99.68 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്സിനും (2,66,24,042), 82.27 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്സിനും (2,19,73,681) നല്‍കിയതായും ആരോഗ്യ വകുപ്പ് അറിയിച്ചു. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്സിനേഷന്‍/ ദശലക്ഷം പേരില്‍ ഉള്ള സംസ്ഥാനം കേരളമാണ് (13,86,656).

ഇന്നത്തെ കണക്കുകള്‍ പ്രകാരം, 17,755 പുതിയ രോഗികളില്‍ 15,892 പേര്‍ വാക്സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 956 പേര്‍ ഒരു ഡോസ് വാക്സിനും 10,205 പേര്‍ രണ്ടു ഡോസ് വാക്സിനും എടുത്തിരുന്നു. എന്നാല്‍ 4731 പേര്‍ക്ക് വാക്സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

ജനുവരി 8 മുതല്‍ 14 വരെയുള്ള കാലയളവില്‍, ശരാശരി 49,136 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 1 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്സിജന്‍ കിടക്കകളും 1 ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 43,410 വര്‍ധനവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 166 ശതമാനം വര്‍ധനവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഫീല്‍ഡ് ആശുപത്രികള്‍, ഐസിയു, ഓക്സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 124%, 22%, 66%, 7%, 14% വര്‍ധിച്ചിട്ടുണ്ട്. എന്നാല്‍ വെന്റിലേറ്റര്‍ രോഗികളുടെ എണ്ണം 1% കുറഞ്ഞതായും ആരോഗ്യ വകുപ്പ് അറിയിച്ചു.

Next Story

Popular Stories