Top

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു

ലഹരി വരുദ്ധ പരിപാടികള്‍ മറ്റൊരു ദിവസം നടത്തണമെന്ന് കെസിബിസി

30 Sep 2022 5:26 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

സര്‍ക്കാരിനെ തള്ളി കെസിബിസി; ഒക്ടോബര്‍ രണ്ടിന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
X

കൊച്ചി: ഒക്ടോബര്‍ രണ്ട് ഞായറാഴ്ച കത്തോലിക്കാ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച് കെസിബിസി. ഗാന്ധിജയന്തി ദിനമായ ഞായറാഴ്ച ലഹരി വിരുദ്ധ പ്രചരണത്തിന് സ്‌കൂളുകള്‍ തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഞായറാഴ്ചയായതിനാല്‍ രൂപതകളില്‍ വിശ്വാസ പരിശീലനത്തിന്റെ ഭാഗമായുള്ള പരീക്ഷകള്‍ നടക്കുന്നതിനാലും ആചാരാനുഷ്ഠാനങ്ങളില്‍ കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും പങ്കെടുക്കേണ്ടതുള്ളതിനാലുമാണ് അവധി പ്രഖ്യാപിക്കുന്നതെന്ന് കെസിബിസി അറിയിച്ചു.

ഗാന്ധിജയന്തി ദിനത്തില്‍ അധ്യാപകരും വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിദ്യാലയങ്ങളില്‍ എത്തണമെന്നും ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കണമെന്നുമായിരുന്നു സര്‍ക്കാര്‍ നിര്‍ദേശം. ലഹരി വരുദ്ധ പരിപാടികള്‍ മറ്റൊരു ദിവസം നടത്തി സര്‍ക്കാര്‍ നിര്‍ദേശത്തോട് സഹകരിക്കണമെന്നാണ് കെസിബിസി വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെടുന്നത്.

ഞായറാഴ്ച ഔദ്യോഗിക പരിപാടികള്‍ ഒഴിവാക്കിയിരുന്ന മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഞായറാഴ്ചകളില്‍ നിര്‍ബന്ധിത പരിപാടികള്‍ നടപ്പാക്കുന്ന ശൈലി വര്‍ധിച്ചു വരികയാണെന്ന് കെസിബിസി കുറ്റപ്പെടുത്തി. ഞായറാഴ്ച പ്രവര്‍ത്തിദിവസമാക്കാനുള്ള മന്ത്രിസഭാ തീരുമാനം പിന്‍വലിക്കണമെന്ന് നേരത്തേ മലങ്കര ഓര്‍ത്തഡോക്‌സ് സഭ അസോസിയേഷന്‍ സെക്രട്ടറി അഡ്വ ബിജു ഉമ്മനും ആവശ്യപ്പെട്ടിരുന്നു.

Story Highlights: KCBC Declared Holiday For Catholic Schools October 2

Next Story