Top

'ബഫര്‍സോണ്‍ വിഷയത്തില്‍ താമസം കൂടാതെ പരിഹാരം വേണം'; സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയമെന്ന് കെസിബിസി

'സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തവും കൃത്യവുമായിരിക്കണം'

12 July 2022 12:52 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ബഫര്‍സോണ്‍ വിഷയത്തില്‍ താമസം കൂടാതെ പരിഹാരം വേണം; സര്‍ക്കാരിന്റെ ആത്മാര്‍ഥതയില്‍ സംശയമെന്ന് കെസിബിസി
X

കൊച്ചി: ബഫര്‍സോണ്‍ വിഷയത്തില്‍ സര്‍ക്കാര്‍ സമീപനത്തിലെ ആത്മാര്‍ഥത സംശയിക്കത്തക്കതാണെന്ന് കേരള കാത്തോലിക് ബിഷപ്‌സ് കൗണ്‍സില്‍. ഏറ്റവും ക്രിയാത്മകമായ നിലപാടും നടപടികളുമാണ് സര്‍ക്കാര്‍ അടിയന്തരമായി സ്വീകരിക്കേണ്ടത്. വിഷയത്തില്‍ താമസം കൂടാതെ പരിഹാരം കണ്ടെത്തണമെന്നും കെസിബിസി ആവശ്യപ്പെട്ടു.

സുപ്രീംകോടതി ഉത്തരവില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തവും കൃത്യവുമായിരിക്കണം. നിയമസഭ അംഗീകരിച്ച പ്രമേയവുമായി മുന്നോട്ട് പോവുമ്പോഴും 2019ലെ മന്ത്രിസഭാ തീരുമാനം പിന്‍വലിക്കാത്തതും യുദ്ധകാലാടിസ്ഥാനത്തില്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കാന്‍ വൈമനസ്യം കാണിക്കുന്നതും പ്രതിഷേധാത്മകമാണെന്നും കെസിബിസി പ്രസ്താവനയില്‍ പറയുന്നു.

2019ലെ ഉത്തരവ് പിന്‍വലിക്കാത്ത പക്ഷം സുപ്രീംകോടതിയില്‍ നല്‍കാനിരിക്കുന്ന പുനഃപരിശോധനാ ഹര്‍ജിയും സി ഇ സിയില്‍ നല്‍കുന്ന അപ്പീലും തള്ളാനുള്ള സാധ്യതയുണ്ട്. നിലവിലെ ബഫര്‍സോണ്‍ പ്രഖ്യാപനം പൗരന്മാര്‍ക്ക് എത്രത്തോളം ദോഷകരമാവുമെന്ന് വിശദമായ റിപ്പോര്‍ട്ട് തയ്യാറാക്കി അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇപ്പോഴുള്ള വനാതിര്‍ത്തികള്‍ ബഫര്‍സോണിന്റെ അതിര്‍ത്തിയായി പുനര്‍നിര്‍ണ്ണയിക്കണമെന്നും കെസിബിസി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

STORY HIGHLIGHTS: KCBC Against Kerala Government on Buffer Zone issue

Next Story