Top

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍, അംഗത്വം പോലുമല്ലാത്ത കിരണ്‍ വായ്പയായി സ്വന്തമാക്കിയത് 22 കോടിയോളം

തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ കിരണിനെ പാലക്കാട് കൊല്ലങ്കോട് നിന്നാണ് പിടികൂടിയത്.

15 Nov 2021 11:39 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുഖ്യപ്രതി പിടിയില്‍, അംഗത്വം പോലുമല്ലാത്ത കിരണ്‍ വായ്പയായി സ്വന്തമാക്കിയത് 22 കോടിയോളം
X

വിവാദമായ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി കിരണ്‍ പിടിയില്‍. ബാങ്കിലെ ഒട്ടുമിക്ക തട്ടിപ്പുകളുടെയും ഇടനിലക്കാരനാണ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പെരിഞ്ഞനം പള്ളത്ത് കിരണ്‍ ആണ് അറസ്റ്റിലായത്. ബാങ്കില്‍ അംഗത്വം പോലുമില്ലാത്ത കിരണ്‍ തന്റെ പേരിലും ബിനാമി പേരുകളിലുമായി 22 കോടിയോളം രൂപ വായ്പയെടുത്തിട്ടുണ്ടെന്നാണു റിപ്പോര്‍ട്ട്. തട്ടിപ്പ് വിവരം പുറത്ത് വന്നതിന് പിന്നാലെ ഒളിവില്‍ പോയ കിരണിനെ പാലക്കാട് കൊല്ലങ്കോട് നിന്നാണ് പിടികൂടിയത്. ഇതോടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പ്രതിപട്ടികയിലുള്ള മുന്‍ ഭരണ സമിതിയിലെ രണ്ട് പേരെ കൂടി മാത്രമാണ് പിടികൂടാനുള്ളത്.

കരുവന്നൂര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ ഓഡിറ്റ് പരിശോധനാ സംഘവും പിന്നീട് ക്രൈംബ്രാഞ്ചും മുഖ്യ ഇടനിലക്കാരന്‍ എന്ന് കണ്ടെത്തിയ വ്യക്തിയാണ് പെരിഞ്ഞനം പള്ളത്ത് കിരണ്‍. ബാങ്കില്‍ അംഗത്വം പോലുമില്ലാതെ കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. കിരണിന്റെ പേരില്‍ 50 ലക്ഷം രൂപയുടെ ഒരു വായ്പയും 45 ബെനാമി വായ്പകളുമുണ്ട്. ഇതില്‍ പലതും 50 ലക്ഷം രൂപ വീതം എടുത്തവയാണ്. കിരണ്‍ മൂലം ബാങ്കിനുണ്ടായത് ആകെ 22.85 കോടി രൂപയുടെ ബാധ്യതയാണ് എന്നാണ് വിവരം. കിരണിന്റെ ബിസിനസ് പങ്കാളികളുടെയും ബന്ധുക്കളുടെയും പേരിലാണു പല വായ്പകളും. ഇവയ്‌ക്കൊന്നും കൃത്യമായ ഈടു രേഖകളില്ലെന്നതും ശ്രദ്ധേയമാണ്.

ക്രമക്കേട് കണ്ടെത്തിയ ഓഡിറ്റിനിടെ പരിശോധനാ സംഘം ആദ്യഘട്ടത്തില്‍ കിരണിനോടു വിവരങ്ങള്‍ തേടിയിരുന്നു എന്നാണ് വിവരം. എന്നാല്‍ ബിനാമി വായ്പകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ ഇയാള്‍ തയാറായില്ല. ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിച്ചപ്പോള്‍ കോടിക്കണക്കിനു രൂപയുടെ ഇടപാടുകള്‍ നടന്നതായി കണ്ടെത്തുകയായിരുന്നു. തട്ടിപ്പ് കേസിലെ മറ്റ് പ്രതികളുമായി ചേര്‍ന്നു ബിസിനസ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ മുന്‍കൈ എടുത്തതും കിരണ്‍ ആണെന്നാണ് വിലയിരുത്തല്‍.

Next Story