കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ്; ആറ് പ്രതികളുടെ ആസ്തികള്‍ മരവിപ്പിച്ചു
ബാങ്ക് ഭരണ സമിതിയുടെ അറിവോടെ 100ലധികം വ്യാജ വായ്പകള്‍ നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.
22 Nov 2021 5:20 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ ആറു പ്രതികളുടെ ആസ്തികള്‍ ക്രൈംബ്രാഞ്ച് മരവിപ്പിച്ചു. തട്ടിപ്പില്‍ നേരിട്ട് പങ്കാളികളായ ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍, മുന്‍ ബ്രാഞ്ച് മാനേജര്‍ ബിജു കരീം, സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ്, സൂപ്പര്‍മാര്‍ക്കറ്റ് അക്കൗണ്ടന്റ് ആയിരുന്ന റെജി അനില്‍, കമ്മീഷന് ഏജന്റ് ബിജോയ്, ഇടനിലക്കാരന് പി.പി കിരണ്‍ എന്നിവരുടെ ആസ്തികളാണ് മരവിപ്പിച്ചത്.
കേസിലെ മുഖ്യ സൂത്രധാരനായ കിരണില്‍ നിന്ന് കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് തട്ടിപ്പിലെ പണം ഉപയോഗിച്ച് എവിടെയെല്ലാം സ്വത്തുക്കള്‍ വാങ്ങിയതെന്ന് വ്യക്തമായത്. സിപിഐഎം നേതൃത്വത്തിലുളള 13അംഗ ഭരണ സമിതിയായിരുന്നു ബാങ്കിലുണ്ടായിരുന്നത്. തട്ടിപ്പ് പുറത്തുവന്നതോടെ ഭരണസമിതി പിരിച്ചുവിട്ടിരുന്നു.
100 കോടിയിലധികം രൂപയുടെ വായ്പ തട്ടിപ്പ് നടന്നതായാണ് സഹകരണ ജോയിന്റ് രജിസ്ട്രാറുടെ കണ്ടെത്തല്‍. ബാങ്ക് ഭരണ സമിതിയുടെ അറിവോടെ 100ലധികം വ്യാജ വായ്പകള്‍ നടത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസില്‍ 12 ഭരണസമിതി അംഗങ്ങളെ ക്രൈംബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടുണ്ട്. എന്നാല്‍ ഇനിയും കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്.
- TAGS:
- Karuvannur bank scam