Top

ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വീണ്ടും കാന്തപുരം; മുഖ്യമന്ത്രിയെ കാണും

കൂടിക്കാഴ്ച്ച ഫലം കാണുമോ എന്നും വഹാബ് വിഭാഗം അനുനയിക്കപ്പെടുമോ എന്നുമാണ് കാന്തപുരത്തിന്റെ ഇടപെടലില്‍ കണ്ടറിയേണ്ടത്.

18 Feb 2022 5:19 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ വീണ്ടും കാന്തപുരം; മുഖ്യമന്ത്രിയെ കാണും
X

ഐഎന്‍എല്ലിലെ പിളര്‍പ്പ് ഒഴിവാക്കാന്‍ ഇടപെടലുമായി കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍ വീണ്ടും രംഗത്ത്. ഇതുസംബന്ധിച്ച് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ കാന്തപുരവുമായി ചര്‍ച്ച നടത്തി. തിരുവനന്തപുരത്ത് ഇന്ന് രാവിലെയായിരുന്നു ഇരുവരും കൂടിക്കാഴ്ച്ച നടത്തിയത്. സമവായ സാധ്യതകളാണ് ഇരുവരും ചര്‍ച്ച ചെയ്തതെന്നാണ് സൂചന. വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനായി വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി കാന്തപുരം കൂടിക്കാഴ്ച്ച നടത്തു. കൂടിക്കാഴ്ച്ച ഫലം കാണുമോ എന്നും വഹാബ് വിഭാഗം അനുനയിക്കപ്പെടുമോ എന്നുമാണ് കാന്തപുരത്തിന്റെ ഇടപെടലില്‍ കണ്ടറിയേണ്ടത്.

അതേസമയം, ഐഎന്‍എല്ലിലെ തര്‍ക്കം സിപിഐഎം നേതൃത്വത്തിന് തലവേദനയായി മാറിയിട്ടുണ്ട്. തര്‍ക്കം പരിഹരിച്ച് ഇരുപക്ഷവും ഒത്തൊരുമിച്ച് മുന്നോട്ടുപോകണമെന്ന നിലപാടില്‍ തന്നെയാണ് സിപിഐഎം. അതിനിടെ പിളര്‍ന്നുമാറിയ ഐ എന്‍ എല്‍ ഇരുവിഭാഗവും ഇടതുമുന്നണിയുടെ പിന്തുണ ഉറപ്പിക്കാന്‍ ശ്രമം ആരംഭിച്ചു. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂറും മന്ത്രി അഹമ്മദ് ദേവര്‍കോവിലും ഭാവി പരിപാടികള്‍ ഇന്ന് ചര്‍ച്ച ചെയ്യും. തിരുവനന്തപരുത്ത് വെച്ച് സിപിഎം നേതാക്കളെ കാണുന്നതും പരിഗണനയിലുണ്ട്. എ പി അബ്ദുല്‍ വഹാബും അടുത്ത ദിവസം മുഖ്യമന്ത്രിയെ കാണ്ടേക്കും.

കൂടെയുണ്ടെന്ന് കരുതിയവരെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതിന്റെ ആത്മവിശ്വാസത്തിലാണ് എപി അബ്ദുള്‍ വഹാബ്. സംസ്ഥാന കൗണ്‍സിലും കമ്മറ്റിയും പിരിച്ച് വിട്ട് അഡ്‌ഹോക്ക് കമ്മറ്റിയുടെ നിയന്ത്രണത്തിലാക്കിയ ദേശീയ നേതൃത്വത്തിന്റെ തീരുമാനം ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗം തള്ളിയിരുന്നു. അബ്ദുള്‍ വഹാബിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. പുതിയ സംസ്ഥാന കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

ഉടന്‍ തന്നെ മെമ്പര്‍ഷിപ്പ് ക്യാമ്പയിനിലേക്ക് കടക്കും. ഇന്നലെ 77 പേരാണ് കൗണ്‍സില്‍ യോഗം ചൂണ്ടിക്കാട്ടി ഘടകകക്ഷിയെന്ന നിലയില്‍ പാര്‍ട്ടി തനിക്കൊപ്പമാണെന്ന് വഹാബ് ഇടതുമുന്നണിയെ അറിയിക്കാനാണ് സാധ്യത. അതേസമയം, ദേശീയ നേതൃത്വത്തിന്റെ പിന്തുണയും പാര്‍ട്ടിയുടെ ഏക എംഎല്‍എയും മന്ത്രിയുമായ അഹമ്മദ് ദേവര്‍ കോവിലിന്റെ പിന്തുണയുമാണ് കാസിം ഇരിക്കൂറിന്റെ കരുത്ത്. അഹമ്മദ് ദേവര്‍ കോവില്‍ തന്നെയാണ് അഡ്‌ഹോക്ക് കമ്മറ്റിയുടെ ചെയര്‍മാനും. ഇത് മുന്‍ നിര്‍ത്തി ഔദ്യോഗിക വിഭാഗം തങ്ങളാണെന്ന് അവകാശപ്പെടാനും കാസിം ഇരിക്കൂറിന് കഴിയുമെന്ന പ്രതീക്ഷയും അവര്‍ക്കുണ്ട്. ഔദ്യോഗിക പക്ഷം തങ്ങളുടേതാണെന്ന് ഇരുവിഭാഗവും അവകാശം ഇതിനകം ഉന്നയിച്ചതോടെ കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമാകും തീരുമാനം എടുക്കുക. പ്രശ്‌നത്തില്‍ നിഷ്പക്ഷത തുടരുന്ന ഇടതുമുന്നണി ആരെ അംഗീകരിക്കുമെന്നത് ഇരുവിഭാഗത്തേയും അസ്വസ്ഥമാക്കുന്നുണ്ട്.

STORY HIGHLIGHTS: Kanthapuram will meet the Chief Minister today

Next Story