Top

ഓഡിറ്റോറിയത്തിൽ തിക്കും തിരക്കും; കല്ല്യാണത്തിന് വന്ന പെൺകുട്ടിയുടെ മുടി മുറിച്ച് മാറ്റി

20 സെന്റീ മീറ്ററിലധികം മുടി നഷ്ടപ്പെട്ടതായാണ് പരാതി

3 Jan 2023 5:10 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഓഡിറ്റോറിയത്തിൽ തിക്കും തിരക്കും;  കല്ല്യാണത്തിന് വന്ന  പെൺകുട്ടിയുടെ മുടി മുറിച്ച് മാറ്റി
X

കണ്ണൂർ: കല്ല്യാണം കൂടാനെത്തിയ പെൺകുട്ടിയുടെ മുടി ഓടിറ്റോറിയത്തിലെ തിരക്കിനിടയിൽ മുറിച്ചു മാറ്റിയെന്ന് പരാതി. കരിവള്ളൂർ സ്വദേശിയായ 20 കാരിയുടെ നീണ്ട മുടിയാണ് മുറിച്ച് മാറ്റിയത്. 20 സെന്റീ മീറ്ററിലധികം മുടി നഷ്ടപ്പെട്ടതായാണ് പരാതി.

ശനിയാഴ്ച ആണൂരിലെ ഓഡിറ്റോറിയത്തിൽ കല്ല്യാണം കൂടാൻ എത്തിയതാണ് പെൺകുട്ടിയും അമ്മയും. തിരക്കേറിയ ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു സംഭവം. കല്ല്യാണം കഴിഞ്ഞ് അമ്മയോടെപ്പം വീട്ടിലെത്തിയപ്പോഴാണ് മുടി മുറിച്ച് മാറ്റിയ വിവരം പെൺകുട്ടി മനസിലാക്കിയത്. മുടി നഷ്ടപെട്ട വേദനയിലാണ് പെൺകുട്ടിയും വീട്ടുകാരും.

ഓഡിറ്റോറിയത്തിലെ ഭക്ഷണ ശാലയിൽ വലിയ തിരക്ക് ഉണ്ടായിരുന്നു എന്നാണ് പറയുന്നത്. പെൺകുട്ടിയും പിതാവും അന്വേഷിച്ചെത്തിയപ്പോൾ ഭക്ഷണശാലയുടെ സമീപത്ത് നിന്ന് മുറിച്ച് മാറ്റിയ മുടി കണ്ടെത്തി. ഓഡിറ്റോറിയത്തിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ സിസിടിവി പ്രവർത്തിക്കുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ മാതാപിതാക്കൾ പയ്യന്നൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൂടാതെ മുടി മാഫിയയെ കുറിച്ച് ഗൗരവത്തോടെ അന്വേഷിക്കണെമന്നും പൊലീസിനോട് മാതാപിതാക്കൾ ആവശ്യപ്പെട്ടു.

STORY HIGHLIGHTS: kannur wedding auditourium rush hair cut

Next Story